തെലുങ്കിലെ പ്രശസ്ത നിർമ്മാതാവും അല്ലു അർജുന്റെ അച്ഛനുമാണ് അല്ലു അരവിന്ദ്. മമ്മൂട്ടി നായകനായ മാമാങ്കം തെലുങ്കിൽ വിതരണം ഏറ്റെടുത്തിരിക്കുന്നത് അല്ലു അരവിന്ദിന്റെ വിതരണക്കമ്പനിയായ ഗീത ആർട്സാണ്. മലയാളത്തിലെ പോലെ വമ്പൻ റിലീസാണ് തെലുങ്കിലും ഗീത ആർട്സ് പ്ലാൻ ചെയ്യുന്നത്.
കഴിഞ്ഞ ദിവസം ആന്ധ്രയിൽ മാമാങ്കം തെലുങ്ക് പതിപ്പിന്റെ ട്രെയ്‌ലർ ലോഞ്ചും പ്രെസ്സ് മീറ്റും സംഘടിപ്പിച്ചിരുന്നു. അല്ലു അരവിന്ദ്, മമ്മൂട്ടിയോടോപ്പമുള്ള രസകരമായ ഒരു അനുഭവം ആ വേദിയിൽ പങ്കുവെച്ചു.
മമ്മൂട്ടിയെ ഒരു തെലുങ്ക് ചിത്രത്തിലേക്ക് വില്ലനായി ക്ഷണിച്ചതും അതിനു മമ്മൂട്ടി കൊടുത്ത രസകരമായ മറുപടിയുമാണ് അദ്ദേഹം ആ വേദിയിൽ പങ്കുവച്ചത്.
പവൻ കല്യാൺ നായകനായ ഒരു ചിത്രത്തിൽ വില്ലനായി അഭിനയിക്കാൻ മമ്മൂട്ടിയെ ക്ഷണിച്ച അല്ലു അരവിന്ദിനോട് “ഈ റോളിലേക്ക് താങ്കൾ ചിരഞ്ജീവിയെ കാസ്റ്റ് ചെയ്യുമോ? ” എന്ന മറു ചോദ്യമാണ് മമ്മൂട്ടി ചോദിച്ചത്.
“ഇല്ല” എന്നായിരുന്നു അല്ലു അരവിന്ദിന്റെ മറുപടി.
പിന്നെ എന്തിനു തന്നെ സമീപിച്ചു എന്ന മമ്മൂട്ടിയുടെ ചോദ്യത്തിന് മുന്നിൽ താൻ ഉത്തരം മുട്ടിപ്പോയെന്നും അപ്പോഴാണ് മമ്മൂട്ടി എന്നമെഗാസ്റ്റാറിന്റെ വില ശരിക്കും മനസ്സിലാക്കിയത് എന്നും അല്ലു അരവിന്ദ് പറഞ്ഞു.
എത്ര പണം ഓഫർ ചെയ്താലും തന്റെ പദവി വിട്ടുള്ള ഒരു കളിയ്ക്കും മമ്മൂട്ടിയെ കിട്ടില്ല എന്ന തമിഴരും തെലുങ്കരുമൊക്കെ മുൻപേ മനസ്സിലാക്കിയതാണ്. ഹിന്ദിയിൽ പോലും നായകനായാണ് മമ്മൂട്ടി അഭിനയിച്ചത്. സഹനടൻ റോളും വില്ലൻ വേഷവും അച്ഛൻ റോളുമൊന്നും അദ്ദേഹം പണത്തിനു വേണ്ടി അന്യഭാഷകളിൽ സ്വീകരിച്ചിട്ടില്ല എന്ന കാര്യം ഇപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയാണ് അദ്ദേഹത്തിന്റെ ആരാധകർ.
