ആഗസ്റ്റ്1 ആണ് എനിയ്ക്ക് ആദ്യമായി കൊമേഴ്‌സ്യൽ ബ്രേക്ക് നൽകിയ സിനിമ : സിബി മലയിൽ
മമ്മൂട്ടിയെ നായകനാക്കി എസ് എൻ സ്വാമിയുടെ തിരക്കഥയിൽ സിബി മലയിൽ ഒരുക്കിയ ചിത്രമാണ് ആഗസ്റ്റ്1. കുടുംബ ചിത്രങ്ങളുടെ സംവിധായകൻ എന്ന നിലയിൽ പേരെടുക്കുകയും തനിയാവർത്തനം പോലെ ഒരു ക്ലാസ് സിനിമ ഒരുക്കി നിരൂപകരുടെയും പ്രേക്ഷകരുടെയും കൈയടി ഒരുപോലെ നേടുകയും ചെയ്ത സിബി മലയിൽ അന്നുവരെയുള്ള തന്റെ സിനിമകളിൽ നിന്നും തികച്ചു വ്യത്യസ്‍തമായ പശ്ചാത്തലവും കഥാപരിസരവുമായി ഒരു ആക്‌ഷൻ ഓറിയന്റഡ് ത്രില്ലർ മൂവി ഒരുക്കയായിരിരുന്നു ആഗസ്റ്റ് ഒന്നിലൂടെ. ഒരു സിബിഐ ഡയറിക്കുറിപ്പ്, ഇരുപതാം നൂറ്റാണ്ട് തുടങ്ങിയ ആക്‌ഷൻ- ക്രൈം ത്രില്ലറുകൾക്ക് തിരക്കഥ ഒരുക്കിയ എസ് എൻ സ്വാമിയുടെ തിരക്കഥയിൽ സിബി ഒരു ഇൻവസ്റ്റിഗേറ്റീവ് ആക്‌ഷൻ ചിത്രം ഒരുക്കുന്നു എന്ന് കേട്ടപ്പോൾ നെറ്റി ചുളിച്ചവർ നിരവധിയാണ്.. “സിബി മലയിൽ ആക്‌ഷൻ ചിത്രം സംവിധാനം ചെയ്യുകയോ…? നല്ല കാര്യമായി.. !” എന്ന് പറഞ്ഞു പരിഹസിച്ചവരും വിമർശിച്ചവരും നിരവധി. എന്നാൽ സിനിമ റിലീസായതോടെ വിമർശിച്ചവർ പോലും സിനിമ കണ്ടു കൈയടിക്കുകയും സിബിയെ അഭിനന്ദിക്കുകയും ചെയ്തു എന്നത് പിന്നീടുളള ചരിത്രം !
മലയാള സിനിമ അന്നുവരെ കണ്ടിട്ടില്ലാത്ത ഒരു പോലീസ് സ്റ്റോറി ആയിരുന്നു ആഗസ്റ്റ് ഒന്ന്. നിയുക്ത മുഖ്യമന്ത്രിയെ (സുകുമാരൻ ) വധിക്കാൻ ഒരു വാടക കൊലയാളിയെ ഏല്പിക്കുകയും മുഖ്യമന്ത്രിയുടെ സുഹൃത്ത് കൂടിയായ ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥനായ പെരുമാൾ ആ വാടക കൊലയാളിയെ പിന്തുടരുന്നതും അയാളെ കീഴ്‌പ്പെടുത്തി വധിക്കുന്നതുമാണ് കഥാ തന്തു. വളരെ ചടുലവും ഉദ്വേഗഭരിതമായ രംഗങ്ങൾ കൊണ്ടും സമ്പന്നമായിരുന്നു ചിത്രം.
മുഖ്യമന്ത്രി ആയി സുകുമാരനും പെരുമാൾ ആയി മമ്മൂട്ടിയും വാടക കൊലയാളിയായി ക്യാപ്റ്റൻ രാജുവുമാണ് അഭിനയിച്ചത്. യൂണിഫോം അണിയാത്ത പോലീസ് ഉദ്യോഗസ്ഥനായാണ് മമ്മൂട്ടി ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടത്. മുടി പറ്റെ വെട്ടി, മുട്ടിനു മുകളിൽ തെറുത്തു വച്ച ടക്കിൻ ചെയ്ത ഷർട്ടും പാന്റ്സുമണിഞ്ഞു നല്ല കിടിലം സ്റ്റൈലിൽ ആണ് പെരുമാളായി മമ്മൂട്ടി സ്‌ക്രീനിൽ പ്രത്യക്ഷപ്പെട്ടത്.
പ്രേക്ഷകരെ ശരിക്കും മുൾമുനയിൽ നിർത്തുന്നതായിരുന്നു ക്ളൈമാക്സ് രംഗങ്ങൾ. ഈ രംഗത്ത് കോട്ടും സ്യൂട്ടുമണിഞ്ഞാണ് മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത്.
ഈ പ്രോജക്ടിലേക്ക് എത്തിപ്പെട്ടതിനെക്കുറിച്ചു സിബി മലയിൽ തന്നെ അടുത്തിടെ ‘the cue’ ചാനലിന് നൽകിയ അഭിമുഖത്തിൽ പറയുകയുണ്ടായി.
മമ്മൂട്ടി വഴിയാണ് ആഗസ്റ്റ് ഒന്നിലേക്ക് ഞാൻ എത്തുന്നത് : സിബി മലയിൽ
തീർത്തും യാദൃച്ഛികമായാണ് ആഗസ്റ്റ് ഒന്നിലേക്ക് ഞാൻ എത്തുന്നത്. മമ്മൂട്ടിയാണ് ഈ സിനിമയുടെ സംവിധയകനായി എന്റെ പേര് നിർദ്ദേശിക്കുന്നത്.ഈ കഥ പ്രൊഡ്യൂസർ എം മാണിയുമായി എസ് എൻ സ്വാമി നേരത്തെ ഡിസ്കസ് ചെയ്തിരുന്നു. തന്റെ അടുത്ത സിനിമയുടെ ഡേറ്റ് സിബിയ്ക്കാണ് എന്നും സിബി ഈ സിനിമ ചെയ്യട്ടെ എന്നും മമ്മൂട്ടിയാണ് പ്രൊഡ്യൂസറോടു പറയുന്നത്. ഇങ്ങനെയൊരു സിനിമ എന്നെ ഏൽപ്പിക്കാൻ മുൻ ഉദാഹരണങ്ങൾ ഒന്നും ഇല്ല. അതുവരെ ഞാൻ ചെയ്തിരുന്ന കുടുംബ പശ്ചാത്തലത്തിൽ ഉള്ള സിനിമകളിൽ നിന്നും തീർത്തും വ്യത്യസ്തമായ പരിസരവും ട്രീറ്റ്മെന്റും ഒക്കെ ആവശ്യമുള്ള സിനിമയായിരുന്നു. അതൊരു രസം ആയി എനിക്കും തോന്നി. ടെക്നിക്കലി വളരെ പരിമിതമായ സാഹചര്യങ്ങളിലാണ് ആ സിനിമ ഷൂട്ട് ചെയ്തത്. ക്ളൈമാക്സ് രംഗങ്ങൾ വലിയ സെൻട്രൽ സ്റ്റേഡിയത്തിൽ മൂന്നു ക്യാമറകൾ വച്ചാണ് ഷൂട്ട് ചെയ്തത്. അതും അന്നത്തെ ഏറ്റവും മോശം ക്യാമറ ഉപയോഗിച്ച്. എന്നാൽ സിനിമയുടെ വിജയത്തെ അതൊന്നും ബാധിച്ചില്ല. രാജീവ് ഗാന്ധിക്ക് നേരെ ശ്രീലങ്കയിൽ നടന്ന അറ്റാക്ക് ആണ് ക്ളൈമാക്സിനു ആധാരമായത്. ആ ക്ളൈമാക്സ് മാറ്റണം എന്ന് സെൻസർബോർഡ് വാശി പിടിച്ചു. ഇങ്ങനെയൊരു രംഗം കണ്ടാൽ അത് പ്രേക്ഷകർക്ക് ഇത്തരം ഒരു ക്രൈമിന് പ്രേരണയോ പ്രചോദനമോ ആകും എന്നായിരുന്നു ബോർഡ് അംഗങ്ങളുടെ വാദം. എന്നാൽ ഇങ്ങനെയൊരു സംഭവം യഥാർത്ഥത്തിൽ നടന്നതാണെന്നും ലോകം മുഴുവൻ അത് കണ്ടതാണെന്നും അങ്ങിനെയാണ് ഈ രംഗം ഈ സിനിമയിൽ ഉൾപ്പെടുത്തിയത് എന്നും ഞാൻ ഒരു വാദഗതിക്കുവേണ്ടി പറഞ്ഞു. ഒടുവിൽ അവർ അനുമതി നൽകി.
എന്തായാലും സിനിമ തിയേറ്ററിൽ എത്തി വൻ വിജയവും നേടി. എനിക്ക് ആദ്യമായി കൊമേഴ്സ്യലി ബ്രേക്ക് നൽകിയ സിനിമയാണ് ആഗസ്റ്റ് ഒന്ന്.
ആദ്യമായി എന്റെ ഒരു സിനിമ 100 ദിവസം തിയേറ്ററിൽ പ്രദര്ശിപ്പിച്ചതും ആഗസ്റ്റ് ഒന്ന് ആണ്. മമ്മൂട്ടിയുടെ ഏറെ സ്റ്റൈലിഷ് ആയ, കൂൾ ആയ യൂണിഫോം അണിയാത്ത പോലീസ് ഓഫീസറെ ജനം കൈയടിയോടെയാണ് വരവേറ്റത്. ക്യാപ്റ്റൻ രാജുവിനും കിട്ടി നല്ല കൈയടി. ടെക്നിക്കലി ഉണ്ടായ പോരായ്മകൾ ഒന്നും തന്നെ പ്രേക്ഷകർ തള്ളിക്കളഞ്ഞു ആഗസ്റ്റ് ഒന്നിനെ ആ വർഷത്തെ ഏറ്റവും വലിയ വിജയ ചിത്രങ്ങളിൽ ഒന്നാക്കിമാറ്റി.