മമ്മൂട്ടിയുടെ അനിതരസാധാരണമായ അഭിനയം കൊണ്ടും ടി വി ചന്ദ്രന്റെ സംവിധാന മികവ് കൊണ്ടും ശ്രദ്ധിക്കപ്പെട്ട ചിത്രമാണ്. മമ്മൂട്ടിയോടൊപ്പം അനുഗ്രഹീത നടൻ നസറുദ്ധീൻ ഷായും അഭിനയിച്ച ഈ ചിത്രം മാട എന്ന കീഴ്ജാതിക്കാരനായ ഒരടിയാളന്റെയും ഇംഗ്ലണ്ടിൽ നിന്നും പുറത്താക്കപ്പെട്ട നാടുവാഴിയായ ശീമത്തമ്പുരാന്റെയും ആത്മബന്ധത്തിലൂടെയാണ് ചിത്രത്തിന്റെ കഥ മുന്നോട്ടു പോകുന്നത്. 1940 കളിലെ കേരളീയ സാഹചര്യങ്ങളാണ് കഥയ്ക്ക് പശ്ചാത്തലമാകുന്നത്. സി വി ശ്രീരാമന്റെ പൊന്തൻ മാട, ശീമതമ്പുരാൻ എന്നീ രണ്ട് ചെറുകഥകളെ അവലംബിച്ചു ടി വി ചന്ദ്രൻ തിരക്കഥയൊരുക്കിയ ഈ ക്ലാസ് ചിത്രം ബോക്സോഫീസിലും വിജയമായി മാറി എന്നത് ചരിത്രം!
പൊന്തൻ മടയിലെയും അടൂർ ഗോപാലകൃഷ്ണന്റെ വിധേയനിലേയും പ്രകടനങ്ങൾ മുൻ നിർത്തിയാണ് 1994-ലെ മികച്ച നടനുളള സംസ്ഥാന -ദേശീയ പുരസ്കാരങ്ങൾ മമ്മൂട്ടിയെ തേടിയെത്തിയത്.
തികച്ചും രണ്ടു വ്യത്യസ്ത ധ്രുവങ്ങളിലുള്ള കഥാപാത്രങ്ങളെയാണ് മമ്മൂട്ടി ഈ ചിത്രങ്ങളിൽ അവതരിപ്പിച്ചത്. ഒരു നടന്റെ റേഞ്ച് എന്തെന്ന് മനസ്സിലാക്കാൻ ഇന്നും ഒരു അഭിനയലോകത്തെ പാഠപുസ്തകമാണ് മാടയും പട്ടേലരും.
മന്ത്രി ജി സുധാകരന്റെ ഇഷ്ടപ്പെട്ട മമ്മൂട്ടി കഥാപാത്രങ്ങളിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത് പൊന്തൻ മാടയിലെ മാടയാണ്.
അദ്ദേഹത്തിന്റെ വാക്കുകൾ :
മമ്മൂട്ടിയുടെ ഇഷ്ടപ്പെട്ട ഒരു കഥാപാത്രത്തെ തിരഞ്ഞെടുക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. അതേക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിലേക്ക് ഒട്ടനവധി കഥാപാത്രങ്ങളുടെ തള്ളിക്കയറ്റമാണ്. എങ്കിലും പൊന്തൻ മാടയെന്ന മമ്മൂട്ടി കഥാപാത്രത്തിന്റെ ഒരു ആരാധകനാണു ഞാൻ.
മോഡേൺ സൊസൈറ്റി എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന കൃത്രിമ ജീവിതത്തിന്റെ പൊള്ളത്തരങ്ങൾക്കു മുൻപിൽ മന്ദബുദ്ധിയായി ഒരുപക്ഷേ പരിഗണിച്ചേക്കാവുന്ന നിഷ്കളങ്ക ജീവിതത്തിന്റെ ഒരുപിടി ഓർമ്മകൾ അവശേഷിപ്പിക്കുന്ന അതിസുന്ദര ചിത്രമാണ് പൊന്തൻ മാട. ശാരീരിക ബന്ധങ്ങൾക്ക് മാനസിക ബന്ധങ്ങളാണ് നിദാനമെന്നറിയാത്ത പുതിയ തലമുറയ്ക്ക് അന്യമായ ഒരു ഭാവതലമാണ് പൊന്തന്മാടയിലെ മമ്മൂട്ടി. കാരുണ്യവും മനുഷ്യത്വവും സംഘർഷവും സ്നേഹവും കാമവും… അങ്ങനെ എല്ലാ മാനുഷിക വശങ്ങളും ഒരു കഥാപാത്രത്തിലൂടെ അവതരിപ്പിച്ചു വിജയിപ്പിക്കുവാൻ മമ്മൂട്ടിയ്ക്ക് കഴിഞ്ഞു.
തയ്യാറാക്കിയത് : വി ആർ ശങ്കർ.
