മലേഷ്യയിൽ തൊഴിലുടമയുടെ പീഢനത്താൽ ശരീരമാസകലം പൊള്ളലേറ്റ ആലപ്പുഴ ഹരിപ്പാട് സ്വദേശി എസ്. ഹരിദാസിന്റെ തുടർചികിത്സകൾ മമ്മൂട്ടിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന പതഞ്ജലി ആയുർവേദിക് ചികിത്സാലയം ഏറ്റെടുത്തു. പൊള്ളൽ സംബന്ധിച്ച എല്ലാവിധ ചികിത്സാ ചിലവുകളും തങ്ങൾ ഏറ്റെടുത്തുവെന്ന് പതഞ്ജലി ആയുർവേദിക്സ് ഡയറക്ടർ ഡോ. ജ്യോതിഷ് കുമാർ അറിയിച്ചു.

മമ്മൂട്ടിയോടൊപ്പം ഡോ. ജ്യോതിഷ് കുമാർ (പതഞ്ജലി )
നാലു വർഷം മുൻപാണ് മലേഷ്യയിലെ ഒരു ബാർബർ ഷോപ്പിലേക്ക് ഹരിദാസൻ ജോലിയ്ക്ക് കയറിയത്. മാസങ്ങളാലയി ശമ്പളം നൽകാത്തത് ചോദിച്ചതിനെ തുടർന്നാണ് തൊഴിലുടമ പഴുപ്പിച്ച ഇരുമ്പുദണ്ഡ് ഉപയോഗിച്ച് ഹരിദാസനെ പൊള്ളലേൽപ്പിച്ചത്. ഒപ്പം ജോലി ചെയ്തിരുന്ന തമിഴ് നാട് സ്വദേശിയാണ് പീഢനവിവരങ്ങൾ ഹരിദാസന്റെ വീട്ടിൽ ഫോണിലൂടെ അറിയിച്ചത്. ഹരിദാസന്റെ ഭാര്യയായ രാജശ്രീ വിഷയം അധികാരികളെ അറിയിച്ചതോടെയാണ് വാർത്ത പുറം ലോകം അറിഞ്ഞത്. ഇത് നടൻ മമ്മൂട്ടിയുടേയും പതഞ്ജലി ആയുർവേദിക്സ് ഡയറക്ടർ ഡോ. ജ്യോതിഷ് കുമാറിന്റെയും ശ്രദ്ധയിൽപെട്ടതോടെയാണ് ഹരിദാസന്റെ ചികിത്സ തങ്ങൾ ഏറ്റെടുക്കാമെന്ന് തീരുമാനിച്ചത്.
