ഞാനാദ്യമായി മമ്മൂട്ടിയെ കാണുന്നത് മദ്രാസിൽ വച്ചാണ്. 1981ൽ പ്രസാദ് ഡബ്ബിങ് തിയേറ്ററിന്റെ മുറ്റത്ത് വച്ച് ഒരു മെലിഞ്ഞ ചെറുപ്പക്കാരൻ എന്നെ വന്നു പരിചയപ്പെട്ടു. “മേളയിൽ അഭിനയിച്ചിട്ടുണ്ട്” അയാൾ പറഞ്ഞു ‘അറിയാം പോസ്റ്റർ കണ്ടിരുന്നു’ ഞാൻ തിരിച്ചു പറഞ്ഞു
പിന്നീട് കുറെ നാൾ കഴിഞ്ഞ് എവിഎം സ്റ്റുഡിയോയിൽ ഇതേപോലെ കണ്ടു. ഹലോ പറഞ്ഞ് പിരിഞ്ഞു. അതിലപ്പുറം അടുപ്പം ഒന്നും ഉണ്ടായില്ല.
മറ്റു പല പുതുമുഖങ്ങളെയും പോലെ ചാൻസ് തരണം എന്നൊന്നും പറഞ്ഞില്ല.
തുടർന്ന് മമ്മൂട്ടിക്ക് കുറേക്കൂടി പടങ്ങൾ ആയി. മികച്ച നടനെന്ന നിലയിൽ മമ്മൂട്ടിയുടെ സാന്നിധ്യം ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു.
അങ്ങനെയിരിക്കെ ഒരു ദിവസം ജൂബിലി പ്രൊഡക്ഷൻസ് ജോയ് തോമസ് എന്നോട് ചോദിച്ചു, “നമുക്ക് മമ്മൂട്ടിയെ വെച്ച് ഒരു പടം എടുത്താൽ എന്താ?” “നോക്കാം” എന്ന് ഞാൻ പറഞ്ഞു. അങ്ങനെ ഡേറ്റ് ഫിക്സ് ചെയ്തു. അപ്പോഴേക്കും മമ്മൂട്ടിക്ക് നല്ല തിരക്കായി കഴിഞ്ഞിരുന്നു.
ഷൂട്ടിംഗ് തുടങ്ങി.. ആരാത്രി എന്ന ചിത്രം. മമ്മൂട്ടിയും ഞാനും ആദ്യമായി ഒന്നിച്ച ചിത്രം ആ വർഷത്തെ ഏറ്റവും വലിയ വിജയമായി മാറി. പിന്നീട് നിരവധി ചിത്രങ്ങൾ വഴി മമ്മൂട്ടി സൂപ്പർസ്റ്റാർ ആയി വളർന്നു. ഞങ്ങൾ അടുത്ത ചങ്ങാതിമാരും ആയി. 35ൽ പരം ചിത്രങ്ങൾ ഞങ്ങൾ ഒരുമിച്ചു ചെയ്തു.
ഒരു സംവിധായകനും അഭിനേതാവും എന്നതിലുപരി ആഴത്തിൽ വേരോടിയ ഒരു സൗഹൃദം ഞങ്ങൾ തമ്മിൽ ഉണ്ട്. മറ്റേതൊരു നടനോളും ഉള്ളതിനേക്കാൾ കുടുംബപരവും വ്യക്തിപരവുമായ ഒരടുപ്പം. വീട്ടിലെ വിശേഷങ്ങൾ ഞങ്ങൾ പരസ്പരം പങ്കിടാറുണ്ട്.
പ്രൊഫഷണലായി ഞങ്ങൾ തമ്മിലുള്ള ഒരു സാമ്യം പറയാം. ഉയർച്ചതാഴ്ചകൾ ഞങ്ങൾക്ക് ഏതാണ്ട് ഒരേ കാലത്ത് ഉണ്ടായിട്ടുണ്ട്.
‘ജോഷി ഔട്ടായി, മമ്മൂട്ടി ഔട്ടായി’ എന്നു പത്രങ്ങൾ എഴുതിയ ഒരു കാലമുണ്ടായിരുന്നു. എന്റെ ന്യായവിധി, സായംസന്ധ്യ, വീണ്ടും തുടങ്ങിയ ചിത്രങ്ങൾ സാമ്പത്തികമായി വിജയമായില്ല. അതേസമയം മറ്റുചില മമ്മൂട്ടി ചിത്രങ്ങളും നന്നായി ഓടിയില്ല. ഒരേതരം കുടുംബ കഥാപാത്രത്തെ മമ്മൂട്ടി അവതരിപ്പിക്കുന്നത് കണ്ട് ആളുകൾ മടുത്തിരുന്നു.
“ഔട്ടായി കഴിഞ്ഞാൽ ഞാൻ ഇനി വരും എന്ന് തോന്നുന്നില്ല” മമ്മൂട്ടി എന്നോട് പറഞ്ഞു. “അങ്ങനെ ഒന്നും പറയാൻ പറ്റില്ല.സിനിമയല്ലേ. കയറ്റിറക്കങ്ങൾ ഉണ്ടാകും”. ഞാൻ ആശ്വസിപ്പിച്ചു
ഞങ്ങൾ വീണ്ടും ഒരു സിനിമ പ്ലാൻ ചെയ്തു. ന്യൂഡൽഹി. ഷൂട്ടിംഗ് പൂർത്തിയാക്കി അടുത്ത ചിത്രമായ നായർ സാബിന്റെ ചിത്രീകരണത്തിന് ഞങ്ങൾ ശ്രീനഗറിൽ ആയിരിക്കുമ്പോഴാണ് ന്യൂഡൽഹി കേരളത്തിൽ റിലീസ് ചെയ്യുന്നത്. രാത്രിയോടെ ജോയി തോമസ് വിളിച്ചു. “പടം സൂപ്പർ ആണ്. എല്ലായിടത്തും ഗംഭീര റിപ്പോർട്ട്.” മമ്മൂട്ടിയും ഞാനും കെട്ടിപ്പിടിച്ച് കരഞ്ഞു പോയി മമ്മൂട്ടിയുടെ തിരിച്ചുവരവ് അത്ഭുതകരമായിരുന്നു നായകനടന്മാരുടെ പതനം സ്വാഭാവികമാണ്. പിന്നീട് അവർ പിടിച്ചു നിന്നിട്ടുള്ളത് സൈഡ് റോളുകളിൽ മാത്രമാണ്. മമ്മൂട്ടിയുടെ കാര്യത്തിൽ ഇത് തിരുത്തികുറിക്കപ്പെട്ടു.
ദൂരെ മാറി നിന്നു നോക്കുമ്പോൾ നമുക്കുണ്ടാവുന്ന ധാരണകളിൽ നിന്ന് ഏറെ വിഭിന്നമാണ് മമ്മൂട്ടിയെ അടുത്തറിയുമ്പോൾ. ഒരു മുജ്ജന്മ ബന്ധത്തിൽ എന്നപോലെ സ്നേഹ വിശ്വാസങ്ങളുടെ ഒരു ലോകത്തേക്ക് മമ്മൂട്ടി നമ്മെ കൊണ്ടു പോകുന്നു.
