പ്രവീൺ ളാക്കൂർ
മലയാള സിനിമയുടെ പെരുമ ഇന്ത്യൻ സിനിമയിൽ അടയാളപ്പെടുത്തുന്നതിൽ മമ്മൂട്ടിയോളം വിജയിച്ച മറ്റൊരു അഭിനേതാവില്ല. അന്യ ഭാഷകളിൽ മമ്മൂട്ടിച്ചിത്രങ്ങളും കഥാപാത്രങ്ങളും നേടുന്ന അംഗീകാരവും ആദരവും വളരെ വലുതാണ്. ഭാഷാ, ദേശ വ്യത്യാസങ്ങളില്ലാതെ വിസ്മയിപ്പിക്കുന്ന മമ്മൂട്ടി മാജിക്കിന് ഇന്ത്യൻ സിനിമ എത്രയോ തവണ സാക്ഷ്യം വഹിച്ചിരിക്കുന്നു. മറ്റ് അഭിനേതാക്കളിൽ നിന്ന് വ്യത്യസ്തമായി, മലയാള സിനിമയ്ക്ക് കൂടി അഭിമാനിക്കാവുന്ന തരം കഥാപാത്രങ്ങൾ അന്യഭാഷകളിൽ അവതരിപ്പിക്കുവാൻ അദ്ദേഹം എക്കാലവും ശ്രമിക്കാറുണ്ട്.
അന്യഭാഷകളിൽ മമ്മൂട്ടി അവതരിപ്പിപ്പിച്ച കഥാപാത്രങ്ങൾ ഇന്നും പ്രേക്ഷക മനസ്സുകളിൽ നിറഞ്ഞ് നിൽക്കുന്നവയാണ്. പേരൻപും യാത്രയുമാണ് ഇതിന് ഏറ്റവും ഒടുവിലത്തെ ഉദാഹരണങ്ങൾ. ഈ സിനിമകളും മമ്മൂട്ടിക്കഥാപാത്രങ്ങളും പ്രേക്ഷകരും നിരൂപകരും ഒരു പോലെ സ്വീകരിച്ചു. ഇപ്പോഴിതാ മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രമെന്ന വിശേഷണവുമായെത്തുന്ന മാമാങ്കവും അന്യഭാഷകളിൽ തരംഗമാകുമെന്ന സൂചനകളാണ് നൽകുന്നത്.
ഹിന്ദി, തമിഴ് , തെലുങ്ക് മാധ്യമങ്ങൾ മാമാങ്കത്തിന് വലിയ പ്രാധാന്യമാണ് നൽകുന്നത്. ഇന്ത്യൻ സിനിമയുടെ അഭിമാനമായ, മലയാളത്തിന്റെ മഹാനടന്റെ ഗംഭീര പ്രകടനത്തിന് വീണ്ടും സാക്ഷ്യം വഹിക്കാനൊരുങ്ങുകയാണ് ഇന്ത്യൻ ചലച്ചിത്ര ലോകം. മാമാങ്കം സൃഷ്ടിക്കുന്ന ആവേശവും ആകാംക്ഷയും ഹിന്ദി, തമിഴ്, തെലുങ്ക് മാധ്യമങ്ങളിൽ നിറയുമ്പോൾ മലയാള സിനിമയ്ക്കും ഇത് അഭിമാന നിമിഷങ്ങളാണ്.
കഴിഞ്ഞ ദിവസം പുറത്തുവന്ന മാമാങ്കത്തിന്റെ ഹിന്ദി, തമിഴ്,തെലുങ്ക് ടീസറുകൾക്ക് വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഹിന്ദി ടീസർ വ്യൂസ് 1 .2 മില്യൺ കടന്നു. തമിഴ് ടീസർ മൂന്നു ലക്ഷവും തെലുങ്ക് ടീസർ രണ്ടര ലക്ഷവും കഴിഞ്ഞു. ഇത് ഒരു റെക്കോർഡാണ്. ഒരു മലയാള ചിത്രത്തിന്റെ ഡബ്ബിംഗ് വേർഷൻ ചിത്രത്തിട്നെ ടീസറിന് ലഭിക്കുന്ന ഏറ്റവും ഉയർന്ന വ്യൂസ് ആണിത്. ഒരാഴ്ച മുൻപ് പുറത്തിറങ്ങിയ മലയാളം ടീസർ രണ്ടര മില്യൺ കടന്നു.
എം.പത്മകുമാർ സംവിധാനം ചെയ്യുന്ന മാമാങ്കം പ്രഗത്ഭരായ അഭിനേതാക്കളുടേയും സാങ്കേതിക പ്രവർത്തകരുടേയും സാന്നിധ്യം കൊണ്ടും സമ്പന്നമാണ്. പോസ്റ്ററുകളും ടീസറും സൃഷ്ടിച്ച ആവേശം മാമാങ്കത്തെ പ്രേക്ഷകർ എത്ര ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത് എന്നതിന്റെ തെളിവാണ്. വേണു കുന്നപ്പള്ളി നിർമ്മിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രം നവംബർ 21ന് തീയേറ്ററുകളിലെത്തും