ഇന്നത്തെ സമൂഹത്തിൽ സദാചാര പോലീസ് ചമയുന്നവർക്കെതിരെ ശക്തമായി പ്രതികരിച്ച ഒരു കൊച്ചുസിനിമയെ പ്രേക്ഷകർ നെഞ്ചേറ്റിയിട്ട് ഇന്നേക്ക് രണ്ടു വർഷം തികയുന്നു.
ഷട്ടർ എന്ന ചിത്രമൊരുക്കി പ്രേക്ഷകരെ ഞെട്ടിച്ച നടനും സംവിധായകനുമായ ജോയ് മാത്യുവിന്റെ തിരക്കഥയിൽ നവാഗതനായ ഗിരീഷ് ദാമോദർ സംവിധാനം ചെയ്ത അങ്കിൾ എന്ന മമ്മൂട്ടി ചിത്രം പ്രേക്ഷകനു സമ്മാനിച്ചത് ഒരു ഫീൽ ഗുഡ് മൂവി കൂടിയാണ്.
പോലീസുപോലും സദാചാര പോലീസാകുന്ന ഇക്കാലത്താണ് അങ്കിൾ എന്ന സിനിമയുടെ പ്രസക്തി. അതിലുപരി ക്യാമറയ്ക്ക് മുന്നിൽ നേർക്കുനേർ നിന്ന് ഇത്തരം സദാചാരവാദികളെ ചോദ്യം ചെയ്യുന്ന, മാനം എന്നത് അങ്ങനെ ഇടിഞ്ഞു വീഴില്ലെന്ന് പ്രഖ്യാപിക്കുന്ന അമ്മമാരുടെയും ചിത്രമാണ് അങ്കിൾ. സമകാലിക ഇന്ത്യൻ സാഹചര്യത്തിൽ സദാചാരമെന്ന സങ്കല്പത്തെ സ്നേഹബന്ധങ്ങളുടെ പശ്ചാത്തലത്തിൽ വിചാരണ ചെയ്ത സിനിമ കൂടിയായിരുന്നു അങ്കിൾ.
ഈ സിനിമയുടെ കഥയും കഥാപാത്രവും അറിഞ്ഞു പ്രതിഫലം പോലും നോക്കാതെ സഹകരിക്കുകയായിന്നു മമ്മൂട്ടി. മമ്മൂട്ടിയുടെ മികച്ച വേഷങ്ങളിൽ ഒന്നായിരുന്നു ഈ ചിത്രത്തിലെ ബിസിനസ്സുകാരൻ. പ്രേക്ഷകർ പോലും തെറ്റിദ്ധരിച്ചു പോകുന്ന അല്പം നെഗേറ്റീവ് ഷേഡുള്ള ആ കഥാപാത്രത്തെ ഏറെ തന്മയത്വത്തോടെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. ഒരു സന്നിഗ്ദ ഘട്ടത്തിൽ സ്വന്തം മകളെപ്പോലെ കണ്ട ആത്മസുഹത്തിന്റെ മകളെയും സദാചാര പോലീസുകാർ വിചാരണ ചെയ്യുമ്പോൾ തകർന്നു പോകുന്ന ഒരു മനുഷ്യന്റെ നിസ്സഹായത മമ്മൂട്ടി എന്ന അനുഗ്രഹീത നടനിലൂടെ പ്രേക്ഷകരിലേക്ക് എത്തിയപ്പോൾ അതൊരു മികച്ച അനുഭവം കൂടിയായി മാറി.
മുത്തു മണിയും ജോയ് മാത്യു വും മികച്ച പ്രകടനം കാഴ്ചവച്ച ചിത്രത്തിന്റെ ഛായാഗ്രഹണവും മികചുനിന്നു.
മലയാള സിനിമയ്ക്ക് നിരവധി പുതിയ സംവിധായകരെ പരിചയപ്പെടിത്തിയ മമ്മൂട്ടി അങ്കിളിലൂടെ കഴിവുറ്റ ഒരു ചെറുപ്പക്കാരനെ കൂടി സമ്മാനിച്ചു. രഞ്ജിത്, എം പത്മകുമാർ, ജോയ് മാത്യു തുടങ്ങിയവരുടെ അസോസിയേറ്റായി ദീർഘകാലം പ്രവർത്തിച്ച ഗിരീഷ് ദാമോദർ എന്ന കോഴിക്കോട്ടുകാരൻ തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ കഴിവ് തെളിയിച്ചു. ജോയ് മാത്യു വിന്റെ കാലിക പ്രസക്തമായ തിരക്കഥയെ അതിന്റെ ഗൗരവം ഒട്ടും ചോർന്നുപോകാതെ തന്നെ അഭ്രപാളിയിൽ പകർത്തിയ ഗിരീഷ് മലയാള സിനിമയ്ക്ക് ഒരു വാഗ്ദാനം കൂടി ആയി മാറുകയായിരുന്നു.
എന്നാൽ അങ്കിൾ എന്ന സിനിമ ഇറങ്ങി രണ്ടു വർഷം പിന്നിടുമ്പോഴും ഗിരീഷ് ദാമോദർ മറ്റൊരു സിനിമയുമായി പ്രേക്ഷകർക്ക് മുൻപിലെത്തിയിട്ടില്ല. ഗിരീഷിൽ നിന്നും വീണ്ടും ശക്തമായ ഒരു സിനിമയ്ക്ക് വേണ്ടി കാത്തിരിക്കുകയാണ് പ്രേക്ഷകർ.
