# തയ്യാറാക്കിയത് – അരുൺ ഗോവിന്ദ്
മലയാള സിനിമാ പ്രേക്ഷകർ വളരെയധികം ആസ്വദിച്ചു കാണാൻ ഇഷ്ടപ്പെടുന്ന സിനിമാ കാറ്റഗറികളിൽ ഒന്നാണ് ഫീൽ ഗുഡ് മൂവീസ്.നമ്മുടെ ഒക്കെ ജീവിതത്തിൽ സംഭവിക്കുന്ന കൊച്ചു സന്തോഷങ്ങളും,ചെറിയ ദുഃഖങ്ങളും എല്ലാം അൽപ്പം നർമ്മത്തിൻറ്റെ അകമ്പടിയിൽ ചേർത്ത് അവതരിപ്പിക്കപ്പെട്ട അടുത്ത കാലത്തിറങ്ങിയ ഫീൽ ഗുഡ് മൂവീസെല്ലാം തന്നെ മലയാള സിനിമാ പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിട്ടുമുണ്ട്.ഇത്തരത്തിൽ മലയാളത്തിൽ അടുത്തിടെ രണ്ടു ഹിറ്റ് സിനിമകൾ ഒരുക്കിയവർ മറ്റൊരു മികച്ച സിനിമക്ക് വേണ്ടി ഒരുമിക്കുകയാണ്.
കഴിഞ്ഞവർഷം കേരളത്തിലെ തീയറ്ററുകളിൽ വലിയ വിജയമായ ചിത്രങ്ങളിൽ ഒന്നായിരുന്നു വിനീത് ശ്രീനിവാസൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച അരവിന്ദൻറ്റെ അതിഥികൾ. കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിനു അടുത്തുള്ള ലോഡ്ജിലെ ജീവനക്കാരനായ അരവിന്ദൻറ്റെ വേദനകളും, സന്തോഷങ്ങളും എല്ലാം തീയ്യറ്റർ വിട്ടിറങ്ങുമ്പോഴും പ്രേക്ഷകർ കൂടെ കൂട്ടുകയായിരുന്നു.വിനീത് ശ്രീനിവാസന്റെ അഭിനയ ജീവിതത്തിലെ തന്നെ മികച്ച ഒരു കഥാപാത്രം കൂടിയായിരുന്നു അരവിന്ദന്റെ അതിഥികളിലെ അരവിന്ദൻ.അരവിന്ദന്റെ അതിഥികൾ പോലെ മലയാളി പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ച മറ്റൊരു ഫാമിലി ഫീൽ ഗുഡ് മൂവി ആണ് വർഷം ആദ്യം തീയറ്ററുകളിൽ പ്രദർശനത്തിനു എത്തിയ വിജയ് സൂപ്പറും പൗർണമിയും.ആസിഫ് അലിയും ഐശ്വര്യ ലക്ഷ്മിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം ജിസ് ജോയ് ആണ് സംവിധാനം ചെയ്തത്. ജിസും ആസിഫലിയും ഒന്നിച്ച ബൈസിക്കിൾ തീവ്സ്, സൺഡേ ഹോളിഡേ എന്നീ ചിത്രങ്ങളും ബോക്സോഫീസ് ഹിറ്റുകളായിരുന്നു. സിനിമയിലൂടെ പ്രേക്ഷകരെ ആനന്ദിപ്പിക്കുക എന്ന ഫോർമുലയിൽ വിശ്വസിച്ചു കൊണ്ട് വിജയ് സൂപ്പറും പൗർണമിയിലൂടെ മലയാള സിനിമാ നിർമ്മാണ മേഖലയിലേക്ക് കടന്നു വന്നയാളാണ് എ.കെ സുനിൽ. ആദ്യ നിർമ്മാണ സംരംഭം പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചതിന്റെ സന്തോഷത്തിലാണ് സുനിൽ.
വിജയ് സൂപ്പറിനു ശേഷം ന്യൂ സൂര്യാ ഫിലിംസിന്റെ ബാനറിൽ വിനീത് ശ്രീനിവാസനെ കേന്ദ്ര കഥാപാത്രമാക്കി നിർമിക്കുന്ന പുതിയ സിനിമയാണ് മനോഹരം.വിനീത് ശ്രീനിവാസൻ, നമിതാപ്രമോദ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങൾ ആക്കി “ഓർമ്മയുണ്ടോ ഈ മുഖം ” എന്ന ചിത്രം ഒരുക്കിയ അൻവർ സാദത്ത് ആണ് മനോഹരം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ കഥ,തിരക്കഥ, സംഭാഷണം എന്നിവയും സംവിധായകൻ തന്നെ ഒരുക്കുന്നു. വിനീത് ശ്രീനിവാസനെക്കൂടാതെ സംവിധായകരായ ബേസില്‍ ജോസഫ്, ജൂഡ് ആൻ്റണി, വി.കെ പ്രകാശ്, നടന്മാരായ ദീപക് പറമ്പേൽ , ഹരീഷ് പേരടി, ഡല്‍ഹി ഗണേഷ്,ഇന്ദ്രന്‍സ്, അഹമ്മദ് സിദ്ധീഖ് എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ചിത്രീകരണം മാർച്ച് ഒമ്പതിന് ആരംഭിച്ചു .
