ക്രിസ്തുമസ് നവവത്സരക്കാലം സിനിമാ മേഖലയ്ക്കും ചലച്ചിത്ര പ്രേമികൾക്കും പ്രിയപ്പെട്ടതാണ്.വമ്പൻ ചിത്രങ്ങൾ അടക്കം നിരവധി സിനിമകൾ വെള്ളിത്തിരയിലെത്തുന്ന കാലം കൂടിയാണിത്.ക്രിസ്തുമസ്-ന്യൂഇയർ വിപണി ലക്ഷ്യമിട്ട് നിരവധി മലയാളം, തമിഴ്, ഹിന്ദി സിനിമകളാണ് റിലീസിന് ഒരുങ്ങുന്നത്. ഒടിയൻ, ഞാൻ പ്രകാശൻ,തട്ടിൻ പുറത്തു അച്യുതൻ, പ്രേതം-2, എന്റെ ഉമ്മാന്റെ പേര് തുടങ്ങിയ സിനിമകൾ പ്രദർശനത്തിന് തയ്യാറായിക്കഴിഞ്ഞു. ഇവയിൽ പലതിനും വലിയ പ്രേക്ഷക പ്രതീക്ഷകൾ സൃഷ്ടിക്കുവാനും സാധിച്ചിട്ടുണ്ട്.മെഗാ സ്റ്റാറിന്റെ ഏറെ പ്രതീക്ഷ ഉണർത്തുന്ന പേരൻപ്, യാത്ര എന്നീ ചിത്രങ്ങളുടെ റിലീസ് സംബന്ധിച്ച് തീരുമാനം ആയിട്ടില്ല.മാരി-2, സീറോ, അക്വ മാൻ, കെ.ജി.എഫ് തുടങ്ങിയ അന്യ ഭാഷാ സിനിമകളും റിലീസിനൊരുങ്ങുന്നു. തമിഴ്, ഹിന്ദി സിനിമകൾ കേരളത്തിലും ഹിന്ദി ചിത്രങ്ങൾ തമിഴ് നാട്ടിലും റിലീസ് ചെയ്യുമ്പോൾ തീയേറ്ററുകളുടെ ദൗർലഭ്യം പ്രശ്നമാകും. ഏറ്റവും മികച്ച ചിത്രങ്ങൾ നേട്ടം ഉണ്ടാക്കുമ്പോൾ ശരാശരി അഭിപ്രായം നേടുന്ന സിനിമകൾക്ക് ബോക്സ് ഓഫീസിൽ അടി തെറ്റാനുള്ള സാധ്യത കൂടുതലാണ്. എന്തായാലും സിനിമാപ്രേമികൾക്ക് ഡിസംബർ, ജനുവരി മാസങ്ങൾ വ്യത്യസ്ത തരം സിനിമകളുടെ ചാകരയാണ് സമ്മാനിക്കാൻ പോകുന്നത്.