Mammootty 2020
മലയാളത്തിനു പുറമെ തമിഴിലും തെലുങ്കിലും നടൻ എന്ന നിലയിലും താരമെന്ന നിലയിലും 2019-ന്റെ ശക്തമായ സാന്നിധ്യമായി മാറിയ മമ്മൂട്ടി. ഇന്ത്യൻ സിനിമയിൽ തന്നെ മറ്റൊരു താരത്തിനും എത്തിപ്പിടിക്കാൻ കഴിയാത്ത നേട്ടങ്ങൾ സ്വന്തമാക്കി 2019നെ സമ്പന്നമാക്കിയ മമ്മൂട്ടിയുടെ 2020 ബോക്സോഫീസ് ലക്ഷ്യം വച്ചുള്ള കിടിലം പ്രോജക്ടുകൾ കൊണ്ട് സമ്പന്നമായിരിക്കും.
മാസ് ഷൈലോക്ക്
മമ്മൂട്ടി എന്ന മെഗാ താരത്തിന് പൂന്തുവിളയാടാനുള്ള എല്ലാ ചേരുവകളും കൊണ്ട് സമ്പന്നമായ ഒരു അടിപൊളി മാസ് എന്റർടൈനറാണ് 2020-ലെ മമ്മൂട്ടിയുടെ പുതുവത്സര സമ്മാനം. ഗുഡ് വിൽ എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ ജോബി ജോർജ്ജ് നിർമ്മിച്ച് അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ഷൈലോക്കിന്റെ രചന നിർവഹിച്ചത് നവാഗതരായ അനീഷ് ഹമീദ്, ബിബിൻ മോഹൻ എന്നിവരാണ്. ഒരേ സമയം മലയാളത്തിലും തമിഴിലുമായി ഒരുങ്ങുന്ന ഷൈലോക്ക് ജനുവരി 23-നു ലോകവ്യാപകമായി തിയേറ്ററുകളിൽ എത്തും.
മുഖ്യമന്ത്രിയായി വൺ
ബോബി സഞ്ജയ് തിരക്കഥയൊരുക്കി സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന വണ്ണിൽ കേരള മുഖ്യമന്ത്രി കടയ്ക്കൽ ചന്ദ്രൻ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്.
ഒരു മുഖ്യമന്ത്രി എങ്ങിനെ ആദർശ ധീരനും ജനകീയനുമായി മാറുമെന്ന് ചൂണ്ടിക്കാട്ടുന്ന ഈ ചിത്രം വ്യത്യസ്തമായ ഒരു അനുഭവമാകും പ്രേക്ഷകന് സമ്മാനിക്കുക. 2020ലെ വിഷു ചിത്രമായി മാർച്ച് അവസാനം ചിത്രം തിയേറ്ററുകളിൽ എത്തും.
ഒറ്റപ്പേര്….. ബിലാൽ.
ബോക്സോഫീസ് അടിച്ചുതകർക്കാൻ ആ ഒരൊറ്റപ്പേരു മതി… ബിലാൽ. മലയാളത്തിലെ ഏറ്റവും വലിയ സ്റ്റൈലിഷ് ആക്‌ഷൻ ചിത്രമായ ബിഗ് ബിയിലെ ബിലാലിന്റെ രണ്ടാം വരവിനായി പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കാൻ തുടങ്ങിയിട്ട് വർഷം രണ്ടു കഴിയുന്നു. അമൽ നീരദ് ആദ്യമായി സംവിധായകന്റെ മേലങ്കിയണിഞ്ഞ ഈ ചിത്രം യുവാക്കളെയാണ് കൂടുതൽ ആകർഷിച്ചത്.
ഫെബ്രുവരിയിൽ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ വില്ലനായി ഒരു യുവതാരം അഭിനയിക്കുന്നു എന്നും അണിയറ വാർത്തകൾ ഉണ്ട്. പൂജ റിലീസ് ആയാണ് ചിത്രം പ്ലാൻ ചെയുന്നത്.
ഓണത്തിന് സത്യൻ അന്തിക്കാട് – ഇക്ബാൽ കുറ്റിപ്പുറം ചിത്രം
22 വർഷങ്ങൾക്കു ശേഷം സത്യൻ അന്തിക്കാടും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രത്തിന് ഹിറ്റ് തിരക്കഥാകൃത്ത് ഇക്ബാൽ കുറ്റിപ്പുറം തിരക്കഥയൊരുക്കുന്നു. മമ്മൂട്ടി പുതുമയുള്ള ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രം ഓണത്തിന് കുടുംബ പ്രേക്ഷകർക്ക് ഒരു വിരുന്നായിരിക്കും. സെൻട്രൽ പിക്ചേഴ്സാണ് ചിത്രം നിർമ്മിക്കുന്നത്.
മമ്മൂട്ടി -മഞ്ജു വാര്യർ ചിത്രം
മമ്മൂട്ടിയോടൊപ്പം മഞ്ജു വാര്യർ ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിൽ ഒരു പള്ളീലച്ചന്റെ വേഷത്തിൽ മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നു. നവാഗതനായ ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രം ആന്റോ ജോസഫും ബി ഉണ്ണികൃഷ്ണനും ചേർന്നാണ് നിർമ്മിക്കുന്നത്.
സേതുരാമയ്യർ വീണ്ടും
ബുദ്ധിരാക്ഷസൻ സേതുരാമയ്യരുടെ അഞ്ചാം വരവിനു 2020 ക്രിസ്മസ് കാലം സാക്ഷിയാകും. ഒരേ സംവിധായകനും തിരക്കഥാകൃത്തും സംഗീത സംവിധായകനും നായകനുമായി ഒരു കഥാപാത്രത്തിന്റെ അഞ്ചാം സീരീസ് എന്നത് ലോക റെക്കോർഡാണ്. സിബിഐ സീരീസിൽ ഇതുവരെ പറഞ്ഞ കഥകളിൽ ഏറ്റവും ശക്തമായ പശ്ചാത്തലവും കുറ്റാന്വേഷണത്തിലെ വേറിട്ട വഴികളിലൂടെയുള്ള സഞ്ചാരവും കൊണ്ട് ത്രില്ലിങ്ങായ ഒരു സിബിഐ ചിത്രമാണ് കെ മധു എസ് എൻ സ്വാമി മമ്മൂട്ടി ടീം ഇക്കുറി ഒരുക്കുന്നത്. സ്വർഗ്ഗചിത്രയുടെ ബാനറിൽ അപ്പച്ചൻ നിർമ്മിക്കുന്ന ഈ ചിത്രത്തിലൂടെ വലിയൊരിടവേളയ്‌ക്കുശേഷം സ്വർഗ്ഗചിത്ര നിർമ്മാണ വിതരണ രംഗത്ത് തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ഉണ്ട്.
ഹരിഹരൻ, ജോഷി, അൻവർ റഷീദ് തുടങ്ങി പല പ്രമുഖരുടെയും പ്രോജക്ടുകൾ 2020-ൽ മമ്മൂട്ടിയുടെ പരിഗണനയിൽ ഉണ്ട്.