ഹരിഹരനും മമ്മൂട്ടിയും ഒരുമിച്ചപ്പോഴൊക്കെ മലയാള സിനിമയ്ക്ക് എക്കാലവും അഭിമാനിക്കാവുന്ന ക്ലാസിക്ക് സിനിമകൾ പിറവിയെടുത്തിട്ടുണ്ട്. ഒരു വടക്കൻ വീരഗാഥയും കേരളം വർമ്മ പഴശിരാജയും ഇരുവരുടേയും കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളുടെ മുൻനിരയിൽ ഇടം പിടിച്ചവയാണ്. പ്രേക്ഷകരും നിരൂപകരും ഒരുപോലെ നെഞ്ചേറ്റിയ ഈ ചിത്രങ്ങൾ നിരവധി പുരസ്‌ക്കാരങ്ങൾ കരസ്ഥമാക്കിയവ കൂടിയാണ്.ഈ കൂട്ടുകെട്ടിൽ നിന്ന് ഒരു പുതിയ ചിത്രം വരുന്നു എന്നാണ് സംവിധായകൻ ഹരിഹരന്റെ വാക്കുകൾ സൂചിപ്പിക്കുന്നത്. ചരിത്ര കഥാപാത്രമായ മാർത്താണ്ഡ വർമയായി മലയാളത്തിന്റെ മഹാനടൻ വെള്ളിത്തിരയിലെത്തുന്നു എന്നതാണ് പുതിയ സിനിമയുടെ സവിശേഷത. കുഞ്ചൻ നമ്പ്യാരുടെ ജീവിത കഥ പറയുന്ന ‘കലക്കത്ത് കുഞ്ചൻ നമ്പ്യാർ’ എന്ന സിനിമയിൽ മാർത്താണ്ഡ വർമയായി അതിഥി വേഷത്തിലാണ് മമ്മൂട്ടി എത്തുക.
‘കലക്കത്ത് കുഞ്ചൻ നമ്പ്യാർ’ എന്ന ബ്രഹ്മാണ്ഡ സിനിമയെക്കുറിച്ച് ഹരിഹരന്റെ വാക്കുകൾ – “ഒരു വർഷത്തെ തയ്യാറെടുപ്പിന് ശേഷമാണ് ‘കലക്കത്ത് കുഞ്ചൻ നമ്പ്യാർ’ എന്ന സിനിമയുടെ പൂജയും റെക്കോർഡിങ്ങും ഏപ്രിൽ പതിനാലിന് മദിരാശിയിൽ വച്ച് നടത്താൻ തീരുമാനിച്ചത്.കുഞ്ചൻ നമ്പ്യാരായി പ്രിത്വിരാജ് അഭിനയിക്കുന്ന ചിത്രത്തിൽ മാർത്താണ്ഡ വർമയുടെ വേഷത്തിൽ അതിഥിയായി മമ്മൂട്ടിയും അഭിനയിക്കാമെന്ന് സമ്മതിക്കുകയും ചെയ്തു.മറ്റ് അഭിനേതാക്കളെയും സാങ്കേതിക പ്രവർത്തകരേയും മറ്റും ഏകദേശം തീരുമാനിച്ച് തയ്യാറെടുക്കുമ്പോഴാണ് കോവിഡ് എന്ന മാരക വൈറസിന്റെ രംഗ പ്രവേശം”. മലയാളത്തിന്റെ മഹാ നടൻ വീണ്ടും ഒരു ചരിത്ര കഥാപാത്രത്തെ വെള്ളിത്തിരയിൽ അനശ്വരമാക്കാൻ ഒരുങ്ങുന്നു എന്നത് ഏതൊരു ചലച്ചിത്രപ്രേമിക്കും ആഹ്ളാദം പകരുന്ന വാർത്തയാണ്
