ബുദ്ധിരാക്ഷസൻ വീണ്ടും എത്തുന്നു..
സേതുരാമയ്യർക്കിത് അഞ്ചാമൂഴം !
‘ബാസ്കറ്റ് കില്ലിംഗ്’ ചുരുളഴിക്കാൻ എസ് എൻ സ്വാമിയും കെ മധുവും. ഒപ്പം സ്വർഗ്ഗചിത്ര അപ്പച്ചന്റെ തിരുച്ചുവരവും.. !
വമ്പൻ പ്രതീക്ഷയുണർത്തി മമ്മൂട്ടിയുടെ പുതിയ സിബിഐ ചിത്രം വാർത്തകളിൽ നിറയുമ്പോൾ.. !!!
ഒരു സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ റിലീസ് പോലെയാണ് ആ വാർത്ത സിനിമാ പ്രേമികൾ ആഘോഷമാക്കി മാറ്റിയത്. സിബിഐ സീരീസിലെ സേതുരാമയ്യർ വീണ്ടും വരുന്നു എന്ന പത്രവാർത്ത രാവിലെ അറിഞ്ഞതുമുതൽ സോഷ്യൽ മീഡിയയിൽ അതൊരു റിലീസ് ചിത്രത്തിന്റെ വിജയാഘോഷം പോലെയാണ് കൊണ്ടാടപ്പെടുന്നത്. ഒരുപാട് കുറ്റാന്വേഷണ സിനിമകളും അന്വേഷണ ഉദ്യോഗസ്ഥ കഥാപാത്രങ്ങളും നിറഞ്ഞാടിയ മലയാള സിനിമയിൽ പക്ഷെ സിബിഐ സീരീസ് ചിത്രങ്ങളുടെയും സേതുരാമയ്യരുടെയും തട്ട് താഴ്ന്നു തന്നെ ഇന്നും ഇരിക്കും. ബിദ്ധിയുടെ ചതുരംഗക്കളിയിലൂടെ പ്രതികളെ കണ്ടെത്തുന്ന സേതുരാമയ്യരുടെ കൗശലം തന്നെയാണ് ആ കഥാപാത്രത്തെ ഇന്നും ജനപ്രിയമാക്കി നിർത്തുന്നത്. അതിനൊപ്പം ആ കഥാപാത്രത്തിന് തന്റേതായ മാനറിസങ്ങൾ നൽകിയ മമ്മൂട്ടി എന്ന മഹാനടന്റെ ഗംഭീര പ്രകടനം കൂടി ചേർന്നപ്പോൾ മലയാളത്തിലെ കുറ്റാന്വേഷണ സിനിമകളിൽ പകരം വയ്ക്കാനില്ലാത്ത ഒന്നായി സിബിഐ ചിത്രങ്ങൾ മാറി.
എസ് എൻ സ്വാമിയുടെ തിരക്കഥയിൽ കെ മധു ഒരുക്കിയ സിബിഐ സീരീസിലെ ആദ്യ ചിത്രമായ ഒരു സി ബി ഐ ഡയറിക്കുറിപ്പ് 1988-ലാണ് തിയേറ്ററുകളിൽ എത്തുന്നത്. സുനിതാ പ്രൊഡക്ഷൻസിന്റെ ബാനറിൽ എം മണി നിർമ്മിച്ച ഈ ചിത്രം ആ വർഷത്തെ ഏറ്റവും വലിയ വിജയമായി മാറി. കേരളത്തിൽ മാത്രമല്ല, തമിഴ് നാട്ടിലും ചിത്രം ഗംഭീര വിജയം നേടി. മദ്രാസ് സഫയർ തിയേറ്ററിൽ ഒരു വർഷത്തോളം സിബിഐ ഡയറിക്കുറിപ്പ് പ്രദർശിപ്പിച്ചു ചരിത്രം കുറിച്ചു.
ആദ്യ ഭാഗം നേടിയ അപൂതപൂർവമായ വിജയം തന്നെയാണ് തൊട്ടടുത്ത വർഷം അതേ ടീം ജാഗ്രത എന്ന രണ്ടാം സീരീസുമായി എത്തിയത്. ഒരു പ്രശസ്ത ചലച്ചിത്ര നടിയുടെ ആത്മഹത്യയും അതിനെ തുടർന്നുണ്ടാകുന്ന അന്വേഷങ്ങളുമായിരുന്നു ചിത്രത്തിന്റെ പ്രമേയം. ആദ്യ ഭാഗം പോലെ വമ്പൻ വിജയം നേടിയില്ലെങ്കിലും ചിത്രം സൂപ്പർ ഹിറ്റായി മാറി.
പിന്നീട് പതിനഞ്ചു വർഷങ്ങൾ കഴിഞ്ഞു 2004 -ൽ ആണ് ചിത്രത്തിന്റെ മൂന്നാം സീരീസ് ആയ സേതുരാമയ്യർ സിബിഐ എത്തുന്നത്. ബോക്സോഫീസിന്റെ ഇളക്കിമറിച്ചു ചിത്രം സൂപ്പർ ഡ്യൂപ്പർ ഹിറ്റായി മാറി. സേതുരാമയ്യരെ ചാനലുകളിൽ മാത്രം കണ്ടു ത്രില്ലടിച്ച പുതിയ തലമുറയിലെ യുവത തിയേറ്ററുകളിലേക്ക് ഇരമ്പിയെത്തി. ഈ ചിത്രത്തിലെ ഏറ്റവും വലിയ കൗതുകം എന്തായിരുന്നു എന്നാൽ പതിനാറു വർഷങ്ങൾക്കു മുൻപ് സിബിഐ ഡയറിക്കുറിപ്പിൽ പ്രത്യക്ഷപ്പെട്ട അതേ ലുക്കിൽ എത്തി മമ്മൂട്ടി പ്രേക്ഷകരെ വിസ്മയിപ്പിച്ചു എന്നതാണ്. ആ വർഷത്തെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായി മാറിയ സേതുരാമയ്യർ സിബിഐ, 2004 മുതൽ മമ്മൂട്ടി ചിത്രങ്ങളുടെ തുടർ വിജയപരമ്പരകൾക്ക് തുടക്കം കുറിച്ച ചിത്രം കൂടിയാണ്. സംവിധായകൻ കെ മധു തന്നെ നിർമ്മിച്ച ചിത്രം സ്വർഗ്ഗചിത്രയാണ് തിയേറ്ററുകളി എത്തിച്ചത്. സ്വർഗ്ഗചിത്രയുടെ മികച്ച മാർക്കറ്റിങ് തന്ത്രങ്ങളും ചിത്രത്തിന്റെ വൻ വിജയത്തിൽ വലിയ പങ്കുവഹിച്ചു.
തൊട്ടടുത്ത വർഷം 2005 -ൽ കെ മധു എസ് എൻ സ്വാമി മമ്മൂട്ടി ടീം നേരറിയാൻ സിബിഐ എന്ന പേരിൽ ചിത്രത്തിന്റെ നാലാം സീരീസുമായി എത്തി. ആ വർഷത്തെ ഓണചിത്രമായി തിയേറ്ററുകളിൽ എത്തിയ നേരറിയാൻ സിബിഐയും ഹിറ്റ് ചിത്രങ്ങളിൽ ഇടം നേടി. കൃഷ്ണകൃപ നിർമ്മിച്ച ചിത്രം സ്വർഗ്ഗ ചിത്ര തന്നെയാണ് തിയേറ്ററുകളിൽ എത്തിച്ചത്.
ഇങ്ങനെ ഒരേ നായകനും സംവിധായകനും തിരക്കഥാകൃത്തുമായി ഒരു ചിത്രത്തിന്റെ നാല് സീരീസ് തിയേറ്ററുകളിൽ എത്തുകയും ആ ചിത്രങ്ങളെല്ലാം ബോക്സ്ഓഫീസിൽ വിജയം നേടുകയും ചെയ്ത റെക്കോർഡ് ആണ് സിബിഐ സീരീസ് ചിത്രങ്ങൾക്കുള്ളത്.
ഇപ്പോൾ പതിനാലു വർഷങ്ങൾക്കു ശേഷം, ദുരൂഹ മരണങ്ങളുടെ നിഗൂഡതകളെ കൗശലം കൊണ്ട് തുറന്നുകാട്ടാൻ ബുദ്ധിയുടെ ചതുരംഗക്കളിയുമായി അയാൾ വീണ്ടും എത്തുന്നു. ഒരേ നായകനും സംവിധായകനും തിരക്കഥാകൃത്തുമായി ഒരു സിനിമയുടെ അഞ്ചു ഭാഗങ്ങൾ പുറത്തുവരുമ്പോൾ അത് ലോക ഗിന്നസ് റെക്കോർഡിൽ തന്നെ ഇടം പിടിക്കാവുന്ന ഒന്നായി മാറും.
ബാസ്കറ്റ് കില്ലിംഗിലൂടെ വികസിക്കുന്ന ഈ സിനിമ മാറിയ കാലത്തിന്റെ മാറ്റവും പുതിയ കാഴ്ചാനുഭവങ്ങളും ഉൾക്കൊണ്ടു വ്യത്യസ്‍തമായ രീതിയിലാകും ഈ ചിത്രം പ്രേക്ഷകർക്ക് മുന്നിൽ എത്തുക.
ഈ ചിത്രത്തിൻറെ മറ്റൊരു വലിയ പ്രത്യേകത പതിനഞ്ചു വർഷങ്ങൾക്കു ശേഷം മലയാളത്തിലെ നമ്പർ വൺ ബാനറായിരുന്ന സ്വർഗ്ഗചിത്ര ഈ ചിത്രം നിർമ്മിച്ചുകൊണ്ട് മലയാള ചലച്ചിത്ര നിർമ്മാണ വിതരണ രംഗത്തെ വീണ്ടും തിരിച്ചെത്തുന്നു എന്നതാണ്.
മലയാള സിനിമയിൽ ഒട്ടേറെ സൂപ്പർ ഹിറ്റുകൾ ഒരുക്കിയ ബാനറാണ് സ്വർഗ്ഗചിത്ര. ഒരുകാലത്തു മലയാളത്തിലെ നമ്പർ വൺ ബാനറായി വിലസിയ സ്വർഗ്ഗചിത്ര മികച്ച മാർക്കറ്റിംഗ് തന്ത്രങ്ങളിലൂടെ ഒരു സിനിമയെ എങ്ങിനെ ജനകീയമാക്കാം എന്ന് ഇൻഡസ്ട്രിയ്ക്ക് തെളിയിച്ചുകൊടുത്ത ബാനറാണ്. സ്വർഗ്ഗചിത്രയുടെ സാരഥി അപ്പച്ചൻ കേവലം പണം മുടക്കുന്ന ഒരു നിർമ്മാതാവ് മാത്രമല്ല.. മറിച്ചു ഒരു സിനിമയുടെ കഥാചർച്ച മുതൽ ഷൂട്ടിംഗ് തുടങ്ങി ആ സിനിമ തിയേറ്ററിൽ എത്തി അതിന്റെ വിജയാഘോഷം വരെ കൂടെ നിൽക്കുന്ന ഒരു ക്രിയേറ്റീവറും മാർക്കറ്റിംഗ് തന്ത്രഞ്ജനും കൂടിയാണ്.
അതുകൊണ്ട് തന്നെയാണ് സ്വർഗ്ഗചിത്ര നിർമ്മിക്കുകയും വിതരണം ചെയ്യുകയും ചെയ്ത ചിത്രങ്ങളിൽ 90%വും ബോക്സോഫീസ് ഹിറ്റുകൾ ആയി മാറിയത്.
സിബിഐയുടെ അഞ്ചാം സീരീസ് നിർമ്മിച്ചുകൊണ്ട് നിർമ്മാണ വിതരണ മേഖലയിലേക്ക് ശക്തമായ ഒരു തിരിച്ചിവരവ് തന്നെയാണ് സ്വർഗചിത്ര അപ്പച്ചൻ ലക്ഷ്യമിടുന്നത്.
മാറിയ കാലത്തിന്റെ അഭിരുചികൾ മനസ്സിലാക്കി അതിനൊത്ത പുതിയ മാർക്കറ്റിംഗ് രീതികൾ കൂടി സ്വായത്തമാക്കിയാകും സ്വർഗ്ഗചിത്രയുടെ മുന്നോട്ടുള്ള പ്രയാണം.