‘100% family 200% feel good’ എന്ന ടാഗ് ലൈൻ 101% അന്വർത്ഥമാക്കുന്ന ഒരു ഫാമിലി ഫീൽ ഗുഡ് മൂവിയാണ് ദിലീപിനെ നായകനാക്കി വ്യാസൻ കെപി തിരക്കഥ എഴുതി സംവിധാനം ചെയ്ത ശുഭരാത്രി.
കഥ പറഞ്ഞ രീതികൊണ്ടും സംവിധാന മികവുകൊണ്ടും അഭിനേതാക്കളുടെ മികച്ച പ്രകടനം കൊണ്ടും പ്രേക്ഷക മനസ്സിലേക്ക് നന്മയുടെ വെളിച്ചം വിതറുന്ന ഈ സിനിമ മലയാളത്തിലെ മികച്ച ചിത്രങ്ങളുടെ നിരയിൽ സ്ഥാനം പിടിക്കും.
കൃഷ്ണനും മുഹമ്മദും… വ്യത്യസ്ത സമുദായങ്ങളിൽ പെട്ട രണ്ടു സുഹൃത്തുക്കളുടെ സ്നേഹത്തിന്റെയും ആത്മബന്ധത്തിന്റെയും ത്യാഗത്തിന്റെയും കഥ പറയുന്ന ശുഭരാത്രി ഇന്നത്തെ കലുഷിതമായ സമൂഹത്തിനു നല്ലൊരു മെസ്സേജും നൽകുന്നു.
കൃഷ്ണനായി ദിലീപും മുഹമ്മദായി സിദ്ധിഖും മത്സരിച്ചഭിനയിച്ച ചിത്രത്തിൽ നായികയായെത്തുന്ന അനു സിതാരയുടെ പ്രകടനവും എടുത്തുപറയേണ്ടതാണ്.
ദിലീപിന്റെ ഏറ്റവും മികച്ച വേഷങ്ങളിൽ ഒന്നാണ് ഇതിലെ കൃഷ്ണൻ എന്ന കഥാപാത്രം. ഏറെ നാളുകൾക്കു ശേഷം കുടുംബ പ്രേക്ഷകർക്കിടയിൽ സ്വാധീനം ഉണ്ടാക്കാൻ പോകുന്നതായിരിക്കും ദിലീപിന്റെ കൃഷ്ണൻ.
ഏറെ കൈയടക്കത്തോടെ വളരെ മികച്ച രീതിയിൽ പ്രേക്ഷകരിലേക്ക് ഈ സിനിമയെ കൊണ്ടെത്തിക്കാൻ വ്യാസന്റെ തിരക്കഥയ്ക്കും അവതരണ രീതിക്കും കഴിഞ്ഞു. താൻ ഒരു മികച്ച സ്മവിധായകനാണെന്ന് രണ്ടാം വട്ടവും തെളിയിക്കുകയാണ് വ്യാസൻ. (നേരത്തെ വ്യാസൻ ഒരുക്കിയ ‘അയാൾ ജീവിച്ചിരിപ്പുണ്ട് ‘ എന്ന ചിത്രം നിരൂപക പ്രശംസ നേടിയിരുന്നു ).
ബിജിപാലിന്റെ സംഗീതവും ആൽബിയുടെ ക്യാമറയും മികവ് പുലർത്തി. മികച്ച ഗാനങ്ങളും അവയുടെ മനോഹരമായ ദൃശ്യാവിഷ്കാരവും ചിത്രത്തിന് മാറ്റു കൂട്ടുന്നു.
കുടുംബസമേതം ആസ്വാസദിക്കാവുന്ന ഒരു ഫീൽ ഗുഡ് മൂവി തന്നെയാണ് ശുഭരാത്രി.