നിരവധി ഇഷ്ടകഥാപാത്രങ്ങൾ ഉണ്ടെങ്കിലും അഴകിയ രാവണനിലെ ശങ്കർ ദാസ് ആണ് ശ്രീ എം എ ബേബി എടുത്തുപറയുന്നത്.
പൗരുഷം തുളുമ്പുന്ന കഥാപാത്രങ്ങളാണ് മമ്മൂട്ടിയ്ക്ക് ചേരുക എന്ന് പറയാറുണ്ട്. ഇത്തരം വേഷങ്ങളിൽ മമ്മൂട്ടിയെ വെല്ലാൻ ഇന്ന് മലയാളത്തിൽ ആരുമില്ല. ഇത്തരം കഥാപാത്രങ്ങൾ മാത്രമല്ല ഈ നടന്റെ കൈയിൽ ഭദ്രമാകുക എന്നതിനും തെളിവുകൾ ഏറെയുണ്ട്. അഴകിയ രാവണനും കോട്ടയം കുഞ്ഞച്ചനും തൊട്ട് രാജമാണിക്യം വരെയുള്ള ചിത്രങ്ങൾ ഒരുവശത്ത്… സൂര്യമാനസവും പൊന്തന്മാടയും മൃഗയയും പോലുള്ള ചിത്രങ്ങൾ മറുവശത്ത്. ഈ നടനവൈഭവം മലയാളിയ്ക്ക് അഭിമാനമാണ്. വൈവിധ്യം നിറഞ്ഞ കഥാപാത്രങ്ങൾക്ക് മിഴിവേകാനുള്ള മമ്മൂട്ടിയുടെ കഴിവ് അനുഗ്രഹാതീതമാണ്.
അഴകിയ രാവണനിൽ എന്നെ ഏറെ സ്പർശിച്ച അവിസ്മരണീയമായ ഒരു അഭിനയമുഹൂർത്തമുണ്ട്. താൻ വിവാഹം കഴിക്കാൻ ആഗ്രഹിച്ച പെൺകുട്ടി ഒരു പ്രത്യേക സാഹചര്യത്തിൽ ചാരിത്ര്യം നഷ്ടപ്പെട്ടവളാണ് താനെന്ന് തുറന്നു പറയുന്ന രംഗം. ആ രംഗത്ത് മമ്മൂട്ടിയുടെ മുഖത്ത് ദൃശ്യമാകുന്ന ഭാവം ഉജ്ജ്വലമാണ്… ആർക്കും മറക്കാനാവില്ല ആ രംഗം.