ഒൻപത് വർഷത്തെ ഇടവേളയ്ക്ക് ശേഷം പോക്കിരിരാജയുടെ തുടർച്ചയായി എത്തിയ മധുരരാജ ബോക്സ് ഓഫീസിനെ പ്രകമ്പനം കൊള്ളിച്ചുകൊണ്ട് മുന്നേറുകയാണ്. ആരാധകരെ ആവേശക്കൊടുമുടിയിലെത്തിക്കുന്ന മധുരരാജ കുട്ടികൾക്കും കുടുംബങ്ങൾക്കും എല്ലാം മറന്ന് ആഘോഷിക്കാനുള്ള ചിത്രം കൂടിയാണ്. ആദ്യ ആഴ്ചയേക്കാൾ കൂടുതൽ തീയേറ്ററുകളിൽ നിറഞ്ഞ സദസ്സിൽ മധുരരാജ പ്രദർശനം തുടരുകയാണ്. മധുരരാജ വൻ വിജയത്തിലേക്ക് നീങ്ങുമ്പോൾ തന്നെ പ്രേക്ഷകരെ ആവേശത്തിലാഴ്ത്തിയ ചില മമ്മൂട്ടിക്കഥാപാത്രങ്ങൾ വെള്ളിത്തിരയിൽ പുനരവതരിക്കപ്പെടാൻ തയ്യാറെടുക്കുകയാണ്. കോട്ടയം കുഞ്ഞച്ചൻ, ബിലാൽ, സേതുരാമയ്യർ എന്നീ കഥാപാത്രങ്ങൾ വീണ്ടും എത്തുമ്പോൾ മെഗാ സ്റ്റാറിന്റെ മാസ്മരിക പ്രകടനങ്ങൾക്ക് സാക്ഷിയാകാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ.
മമ്മൂട്ടി അനശ്വരമാക്കിയ സേതുരാമയ്യര്‍ എന്ന കഥാപാത്രം വീണ്ടും എത്തുന്ന സി.ബി.ഐ സീരീസിലെ അഞ്ചാം ചിത്രത്തെക്കുറിച്ചുള്ള ചർച്ചകൾ സജീവമാണെന്ന് സംവിധായകന്‍ കെ.മധു പ്രഖ്യാപിച്ചിരുന്നു. മാതൃഭൂമി ക്ലബ് എഫ്.എം യു.എ.ഇയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സേതുരാമയ്യർ എന്നുവരും എന്ന ചോദ്യത്തിന് മമ്മൂട്ടി നൽകിയ മറുപടി ഇങ്ങനെ – “സേതുരാമയ്യര്‍ വരാന്‍ കുറച്ച് സമയം എടുക്കും. അതിനും മുന്‍പ് മറ്റേ പുള്ളി വരും” . അമൽ നീരദ് സംവിധാനം ചെയ്ത ‘ബിഗ് ബി’ യുടെ തുടർച്ചായി എത്തുന്ന ‘ബിലാൽ’ എന്ന സിനിമയെക്കുറിച്ചാണ് മമ്മൂട്ടി സൂചിപ്പിച്ചത്. ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത് മുതൽ ആരാധകരേയും സിനിമാ പ്രേമികളേയും ആവേശത്തിലാഴ്ത്തിയ ചിത്രമാണ് ‘ബിലാൽ’. ബിലാൽ ഉടൻ ഉണ്ടാകുമെന്ന മെഗാ സ്റ്റാറിന്റെ വാക്കുകൾ ആ ആവേശത്തെ പതിന്മടങ്ങാക്കിയിരിക്കുകയാണ്.
https://www.youtube.com/watch?v=-71DLElo7ic