1981-ൽ ഞാൻ തിരുവനന്തപുരം ലോ അക്കാദമിയിലെ വിദ്യാർത്ഥിയായിരിക്കുമ്പോഴയിരുന്നു ബലൂൺ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ്.
മമ്മൂട്ടിക്കും എനിയ്ക്കും തുല്യ പ്രാധാന്യമുള്ള വേഷങ്ങളായിരുന്നു ആ ചിത്രത്തിൽ. ആദ്യമായി ഞാൻ മമ്മൂട്ടിയെ കാണുന്നതും ബലൂണിന്റെ ഷൂട്ടിംഗ് വേളയിലായിരുന്നു.
ഞങ്ങൾ പരിചയപ്പെട്ട് ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ തന്നെ അടുത്ത സുഹൃത്തുക്കളായി മാറിയിരുന്നു. തമാശ പറയുവാനും ആസ്വദിക്കാനുമുള്ള ഇരുവരുടെയും കഴിവാണ് ഈ അടുപ്പത്തിന്റെ പ്രധാന കാരണം.
ആദ്യ ചിത്രം മുതലുള്ള പരിചയം പിന്നീട് കൂടുതൽ ദൃഢമായി വന്നിട്ടേയുള്ളൂ. മമ്മൂക്കയ്ക്ക് എന്നോടുള്ള സ്നേഹവും വാൽസല്യവും വളരെ വലുതാണ്. വളരെ പെട്ടെന്ന് ദേഷ്യം വരികയും അതിനേക്കാൾ എൂളപ്പത്തിൽ തിരിച്ച് സ്നേഹം കാട്ടുകയും ചെയ്യുന്ന ഒരു അൽഭുത മനുഷ്യനാണ് മമ്മൂട്ടി.
മമ്മൂക്ക എനിയ്ക്ക് നൽകിയിട്ടുള്ള പ്രധാന ഉപദേശം ഇതാണ്, നമ്മെ ആരെങ്കിലും എന്തെങ്കിലും ചെയ്താലും നിർമ്മാർജ്ജനം ചെയ്യാൻ ശ്രമിച്ചാലും നമ്മൾ മറുത്ത് പ്രതികാരത്തിനു പോകരുത്. നമ്മൾ പ്രതികാരം ചെയ്താൽ ദൈവം നൽകേണ്ട ശിക്ഷ കുറഞ്ഞുപോകും. ദൈവത്തിന്റെ കോടതിയിൽ വരുമ്പോൾ അവിടെ ചോദിച്ചുകൊള്ളും. അവരെയൊന്നും വേദനിപ്പിക്കാനോ ഉപദ്രവിക്കാനോ ഉള്ള അവകാശം നമുക്കില്ല.
ഞാൻ പലപ്പോഴും ഈ ഉപദേശം അനുസരിച്ചിട്ടുണ്ട്. കാരണം അതിൽ വലിയൊരു സത്യമുണ്ട്. നമ്മോട് ആളുകൾ എങ്ങനെ പെരുമാറിയാലും തിരിച്ച് അതേ നാണയത്തിൽ പെരുമാറാനുള്ള അവകാശം നമുക്കില്ല. അതുതന്നെയാകും മറ്റുള്ളവരിൽ നിന്നും നമ്മെ വ്യത്യസ്തമാക്കുന്നത്.
സിനിമയോടുള്ള സ്നേഹം മമ്മൂട്ടിയ്ക്ക് വെറും അഭിനിവേശം മാത്രമല്ല. മലയാളവും മലയാള സിനിമയും കടന്ന് ലോകത്ത് ഇന്ത്യൻ നടന്മാരിൽ അറിയപ്പെടുന്ന ഒരാളായി തീർന്നിട്ടും ഇന്നും അദ്ധേഹം സിനിമയോടു പ്രകടിപ്പിക്കുന്ന കമ്മിറ്റ്‌മന്റ് ആരെയും അതിശയിപ്പിക്കുന്നതാണ്. മമ്മൂട്ടി എന്ന നടന്റെ വിജയരഹസ്യവും ഈ കമ്മിറ്റ്‌മന്റ് ആണ്.
