നാല് പതിറ്റാണ്ടുകൾ പിന്നിടുന്ന അഭിനയ സപര്യയിൽ വൈവിധ്യമാർന്ന അസംഖ്യം വേഷപ്പകർച്ചകളിലൂടെ പ്രേക്ഷകകരെ വിസ്മയിപ്പിച്ച അഭിനയ പ്രതിഭയാണ് മമ്മൂക്ക.മലയാളി മനസുകളിൽ സ്ഥിര പ്രതിഷ്ഠ നേടിയ മമ്മൂക്ക കഥാപാത്രങ്ങൾ എണ്ണിയാൽ ഒടുങ്ങുന്നവയല്ല. നാടൻ കഥാപാത്രങ്ങളായി മമ്മൂക്ക വെള്ളിത്തിരയിൽ എത്തിയപ്പോഴൊക്കെ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചിട്ടുണ്ട്. ഗോളാന്തര വാർത്തയിലെ മുരിഞ്ഞച്ചോട്ടിൽ രമേശൻ നായർ, മറവത്തൂർ ചാണ്ടി, തച്ചിലേടത്ത് കൊച്ചു കുഞ്ഞു തുടങ്ങിയ നിരവധി കഥാപാത്രങ്ങൾ ഇത്തരത്തിൽ പ്രേക്ഷക മനം കീഴടക്കിയവയാണ്. ഇപ്പോഴിതാ ഒരു കുട്ടനാടൻ ബ്ലോഗ് എന്ന ചിത്രത്തിലൂടെ മമ്മൂക്ക വീണ്ടും ഒരു നാടൻ കഥാപാത്രമായി എത്തുകയാണ്. പ്രശസ്ത തിരക്കഥാകൃത്ത് സേതു ആദ്യമായി സംവിധാനം ചെയുന്ന ഒരു കുട്ടനാടൻ ബ്ലോഗിൽ ഹരിയേട്ടൻ എന്ന കുട്ടനാട്ടുകാരനായാണ് മമ്മൂക്ക അഭിനയിക്കുന്നത്. സിദ്ദിഖ്, നെടുമുടി വേണു, സഞ്ജു ശിവറാം, ലക്ഷ്മി റായ്, അനുസിത്താര, ഷംന കാസിം, സണ്ണി വെയിൻ, ലാലു അലക്സ്, ഗ്രിഗറി തുടങ്ങിയവരാണ് കുട്ടനാടൻ ബ്ലോഗിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങൾ ഇതിനോടകം ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ചിട്ടുണ്ട്. മെമ്മറീസിന് ശേഷം അനന്ത വിഷൻറ്റെ ബാനറില്‍ പി.മുരളീധരനും ശാന്താ മുരളീധരനുമാണ് ചിത്രം നിര്‍മ്മിക്കുന്നത്.സെപ്റ്റംബർ പതിന്നാലിന് കുട്ടനാടൻ ബ്ലോഗ് വെള്ളിത്തിരയിൽ എത്തും
