തെലുങ്ക് രാഷ്ട്രീയത്തിലെ അതികായന്മാരിൽ ഒരാളായി ഇന്നും ജനമനസ്സുകളിൽ ജീവിക്കുന്ന വൈ.എസ്.രാജശേഖര റെഡ്ഡിയുടെ ജീവിതം വെള്ളിത്തിരയിൽ അവതരിപ്പിക്കപ്പെട്ട ചിത്രമാണ് ‘യാത്ര’. ആന്ധ്രാപ്രദേശിന്റെ രാഷ്ട്രീയ ഏകീകരണം എന്ന ബൃഹത്ത് ലക്ഷ്യത്തോടെ 1475 കിലോമീറ്ററോളം വൈഎസ്ആര്‍ നടത്തിയ പദയാത്രയാണ് മഹി വി രാഘവ് സംവിധാനം ചെയ്ത ഈ സിനിമയ്ക്ക് അടിസ്ഥാനം.ജനഹൃദയങ്ങളിൽ ഇടം നേടാനും ആന്ധ്രാപ്രദേശിന്റെ രക്ഷകൻ എന്ന പരിവേഷത്തിലെത്താനും വൈ.എസ്.ആറിന് സാധിച്ചത് എങ്ങനെ എന്നതാണ് സിനിമ വരച്ചു കാട്ടുന്നത്. വൈ.എസ്.ആറിന്റെ പദയാത്ര ജനങ്ങളെ എങ്ങനെ സ്വാധീനിച്ചു എന്നതും, അദ്ദേഹത്തിന്റെ ജനപ്രിയ പദ്ധതികൾ എങ്ങനെ സ്വീകാര്യമായി മാറി എന്നതും തിരക്കഥയിൽ സമർത്ഥമായി സന്നിവേശിപ്പിക്കാൻ മഹി വി രാഘവിന് സാധിച്ചു. നിരവധി വൈകാരിക മുഹർത്തങ്ങളും സിനിമയിലുണ്ട്. ഒരു ജനനേതാവ് എങ്ങനെ ആയിരിക്കണം എന്നതിന്റെ ഉത്തമ മാതൃകയായി വൈ.എസ്.ആറിന്റെ ജീവിതം അടയാളപ്പെടുത്തുന്നതിൽ സംവിധായകൻ വിജയിച്ചിരിക്കുന്നു. സംഭാഷണങ്ങൾ സിനിമയുടെ കരുത്തായി മാറുന്നതും യാത്രയുടെ പ്രത്യേകതയാണ്.
വൈ.എസ്.രാജശേഖര റെഡ്ഡിയായി മലയാളത്തിന്റെ മഹാ നടൻ ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. ശരീര ഭാഷയിലും സംഭാഷങ്ങളിലും ഭാവപ്രകടനകളിലും ഒക്കെ അദ്ദേഹത്തിന് മാത്രം സാധ്യമാകുന്ന അത്ഭുതകരമായ പരകായ പ്രവേശത്തിന് യാത്ര വീണ്ടും സാക്ഷ്യം വഹിക്കുകയാണ്. സ്വന്തം ശബ്ദത്തിൽ ഡബ്ബ് ചെയ്ത് ശബ്ദ നിയന്ത്രണങ്ങളിലെ മാന്ത്രികതകൊണ്ടും വൈ.എസ്. ആറിനെ മമ്മൂട്ടി അനശ്വരമാക്കി. ഗപതി റാവു, റാവു രമേഷ്, സുഹാസിനി മണി രത്നം തുടങ്ങി യാത്രയിൽ ചെറുതും വലുതുമായ വേഷങ്ങളിൽ എത്തുന്നവരെല്ലാം തങ്ങളുടെ കഥാപാത്രങ്ങളോട് പൂർണമായും നീതിപുലർത്തി.കെ (കൃഷ്ണ കുമാര്‍) ചിട്ടപ്പെടുത്തിയ ഗാനങ്ങളും അവയുടെ ചിത്രീകരണവും മികച്ചത് തന്നെ. പശ്ചാത്തല സംഗീതവും സവിശേഷ പരാമർശം അർഹിക്കുന്നു. ഇതുപോലെ ഒരു നേതാവ് തങ്ങളെ നയിക്കാൻ ഉണ്ടായിരുന്നെങ്കിൽ എന്ന് സിനിമ കാണുന്നവരെ ആഗ്രഹിപ്പിക്കുന്ന തരത്തിലാണ് യാത്ര പ്രേക്ഷകരുടെ മുന്നിൽ എത്തിയിരിക്കുന്നത്.
അംഗ പരിമിതികൾ ഉള്ള ഒരു പെൺകുട്ടിയുടെ അച്ഛനായ അമുദവനായി പേരൻപ് എന്ന തമിഴ് ചിത്രത്തിലൂടെ പ്രേക്ഷകരുടേയും നിരൂപകരുടേയും മുക്തകണ്ഠമായ പ്രശംസ നേടിയ മമ്മൂട്ടി, വൈ.എസ്.രാജശേഖര റെഡ്ഡിയായി മറ്റൊരു വിസ്മയവേഷപ്പകർച്ചയിലൂടെ വീണ്ടും വെള്ളിത്തിരയിൽ മായാജാലം തീർക്കുകയാണ് . ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച നടനെന്നും , ഇന്ത്യൻ സിനിമയുടെ മുഖമെന്നുമുള്ള വിശേഷണങ്ങൾക്ക് യോജിക്കുന്ന പ്രകടനങ്ങളിലൂടെ മലയാളത്തിന്റെ മഹാനടൻ അഭിനയയാത്ര അജയ്യമായി തുടരുന്നു.