മലയാളസിനിമാ ചരിത്രത്തിൽ സുവർണ്ണലിപികളാൽ എഴുതിച്ചേർക്കപ്പെട്ട സിനിമകളിലൊന്നാണ് ‘ഒരു വടക്കൻ വീരഗാഥ’. വടക്കൻ പാട്ടുകളിലെ ചന്തുവിന്റെ ജീവിതം മലയാളത്തിന്റെ എക്കാലത്തെയും പ്രിയപ്പെട്ട എഴുത്തുകാരൻ എം.ടിയുടെ തൂലികയിൽ തിരക്കഥയായപ്പോൾ ഹരിഹരൻ എന്ന പ്രതിഭാശാലിയുടെ സംവിധാന മികവുകൊണ്ടും സാങ്കേതിക മികവുകൊണ്ടും അഭിനേതാക്കളുടെ ഗംഭീര പ്രകടനങ്ങൾകൊണ്ടുമൊക്കെ ക്ലാസിക്ക് ചിത്രങ്ങളുടെ പട്ടികയിൽ ഇടം നേടി. മലയാളത്തിന്റെ മഹാനടന് ദേശീയ പുര്സ്ക്കാരം നേടിക്കൊടുത്ത ചിത്രം കൂടിയാണ് വടക്കൻ വീരഗാഥ. മലയാളത്തിന് ഒരുപിടി മികച്ച സിനിമകൾ സംഭാവന ചെയ്ത ഗൃഹലക്ഷ്മി പ്രൊഡക്ഷൻസാണ് ഈ സിനിമ നിർമ്മിച്ചത്. എണ്ണമറ്റ പുരസ്‌ക്കാരങ്ങൾ സ്വന്തമാക്കിയ വടക്കൻ വീരഗാഥ ബോക്സ് ഓഫീസിലും മികച്ച വിജയം കരസ്ഥമാക്കിയിരുന്നു. ‘ഒരു വടക്കൻ വീരഗാഥ 25 വർഷങ്ങൾ’ എന്ന പേരിൽ മാതൃഭൂമി ബുക്സ് 2015 ൽ പുറത്തിറക്കിയ പുസ്തകം ഈ മഹത്തായ കലാസൃഷ്ടിയുടെ അരങ്ങിലും അണിയറയിലും പ്രവർത്തിച്ചവരുടെ ഓർമ്മക്കുറിപ്പുകൾ നിറഞ്ഞതാണ്.
രാജീവ് മാങ്കോട്ടിക്കൽ രചിച്ച പുസ്തകത്തിൽ ഒരു വടക്കൻ വീരഗാഥയുടെ പ്രിവ്യു ഷോയെക്കുറിച്ചുള്ള ഓർമ്മകൾ സംവിധായകൻ പങ്കുവെയ്ക്കുന്നത് ഇങ്ങനെ -“ഒരു സിനിമയ്ക്ക് പിന്നിലുള്ള പ്രയത്നങ്ങളുടെ ആദ്യ ഫലം അറിയുന്ന നാളാണ് പ്രിവ്യു.അന്ന് അഭിനന്ദനങ്ങളുടേയും പഴികളുടേയും ദിനം കൂടിയാണ്. വീരഗാഥയെ സംബന്ധിച്ചടത്തോളം എനിക്ക് ടെൻഷൻ ഒന്നും ഉണ്ടായിരുന്നില്ല.സിനിമ കണ്ട് ആദ്യം എം.ടിയാണ് പറഞ്ഞത് അദ്ദേഹം മനസ്സിൽ കണ്ടതെല്ലാം കയ്യടക്കത്തോടെ മനോഹരമായി കൺസീവ് ചെയ്‌തെന്നും ഇത്തരത്തിൽ അതിനെ രൂപപ്പെടുത്തിയത് അത്ഭുതപ്പെടുത്തിയെന്നും.ബാലു മഹേന്ദ്ര പിന്നീട് പറഞ്ഞു, അമ്പത് വർഷത്തെ മലയാള സിനിമയുടെ വളർച്ചയാണ് വടക്കൻ വീരഗാഥ എന്ന്. മമ്മൂട്ടി വളരെ സന്തോഷവാനായിരുന്നു. അദ്ദേഹത്തിന്റെ ഒരു ഷോട്ട് പോലും കട്ട് ചെയ്യാതെ ഉപയോഗിച്ചു എന്നത് അദ്ദേഹത്തിന് സന്തോഷവും അഭിമാനവും നൽകി”