അബ്രഹാമിന്റെ സന്തതികളുടെ ഷൂട്ടിംഗ് നടക്കുമ്പോഴും പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിക്കുമ്പോഴുമൊന്നും ഷാജി പാടൂർ എന്ന നവാഗതസംവിധായകനെയും ദി ഗ്രേറ്റ് ഫാദർ ഒരുക്കിയ ഹനീഫ് അദേനിയെയും മാധ്യമങ്ങൾക്കു മുൻപിൽ എവിടെയും കണ്ടില്ല. പിന്നീട് മമ്മൂട്ടി ടൈംസ് സ്പെഷ്യൽ പതിപ്പിനും യൂട്യൂബ് ചാനലിനും വേണ്ടിയുള്ള ഇന്റർവ്വ്യു നടക്കുമ്പോഴും ഹനീഫ് അദേനി ഒഴിഞ്ഞുമാറി. ഷാജി പാടൂരാകട്ടെ ക്യാമറക്കു മുൻപിൽ ഒന്ന് ഇരുന്നു എന്ന് വരുത്തിത്തീർത്തു. അതും നിർമ്മാതാവ് ജോബി ജോർജ്ജ് നിർബന്ധിച്ചപ്പോൾ. ക്യാമറക്കു മുൻപിൽ ഒന്നിനും വ്യക്തമായ ഒരു മറുപടി ഷാജി പറഞ്ഞില്ല. ഒരു തരം ആത്മവിശ്വാസക്കുറവാണോ അതെന്ന് ഒരുവേള സംശയിച്ചുപോയി. മഗസിനിലേക്കുള്ള ഇന്റർവ്വ്യു പിന്നീട് ഒന്നുരണ്ടുവട്ടം ഫോണിൽ വിളിച്ച് ആ വായിൽ നിന്ന് എന്തെങ്കിലുമൊക്കെ പുറത്തു ചാടിച്ചാണ് എഴുതിയുണ്ടാക്കിയത്. അപ്പോഴുംസിനിമയെക്കുറിച്ചൊന്നും വിട്ടു പറയാൻ ഷാജി തയ്യാറായില്ല. ഒരു സ്റ്റെയിലിഷ് എന്റർട്ടെയിനറായിരിക്കും സിനിമ എന്ന് ഷാജി ഉറപ്പു പറഞ്ഞു. വർഷങ്ങളായി അസോസിയേറ്റായി പ്രവർത്തിക്കുമ്പോഴേ ഷാജിയെ അറിയാം. മമ്മൂക്ക പടങ്ങളിലെ സ്ഥിരം സാന്നിധ്യം. സൗഹൃദ സംഭാഷണങ്ങളിലും മിതത്വം പാലിക്കുന്ന പ്രകൃതം. അബ്രഹാമിന്റെ ലൊക്കഷനിൽ വച്ച് രണ്ടുമൂന്നു തവണ കണ്ടപ്പോഴും സിനിമയെക്കുറിച്ചല്ല; സൗഹൃദ ഭാഷണം എന്ന നിലയ്ക്കായിരുന്നു സംസാരം. പക്ഷേ ഒരു കൈയിൽ എരിയുന്ന സിഗരറ്റുമായി നിൽക്കുന്ന ഷാജിയുടെ കണ്ണുകളിൽ കണ്ട ആ തിളക്കം വലിയൊരു ആത്മവിശ്വാസത്തിന്റേതായിരുന്നു. മമ്മൂട്ടിയെപ്പോലൊരു മെഗാസ്റ്റാറിന്റെ ഓപ്പൺ ഡേറ്റ് ഉണ്ടായിട്ടും പല തവണ ഒരു സിനിമ സ്വന്തമായി ചെയ്യാൻ മമ്മൂട്ടി തന്നെ നിർബന്ധിച്ചിട്ടും ഷാജി മാറിനിന്നത് തന്റെ മനസ്സിനിണങ്ങിയ ഒരു കഥ ലഭിക്കുന്നതിനുവേണ്ടിയായിരുന്നു. ദി ഗ്രേറ്റ് ഗാദറിൽ അസോസിയേറ്റായി പ്രവർത്തിക്കുന്ന സമയത്ത് ഒന്നിച്ചുള്ള യാത്രയിലാണ് ഹനീഫ് അബ്രഹാമിന്റെ ത്രെഡ് ഷാജിയോട് പറയുന്നത്. ത്രെഡ് കേട്ടപ്പോഴേ ഷാജി മനസ്സിൽ കരുതി, ഇതു തന്നെ തനിക്കായി കരുതിവച്ച സിനിമ എന്ന്. അതായിരുന്നു തുടക്കം.
പിന്നീട് നടന്നതെല്ലാം ഒരു നിമിത്തം പോലെ … മമ്മൂട്ടിയോട് കഥ പറയുന്നു, കഥ ഇഷ്ടപ്പെട്ട മമ്മൂട്ടി തന്നെ ജോബി ജോർജ്ജിനെ നിർമ്മാതാവായി ക്ഷണിക്കുന്നു.
സിനിമയുടെ ഇടവേളകളിൽ മാത്രമല്ല, ഓഡിയോ ലോഞ്ചിലും ചാനൽ പ്രമോഷനിലും മിണ്ടാതിരുന്ന ഷാജിയും ഹനീഫും ഒരു കാര്യം അടിവരയിട്ടു തെളിയിച്ചു, വാക്കിലല്ല പ്രവൃത്തിയിലാണു കാര്യമെന്ന്
അതെ, സിനിമ കഴിഞ്ഞിറങ്ങുമ്പോൾ എന്തുകൊണ്ട് തങ്ങൾ പല കാര്യങ്ങളും മറച്ചുവച്ചു എന്നും ട്രെയിലറിൽ പോലും എന്തുകൊണ്ട് ചില നിഗൂഢതകൾ കൊണ്ടുവന്നു എന്നതിനുമുള്ള ഉത്തരമാണു ഈ സിനിമയുടെ അവസാനത്തെ അരമണിക്കൂർ.
ഓരോ ഫ്രെയിമിലും പരിചയസമ്പന്നനായ ഒരു സംവിധായകന്റെ കൈയൊപ്പ് നമുക്ക് കാണാം. ഷോട്ടുകളിൽ തന്റെ ഗുരുവായ ജോഷിയുടെ മേക്കിംഗ് രീതി കൊണ്ടുവന്നത് ഗുരുവിനുള്ള ദക്ഷിണയുമാകാം. മലയാളസിനിമയ്ക്ക് കഴിവുള്ള ഒരു സംവിധായകനെ കൂടി ലഭിച്ചിരിക്കുന്നു. ഇതിനു നമ്മൾ മമ്മൂട്ടിയോടും കടപ്പെടണം. നവാഗതരെ പ്രോൽസാഹിപ്പിക്കാനുള്ള ആ മനസ്സും ഷാജിയുടെ കഴിവ് തിരിച്ചറിഞ്ഞ് അയാളെ സംവിധാനം ചെയ്യാൻ നിർബന്ധിക്കുകയും ചെയ്ത, അതിനായി വിലപിടിപ്പുള്ള തന്റെ ഡേറ്റ് ഓപ്പൺ ഡേറ്റായി നൽകുകൂം ചെയ്ത ഡെറിക് അബ്രഹാമായി അവതരിച്ച ആ മഹാനടനോട് നമുക്ക് നന്ദി പറയാം…. അൻവർ റഷെദിനെപ്പോലെ, അമൽ നീരദിനെപ്പോലെ, ലാൽ ജോസിനെപ്പോലെ, വൈശാഖിനെപ്പോലെ, മാർട്ടിൻ പ്രക്കാട്ടിനെപ്പോലെ, ഹനീഫ് അദേനിയെപ്പോലെ കഴിവുള്ള ഒരു സംവിധായകനെ മലയാളത്തിനു സമ്മാനിച്ചതിന്…!