തൃശൂർ: ഹൃദയാഘാതത്തെ തുടർന്ന് തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന സംവിധായകൻ സച്ചിയുടെ നില
ഗുരുതരമായി തുടരുന്നു.
സച്ചിയുടെ സുഖം ഭേദമാകാൻ സിനിമാ മേഖലയും പ്രേക്ഷകരും ഒരുപോലെ പ്രാർത്ഥനയിലാണ്. സിനിമാ രംഗത്തെ പ്രമുഖർ അടക്കം ഒട്ടേറെ പേർ സച്ചിയുടെ സുഖവിവരമന്വേഷിച്ചു ഹോസ്പിറ്റലിലേക്ക് വിളിക്കുന്നുണ്ട്. സച്ചിയുടെ അസുഖ വിവരം സിനിമാ മേഖലയിൽ ഉള്ളവർ ഒരു ഷോക്കോടെയാണ് ഉൾക്കൊള്ളുന്നത്.
നിലവിൽ വെന്റിലേറ്റർ സഹായത്തിൽ ചികിത്സയിൽ തുടരുന്ന സച്ചിയുടെ തലച്ചോറിന്റെ പ്രവർത്തനത്തിൽ കാര്യമായി പുരോഗതിയില്ലെന്ന് ആശുപത്രിവൃത്തങ്ങൾ ഔദ്യോഗികമായി പുറത്തുവിട്ട മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു.
ഇടുപ്പെല്ല് ശസ്ത്രക്രിയയെ തുടർന്ന് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ശേഷം സച്ചിയെ നിലവിൽ ചികിത്സിക്കുന്ന ജൂബിലി ആശുപത്രിയിലേക്ക് മാറ്റി.
ചോക്ലേറ്റ് എന്ന ചിത്രത്തിലൂടെ തിരക്കഥാകൃത്തായി സിനിമാജീവിതം ആരംഭിച്ച സച്ചി, ‘അനാർക്കലി’, ‘അയ്യപ്പനും കോശിയും’ ചിത്രങ്ങൾ സംവിധാനം ചെയ്തു. അയ്യപ്പനും കോശിയും ഈ വർഷത്തെ സൂപ്പർ ഡ്യുപർ ഹിറ്റായിരുന്നു. ഈ വർഷം ഹിറ്റായി മാറിയ ഡ്രൈവിങ് ലൈസൻസ് എന്ന പൃഥ്വിരാജ് ചിത്രത്തിന്റെ തിരക്കഥ സച്ചിയുടേതായിരുന്നു.
ഹൈക്കോടതിയിൽ വക്കീലായി പ്രാക്ടീസ് ചെയ്യവെയാണ് സഹപ്രവർത്തകനായ സേതുവുമായി ചേർന്ന് സച്ചി ചോക്ലേറ്റിന് തിരക്കഥ ഒരുക്കുന്നത്. തുടർന്ന് ഇരുവരും സീനിയേഴ്സ്, മല്ലു സിംഗ് അടക്കം പല ഹിറ്റ് ചിത്രങ്ങൾക്കും തിരക്കഥ ഒരുക്കി. രണ്ടു പേരും വേർപിരിഞ്ഞു സ്വതന്ത്ര തിരക്കഥാകൃത്തുക്കളായ ശേഷം സച്ചി, മോഹൻലാലിന്റെ റൺ ബേബി റൺ, ദിലീപിന്റെ രാമലീല എന്നീ ചിത്രങ്ങൾക്ക് തിരക്കഥയൊരുക്കി. രണ്ടും സൂപ്പർ ഹിറ്റുകളായിരുന്നു.