പ്രതീക്ഷയോടെ ആരാധകർ
മലയാളത്തിന്റെ കരിസ്മാറ്റിക് യൂത്ത് ഐക്കൺ ദുൽഖർ സൽമാന്റെ ബോളിവുഡിലെ രണ്ടാമൂഴമായ സോയാ ഫാക്ടർ ലോകമെമ്പാടും തിയേറ്ററുകളിൽ എത്തുകയാണ്.
ക്രിക്കറ്റ് പശ്ചാത്തലമായി ഒരുങ്ങുന്ന ചിത്രത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്ന്റെ വേഷത്തിലാണ് ദുൽഖർ പ്രത്യക്ഷപ്പെടുന്നത് എന്നാണ് റിപ്പോർട്ടുകൾ. സോനം കപൂറാണ് ദുൽഖറിന്റെ നായികയായി എത്തുന്നത്. ക്രിക്കറ്റിന്റെ പശ്ചാത്തലത്തിൽ മനോഹരമായ ഒരു പ്രണയകഥയാണ് ചിത്രം പറയുന്നത്.
കാർവാൻ എന്ന ചിത്രത്തിലൂടെയാണ് ദുൽഖർ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നത്. കാർവാൻ വലിയ വിജയമായില്ലെങ്കിലും ദുൽഖറിന്റെ ബോളിവുഡ് പ്രവേശനത്തിന് മീഡിയകളും ഇഡസ്ട്രിയും വലിയ പ്രധാന്യമാണ് നൽകിയത്.
ഒരൊറ്റ ചിത്രത്തിലൂടെ തന്നെ ബോളിവുഡിൽ വലിയൊരു ആരാധകവൃന്ദത്തെ സൃഷ്ടിക്കാൻ ദുല്‍ഖറിന് കഴിഞ്ഞു.
ദുൽഖറിന്റെ രണ്ടാം ചിത്രം ഏറെ പ്രതീക്ഷകൾ നൽകുന്നതാണ്. വലിയ ക്യാൻവാസിൽ ചിത്രീകരിച്ച ഈ ചിത്രത്തിന് ആശംസകൾ നേർന്നുകൊണ്ട് ക്രിക്കറ്റ് ദൈവം സച്ചിൻ ടെണ്ടുൽഖറും മുൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലിയുമെല്ലാം ട്വീറ്റ് ചെയ്തത് വലിയ വാർത്താപ്രാധാന്യം നേടിയിരുന്നു.
ഇന്ത്യക്ക് ആദ്യമായി ലോകകപ്പ് ലഭിച്ച ദിവസം ജനിച്ച സോയ സോളങ്കി എന്ന പെണ്‍കുട്ടി, പ്രത്യേക ക്ഷണപ്രകാരം ഒരു ദിവസം ഇന്ത്യന്‍ ടീമിനൊപ്പമെത്തുന്നതും പിന്നീട് അവള് ടീമിന്റെ ഭാഗ്യമായി കണക്കാക്കപ്പെടുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം. പ്രണയം പശ്ചാത്തലമായി ഒരുങ്ങുന്ന ചിത്രത്തിന്റെ സംവിധായകൻ അഭിഷേക് ശര്‍മയാണ്. അനുജ ചൗഹാന് എഴുതിയ ‘ദ സോയ ഫാക്ടര്‍’ എന്ന നോവലിനെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രത്തിന്റെ നിർമാതാക്കൾ ഫോക്സ് സ്റ്റാർ സ്റ്റുഡിയോസ് ആണ്.
ദുൽഖറിന്റെ ബോളിവുഡ് ഫാക്ടറിനെ കുറിച്ച് ഇന്ത്യൻ എക്സ്പ്രസ്സിന്റെ ‘മലയാളം’ ഓൺലൈൻ എഡിഷന്റെ വിലയിരുത്തൽ ഇങ്ങനെ :
ദുൽഖറിലെ ‘ബോളിവുഡ്’ ഫാക്ടർ
പക്കാ മലയാളി ലുക്കുള്ള നടന്മാരുടെ പട്ടികയിൽ ഒതുങ്ങുന്ന ഒരു നടനല്ല ദുൽഖർ. മുണ്ടുടുത്തും മലയാളം പറഞ്ഞുമൊക്കെ അയൽവീട്ടിലെ പയ്യനാവാൻ ദുൽഖറിനു കഴിയുമെങ്കിലും അതിനപ്പുറം ഏതു മെട്രോ നഗരത്തിനും ഇണങ്ങുന്ന, ഏതു സംസ്കാരത്തിലേക്കും പരുവപ്പെടുത്തിയെടുക്കാവുന്ന ശരീരഭാഷയും മാനറിസങ്ങളും കൂടി ദുൽഖർ എന്ന അഭിനേതാവിന്റെ പ്രത്യേകതയാണ്.
ചെന്നൈയിലെ വിദ്യഭ്യാസകാലവും യുഎസിലെ ഉപരിപഠനവുമെല്ലാം ദുൽഖറെന്ന വ്യക്തിയുടെ സ്വഭാവത്തിലും ‘ആറ്റിറ്റ്യൂഡിലും’ ഉണ്ടാക്കിയ സ്വാധീനവും ഇതിനു സഹായമാകുന്നുണ്ടെന്ന് പറയാം. അതു കൊണ്ടു തന്നെ, മലയാളേതര ഭാഷാചിത്രങ്ങളിലെ നായകവേഷങ്ങളിലേക്കും ഇണങ്ങുന്ന ദുൽഖറിന്റെ ‘ഇമേജ്’ ബോളിവുഡ് അവസരങ്ങളുടെ വാതിലുകൾ തുറന്നിടുന്നുണ്ട് താരത്തിനു മുന്നിൽ. അവിടെ തന്നെയാണ്, ‘ദി സോയ ഫാക്ടർ’ എന്ന ചിത്രത്തിന്റെ പ്രസക്തിയും. ‘ദി സോയ ഫാക്ടർ’ വിജയം നേടിയാൽ അത് ദുൽഖറിന്റെ മുന്നോട്ടുള്ള ബോളിവുഡ് യാത്രയുടെയും ആയാസം കുറയ്ക്കും.