1985-ൽ പുറത്തിറങ്ങിയ മമ്മൂട്ടി ജോഷി ടീമിന്റെ സൂപ്പർഹിറ്റ് ചിത്രമാണ് നിറക്കൂട്ട്. കുടുംബ പ്രേക്ഷകരുടെ ഇഷ്ട നടനായി എതിരാളികൾ ഇല്ലാത്ത നടനായി മമ്മൂട്ടിയെ മാറ്റിയതിൽ ഈ ചിത്രത്തിന് വലിയ പങ്കുണ്ട്. ഒരുവശത്ത് ഭാര്യയെ കൊന്നവൻ എന്ന് ഉർവശി അവതരിപ്പിക്കുന്ന പത്രപ്രവർത്തകയുടെ ഭാവനയിൽ കാണുന്ന വില്ലനായും മറുവശത്തു സ്നേഹനിധിയായ ഭർത്താവായും മമ്മൂട്ടി ഉജ്ജ്വല പ്രകടനമാണ് കാഴ്ചവച്ചത്. ഈ സിനിമയിലൂടെ മമ്മൂട്ടി -സുമലത ജോഡി മലയാളികളുടെ പ്രിയപ്പെട്ട ജോഡികളായും മാറി. ആക്‌ഷൻ ചിത്രങ്ങൾ കൂടുതൽ ഒരുക്കിയ ജോഷി എന്ന സംവിധായകന്റെ കരിയറിലും ഒരു മാറ്റം കൊണ്ടുവന്ന സിനിമ കൂടിയാണ് നിറക്കൂട്ട്.
ഡെന്നീസ് ജോസഫ് ആണ് ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. ജൂബിലി പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോയ് തോമസ് നിർമ്മിച്ച നിറക്കൂട്ട് 1985-ലെ ഏറ്റവും വലിയ ബോക്സോഫീസ് വിജയം നേടി. അന്നത്തെ കാലത്ത് ഒന്നര കോടിയിലധികം രൂപയാണ് ഈ സിനിമ കളക്ട് ചെയ്തത്.
ഇന്നും ചാനലുകളിൽ വരുമ്പോൾ ഈ സിനിമയ്ക്ക് ആരാധകർ ഏറെയാണ്.
മുൻ മന്ത്രി പി കെ ശ്രീമതി ടീച്ചറുടെ ഇഷ്ട മമ്മൂട്ടി കഥാപാത്രങ്ങളിൽ മുന്നിൽ നിൽക്കുന്നത് നിറക്കൂട്ടിലെ രവിവർമ്മ എന്ന കഥാപാത്രമാണ്.
ശ്രീമതി ടീച്ചറുടെ വാക്കുകൾ :
മമ്മൂട്ടി എന്ന അതുല്യ നടന്റെ പ്രതിഭ മാറ്റുരയ്ക്കുന്ന ചിത്രമാണ് നിറക്കൂട്ട്. ഒരു തെറ്റും ചെയ്യാതെ നായകനും നായികയും അകന്നുജീവിക്കുന്നു. ഒടുവിൽ സത്യം തിരിച്ചറിയുമ്പോൾ ഒരിക്കലും മടങ്ങിവരാൻ കഴിയാത്ത ലോകത്തേക്ക് നായിക വിടപറയുന്നു. ഹൃദയസ്പർശിയായിരുന്നു നിറക്കൂട്ടും അതിലെ മമ്മൂട്ടി കഥാപാത്രവും.
ഈ സിനിമയിൽ മമ്മൂട്ടിയുടെ വ്യത്യസ്തമായ രണ്ട് മുഖങ്ങൾ പ്രേക്ഷകർ കാണുന്നുണ്ട്. സഹോദരിയെ കൊന്നു എന്ന് വിശ്വസിക്കുന്ന പത്രപ്രവർത്തകയായ അനുജത്തിയിലൂടെ (ഉർവശി) പ്രേക്ഷകന് മുന്നിൽ എത്തുന്ന ക്രൂരനായ ചിത്രകാരനായ ഭർത്താവ്.. എന്നാൽ രണ്ടാം പകുതിയിൽ ഭാര്യയെ ജീവനേക്കാളേറെ സ്നേഹിക്കുന്ന ഭർത്താവ്..
അന്നത്തെ കാലത്ത് സ്ത്രീകളുടെ മനസ്സിൽ ഏറെ നൊമ്പരം ഉണർത്തിയ ഭാര്യ ഭർതൃ കഥാപാത്രങ്ങൾ കൂടിയായിരുന്നു നിറക്കൂട്ടിലെ മമ്മൂട്ടി സുമലത ജോടികൾ.
തയ്യറാക്കിയത് : വി ആർ ശങ്കർ
