പുലിയെ പിടിക്കാനെത്തുന്ന വാറുണ്ണിയിലൂടെയാണ് മമ്മൂക്കയെ ഞാനാദ്യം ബിഗ് സ്‌ക്രീനിൽ കാണുന്നത്. അതാണെന്റെ ഓർമ്മ. പിന്നീട് മമ്മൂക്കയുടെ എല്ലാ ചിത്രങ്ങളും കാണാറുണ്ട്. കുറച്ചുകൂടി വലിയ കുട്ടി ആയപ്പോഴേക്കും സിനിമയെന്ന മാധ്യമത്തെ കുറിച്ച് കൂടുതൽ മാമസ്സിലാക്കാൻ സാധിച്ചു.
വല്യേട്ടൻ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഡാഡിയുടെ സുഹൃത്തിന്റെ വീടായ ചേലൂർ മനയിലായിരുന്നു. ഷൂട്ടിങ് കാണാൻ എന്നെയും കൂട്ടി ഡാഡി മനയിലെത്തി. അന്നാദ്യമായാണ് ഒരു സിനിമാ സെറ്റിൽ ഞാൻ എത്തുന്നത്. അതും മമ്മൂക്കയെ കാണണമെന്ന ആഗ്രഹം കൊണ്ടായിരുന്നു പോയതുതന്നെ. ഉച്ചയ്ക്ക് ഊണ് കഴിഞ്ഞവേളയിൽ ഡാഡിയെയും എന്നെയും ഡാഡിയുടെ സുഹൃത്ത് മമ്മൂക്കയ്ക്ക് പരിചയപ്പെടുത്തി. ഒരു ഷൂട്ടിങ് സ്ഥലത്തെ സാധാരണ സംഭവമായിട്ടേ മമ്മൂക്ക അതിനെ കരുതിയിട്ടുള്ളൂവെങ്കിലും എനിക്കത് ജീവിതത്തിലെ മറക്കാനാകാത്ത ദിവസം തന്നെയായിരുന്നു.
മമ്മൂക്കയെന്ന വ്യക്തിയെ അടുത്തറിയുന്നവർക്ക് ഒരു നല്ല മനുഷ്യൻ എന്നേ അഭിപ്രായമുണ്ടാകൂ. ദൂരെ നിന്ന് കാണുന്നവർക്ക് ജാഡയാണെന്ന് തോന്നും. ലൊക്കേഷനിൽ അദ്ദേഹം ശാന്തനാണ്. ചില അവസരങ്ങളിൽ ചെയ്യുന്ന കഥാപാത്രവുമായി താദാത്മ്യമുള്ള സ്വഭാവത്തിലായിരിക്കും.
വേഷം എന്ന ചിത്രത്തിൽ വലിയ വിദ്യാഭ്യാസമില്ലാത്ത ഒരു കഥാപാത്രമായിരുന്നല്ലോ മമ്മൂക്കയുടേത്. അപ്പോൾ എനിക്കൊന്നും അറിയില്ലേ എന്ന ഭാവമായിരുന്നു ! സിബിഐ യുടെ സെറ്റിൽ ഞാൻ കണ്ടത് ഇന്റലിജന്റായ മമ്മൂക്കയെ ആയിരുന്നു! സിനിമയിലും ജീവിതത്തിലും ഒരുപോലെ.
ലൊക്കേഷനിൽ ഫ്രീ ടൈമിൽ എല്ലാ അഭിനേതാക്കളുടേയുമൊപ്പം മമ്മൂക്കയുമിരുന്ന് കഥപറയും. മമ്മൂക്ക പറയുന്നതെല്ലാം ലോക കാര്യങ്ങളായിരിക്കും. അതിന്റെ പകുതിയിലേറെയും എനിയ്ക്ക് പുതിയ അറിവുകളായിരുന്നു. എല്ലാ കാര്യങ്ങളെക്കുറിച്ചും മമ്മൂക്കയ്ക്ക് വ്യക്തമായ നിലപാടാണുള്ളത്. ഓരോ കാര്യങ്ങളെക്കുറിച്ചും ഏറ്റവും ലേറ്റസ്റ്റ് ആയ വിവരങ്ങൾ മമ്മൂക്കയിൽ നിന്നും കേൾക്കാം.
മമ്മൂക്കയുടെ ഭാഗ്യജോഡി എന്ന് കേൾക്കുമ്പോൾ വളരെ സന്തോഷം തോന്നാറുണ്ട്. ഞങ്ങൾ ഒന്നിച്ചഭിനയിച്ച ഭൂരിഭാഗം ചിത്രങ്ങളും സൂപ്പർ ഹിറ്റുകൾ ആയിരുന്നു. അണ്ണൻ തമ്പി, വേഷം, മായാവി, പോത്തൻ വാവ, നേരറിയാൻ സിബിഐ, ട്വന്റി ട്വന്റി… അങ്ങനെ മമ്മൂക്കയുടെ ഭാഗ്യജോഡി എന്നത് വലിയൊരു അംഗീകാരമായി തന്നെ കാണുന്നു.
