തീയേറ്ററിൽ പോയി സിനിമ കാണുന്ന ശീലം കുട്ടിക്കാലം മുതലേ ഉണ്ട്. ആ കാലഘട്ടങ്ങളിൽ കുടുംബത്തോടൊപ്പം കണ്ടാസ്വദിച്ച പല സിനിമകളും ഇപ്പോൾ ടി.വി.യിൽ കാണുമ്പോൾ അന്നത്തെ ഓർമ്മകൾ മനസ്സിൽ എത്തും. മമ്മൂക്കയുടെയും ലാലേട്ടൻെറയും സിനിമകളാണ് അക്കാലത്ത് കൂടുതലും കണ്ടിട്ടുണ്ടാവുക.
ആദ്യമായി തീയേറ്ററിൽ കണ്ട മമ്മൂക്ക സിനിമ കുട്ടേട്ടൻ ആണ്. തൃശൂർ രാഗത്തിൽ നിന്നാണ് കണ്ടതെന്നാണ് ഓർമ്മ. മമ്മൂക്കയുടെ കുട്ടേട്ടൻ എന്ന തകർപ്പൻ കഥാപാത്രമാണല്ലോ സിനിമയുടെ ഹൈലൈറ്റ്. സ്റ്റൈലിഷ് ആയ കഥാപാത്രത്തിന്റെ എനർജി എടുത്തു പറയണം. ബോഡി ലാംഗ്വേജിലും ഡയലോഗ് ഡെലിവറിയിലും മമ്മൂട്ടി കുട്ടേട്ടനായി നിറഞ്ഞാടി. സ്റ്റൈലിഷ് ഷർട്ടുകളും കൂളിംഗ് ഗ്ലാസ്സും അടിപൊളി ഹെയർ സ്റ്റൈലും ഒക്കെയായി കുട്ടേട്ടൻ തകർത്തു.രസകരമായ കഥാ സന്ദർഭങ്ങൾ കൊണ്ട് ഒരു നല്ല എന്റർടൈനർ സിനിമ എന്ന അനുഭവമാണ് കുട്ടേട്ടൻ സമ്മാനിച്ചത്.
കളിക്കളം, സാമ്രാജ്യം, ഹിറ്റ്ലർ തുടങ്ങി ബിഗ് ബിയും ഗ്യാങ്സ്റ്ററും ഒക്കെ അടക്കം എത്രയോ സിനിമകളിൽ സ്റ്റൈലിഷ് വേഷങ്ങളിൽ മമ്മൂക്ക എത്തി. തീയേറ്ററിൽ കണ്ട ആദ്യ മമ്മൂട്ടിച്ചിത്രം എന്ന നിലയിൽ കുട്ടേട്ടനോട് ഇപ്പോഴും ഒരു പ്രത്യേക ഇഷ്ടമുണ്ട്. വളരെ സീരിയസ് ആയ നിരവധി കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുള്ള മമ്മൂട്ടിയുടെ ഒരു വ്യത്യസ്ത കഥാപാത്രമായിരുന്നു കുട്ടേട്ടൻ. കഥാപാത്രം ആവശ്യപ്പെടുന്ന വസ്ത്ര ധാരണരീതികളും രൂപ ഭാവങ്ങളും സംഭാഷണരീതികളും തന്നിലേക്ക് കൃത്യമായി ആവാഹിക്കാൻ മമ്മൂട്ടിയോളം വിജയിച്ച നടന്മാർ വിരളമാണല്ലോ.
