മോഹൻലാലിന്റെ അറുപതാം പിറന്നാൾ ദിനത്തിൽ മലയാളത്തിന്റെ പ്രിയനടൻ മോഹനലാലിനു ആശംസകൾ നേർന്നു മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി
മമ്മൂട്ടിയുടെ വാക്കുകൾ :
ലാലിന്റെ ജന്മദിനമാണിന്ന്…
ഞങ്ങൾ തമ്മിൽ പരിചയമായിട്ട് ഏകദേശം 39 വർഷങ്ങൾ കഴിഞ്ഞു. പടയോട്ടത്തിന്റെ സെറ്റിൽ വച്ചാണ് ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും. ആ പരിചയം ദാ ഇവിടെവരെയെത്തി.. !
എന്റെ സഹോദരങ്ങൾ വിളിക്കുന്ന പോലെയാണ് ലാലെന്നെ സംബോധന ചെയുന്നത്.. “ഇച്ചാക്ക” എന്ന്. പലരും അങ്ങനെ വിളിക്കുമ്പോഴും മറ്റുള്ളവർ ആലങ്കാരികമായി വിളിക്കുമ്പോഴും എനിക്കത്ര സന്തോഷം തോന്നാറില്ല. ലാലു വിളിക്കുന്നത് കേൾക്കുമ്പോൾ ഒരു പ്രത്യേക സുഖം തോന്നാറുണ്ട്. എന്റെ സഹോദരങ്ങളിൽ ഒരാൾ ആണെന്ന തോന്നൽ. എനിക്കിപ്പോഴും ഓർമ്മയുണ്ട്, സിനിമയിൽ നമുക്ക് രണ്ടുപേർക്കും ഒരു പേരായിരുന്നു. ഒരു പേര് എന്നു പറഞ്ഞാൽ രണ്ടുപേരുടെയും ചേർത്ത് ഒരു പേര്. നമുക്കൊപ്പം വന്ന ഒരുപാട് സുഹൃത്തുക്കൾ നമ്മുടെ കൂടെ ഉണ്ടായിരുന്നു. നമ്മുടെ കൂടെ അഭിനയിച്ച ഒത്തിരി ആളുകൾ. പലരും ഇപ്പോഴും ഉണ്ട്. ചിലരൊക്കെ പോയി. അന്നത്തെ കാലത്ത് സിനിമയോട് വലിയ ഗൗരവം ഉണ്ടായിരുന്നെങ്കിലും ജീവിതത്തെ അത്ര ഗൗരവത്തോടെ കണ്ടിരുന്നില്ല. കോളേജ് വിദ്യാർത്ഥികളെ പോലെ പാടിയും രസിച്ചും തമാശ പറഞ്ഞും കളിച്ചും ഒക്കെ നടന്ന കാലം. പക്ഷേ നമ്മുടെ തൊഴിലിനോട് വളരെ ഗൗരവമുള്ള സമീപനമായിരുന്നു ഉണ്ടായിരുന്നത്. പരീക്ഷയ്ക്ക് മാത്രം പഠിക്കുന്ന വിദ്യാർത്ഥികളെ പോലെ, നമ്മുടെ തൊഴിലിനോട് അഭിനയിക്കുന്ന സമയത്ത് ഗൗരവം കാണിക്കുന്ന ഒരു സമീപനം. അതുകൊണ്ട് അങ്ങിനെയുള്ള പരീക്ഷയ്ക്ക് നമുക്ക് സാമാന്യം നല്ല മാർക്ക് കിട്ടിയിരുന്നു. അതുകൊണ്ടാണ് നമ്മൾ ആളുകൾ ഇത്രയും സ്നേഹിക്കുകയും വളർത്തുകയും ഒക്കെ ചെയ്ത നടന്മാരായി മാറിയത്.
പക്ഷേ അതിനുശേഷമുള്ള നമ്മുടെ ഒരു യാത്ര വളരെ നീണ്ട ഒരു യാത്രയായിരുന്നു. ചില്ലറ പിണക്കങ്ങളും പരിഭവങ്ങളും ഒക്കെ നേരിട്ട് കാണുമ്പോൾ ഐസ് പോലെ അലിഞ്ഞു പോകുന്ന ഒരുപാട് അനുഭവങ്ങൾ. എന്റെ മകളുടെ വിവാഹം, മകന്റെ വിവാഹം… അതൊക്കെ സ്വന്തം വീട്ടിലെ വിവാഹങ്ങൾ പോലെ ലാൽ നടത്തി തന്നത് എനിക്കിപ്പോഴും ഓർമ്മയുണ്ട്. അപ്പുവിനെ ആദ്യമായി സിനിമയിൽ ഇൻട്രൊഡ്യൂസ് ചെയ്യാൻ പോയ സമയത്ത് എന്റെ വീട്ടിൽ വന്ന് അനുഗ്രഹം വാങ്ങിയത്, എന്റെ സ്നേഹം വാങ്ങിയത്, എന്റെ പ്രാർത്ഥനകൾ കൊണ്ട്പോയതൊക്കെ..
സിനിമയിൽ കാണുന്ന സിനിമാ നടീനടൻമാർ എന്നതിലുപരി അതിനപ്പുറത്തേക്ക്
ഒരു വലിയ സൗഹൃദം നമ്മൾ തമ്മിൽ വളർന്നിരുന്നു. അത് നമ്മുടെ യാത്രയിലെ മറക്കാനാവാത്ത, ഇനിയും മറക്കാത്ത, മറന്നുകൂടാത്ത ഒരു വലിയ കാര്യമാണ്.
ഈ യാത്ര നമുക്ക് തുടരാം…
ഇനിയുള്ള കാലം.. ഇനിയെത്രകാലം എന്ന് നമുക്കറിയില്ല, പക്ഷേ ഇനിയുള്ള കാലവും നമ്മൾ യാത്ര ചെയ്യുകയാണ്. പുഴയൊഴുകുന്നതു പോലെ… കാറ്റുവീശുന്ന പോലെ ആയിരുന്നു നമ്മുടെ യാത്ര.
നമ്മുടെ ജീവിത പാഠങ്ങൾ നമ്മുടെ പിന്നാലെ വരുന്നവർക്ക് അനുഭവിക്കാനും അറിഞ്ഞു മനസ്സിലാക്കാനുള്ള പാഠങ്ങൾ ആവട്ടെ. മലയാളത്തിലെ ഈ അത്ഭുത കലാകാരന്.. ലാലിന്.. മലയാളികളുടെ ലാലേട്ടന്.. മലയാളസിനിമ കണ്ട മഹാനായ നടന്.. പ്രിയപ്പെട്ട മോഹൻലാലിന് ജന്മദിനാശംസകൾ.
