അന്താരാഷ്ട്ര തലത്തിൽ മലയാള സിനിമയുടെ മാർക്കറ്റ് റെക്കോർഡ് നേട്ടത്തിലേക്ക് ഉയർത്തുകയാണ് മമ്മൂട്ടി നായകനാകുന്ന ബ്രഹ്മാണ്ഡ ചരിത്ര സിനിമയായ മാമാങ്കം. ഇതിനകം 45 രാജ്യങ്ങളിൽ പ്രദർശനത്തിന് കരാറായ ഈ ചിത്രം ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം മലേഷ്യയിൽ ആദ്യമായി വൈഡ് റിലീസ് ലഭിക്കുന്ന മലയാള സിനിമ എന്ന നേട്ടം കൂടി കൈവരിക്കാൻ പോവുകയാണ്. നാമമാത്രമായ മലയാള സിനിമകളാണ് മലേഷ്യയിൽ റിലീസ് ചെയ്തിട്ടുള്ളത്. അതും വേൾഡ് വൈഡ് റിലീസായി വരുന്ന ഒരു ചിത്രം അതേ ദിവസം മലേഷ്യയിൽ റിലീസാകുന്നത് ഇതാദ്യമായിരിക്കും. ജിസിസി വിതരണക്കാരായ ഫാർസ് ഫിലിംസുമായി സഹകരിച്ചു മലേഷ്യയിലെ DMY ഫിലിംസാണ് ചിത്രം അവിടെ വിതരണം ചെയ്യുന്നത്.
ഇതോടൊപ്പം ശ്രീലങ്കയിൽ കൂടി റിലീസ് ചെയ്യാനായുള്ള ചർച്ചകളും നടന്നുകൊണ്ടിരിക്കുകയാണ്. അങ്ങിനെയെങ്കിൽ മൊത്തം 47 രാജ്യങ്ങളിൽ മാമാങ്കം ഒരേസമയം റിലീസ് ചെയ്യും. ഇത് മലയാള സിനിമയ്ക്ക് പുതിയ റെക്കോർഡ് ആയി മാറുകയാണ്.
യു കെ യിലും യൂറോപ്പിലുമായി 14 ലൊക്കേഷനിലാണ് മാമാങ്കം റിലീസ് ചെയ്യുന്നത്. ആസ്‌ട്രേലിയയിൽ 35 ലൊക്കേഷനിലാണ് മാമാങ്കം എത്തുന്നത്. വിജയ് ചിത്രമായ ബിഗിൽ പോലും 34 ലൊക്കേഷനിലാണ് ഇവിടെ റിലീസ് ചെയ്തത്.
യു എസ് എ യിൽ നൂറോളം ലൊക്കേഷനിലാണ് റിലീസ് പ്ലാൻ ചെയ്യുന്നത്. 58 ലൊക്കേഷൻ എന്ന നിലവിൽ ലൂസിഫറിന്റെ റെക്കോർഡ് ഇവിടെ മറികടക്കും.
കാനഡയിൽ 36 ലൊക്കേഷനിലാണ് മാമാങ്കം റിലീസ് ചെയ്യുന്നത്.
കാവ്യാ ഫിലിംസിന്റെ ബാനറിൽ വേണു കുന്നപ്പിള്ളി നിർമ്മിച്ച് എം പദ്മകുമാർ സംവിധാനം ചെയ്ത മാമാങ്കം ഡിസംബർ 12-നു ലോകാവ്യോമാകമായി റിലീസ് ചെയ്യും. മലയാളത്തിനു പുറമെ തമിഴ് തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം പ്രദർശനത്തിനെത്തും.