മലയാളത്തിൽ കുടുംബ പ്രേക്ഷകരെ, പ്രത്യേകിച്ചും സ്ത്രീ പ്രേക്ഷകരെ ആകർഷിച്ച ചിത്രങ്ങളിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് മമ്മൂട്ടിയുടെ വാത്സല്യം.
ലോഹിതദാസിന്റെ തിരക്കഥയിൽ കൊച്ചിൻ ഹനീഫ സംവിധാനം ചെയ്ത ഈ സൂപ്പർ ഹിറ്റ് സിനിമയിലെ മമ്മൂട്ടിയുടെ മേലേടത്ത് രാഘവൻ നായർ പ്രേക്ഷകരുടെ കണ്ണുകളെ ഈറനണിയിക്കാതെ തിയേറ്ററിൽ നിന്നും ആരെയും പറഞ്ഞയച്ചിട്ടില്ല. സഹോദരങ്ങൾക്കും കുടുംബങ്ങൾക്കും വേണ്ടി ജീവിച്ച ഒരു വല്യേട്ടന്റെ കഥ… ലോഹിതദാസിന്റെ മനസ്സിൽ വിരിഞ്ഞ ആ കഥയ്ക്ക് കൊച്ചിൻ ഹനീഫയുടെ മികച്ച സംവിധാനത്തിൽ മമ്മൂട്ടി തകർത്തഭിനയിച്ചപ്പോൾ 1993-ലെ ഏറ്റവും വലിയ ബോക്സോഫീസ് വിജയമായി വാത്സല്യം മാറി. ഇന്നും ആ സിനിമ ചാനലുകളിൽ പ്രത്യക്ഷപ്പെടുമ്പോൾ കണ്ണ് നനയാതെ കണ്ടിരിക്കാൻ കഴിയില്ല.
റവന്യു വകുപ്പ് മന്ത്രിയായിരുന്ന കെ പി രാജേന്ദ്രന്റെ ഇഷ്ട മമ്മൂട്ടി കഥാപാത്രങ്ങളിൽ മുന്നിൽ വാത്സല്യത്തിലെ മേലേടത്ത് രാഘവൻ നായരാണ്. ആവനാഴിയിലെ ബൽറാം, ന്യുഡൽഹിയിലെ ജി കെ എന്നിവയാണ് കെ പി രാജേന്ദ്രനു ഏറെ ഇഷ്ടമായ മറ്റു മമ്മൂട്ടി കഥാപാത്രങ്ങൾ.
അദ്ധേഹത്തിന്റെ വാക്കുകൾ :
കഥാപാത്രമായി ഇഴുകിച്ചേർന്നുള്ള അഭിനയം.. സാമൂഹിക കുടുംബാന്തരീക്ഷത്തിലുള്ള യാഥാർഥ്യബോധമുള്ള കഥ.. പ്രേക്ഷകർക്ക് നല്ലൊരു മെസ്സേജ് നൽകുന്ന കഥാസന്ദർഭങ്ങൾ എന്നിവയെല്ലാം വാത്സല്യത്തിലെ രാഘവൻ നായരെ ഏറെ ഇഷ്ടപ്പെടാൻ സഹായിച്ചു. യഥാർത്ഥത്തിൽ സ്നേഹത്തിന്റെ വാത്സല്യമായിരുന്നു ആ ചിത്രം. ഒരു ജ്യേഷ്ഠന്റെ കുടുംബസ്ഥാനം എന്താണെന്ന് നന്നായി കാട്ടിത്തരുവാൻ ഈ കഥാപാത്രത്തിന് കഴിഞ്ഞു. മമ്മൂട്ടിയുടെ രൂപവുമായി ഇണങ്ങുന്ന കഥാപാത്രമായിരുന്നു രാഘവൻ നായർ. മമ്മൂട്ടിയ്ക്ക് മാത്രമേ ആ കഥാപാത്രത്തെ ഇത്രയും ഉജ്വലമായി അവതരിപ്പിക്കാൻ കഴിയു എന്ന് പല രംഗങ്ങളും തെളിയിച്ചു.
അനീതിക്കെതിരായ പോലീസിന്റെ നീതിബോധം, നല്ലൊരു മനുഷ്യന്റെ സ്വഭാവ സവിശേഷതകൾ, വർത്തമാന സംഭവങ്ങളിലേക്ക് വെളിച്ചം വീശുന്ന സീനുകൾ മുതലായവയെല്ലാം ബൽറാമിനെ മികവുറ്റതാക്കി.
ഇന്ത്യയിലെ അധികാര രാഷ്ട്രീയത്തിലാകമാനം പ്രകടമയിരിക്കുന്ന മണി പവറിന്റെയും മസിൽ പവറിന്റെയും നിഗൂഢതലങ്ങൾ പ്രകടമാക്കിയ ചിത്രമായിരുന്നു ന്യുഡൽഹി. പത്രപ്രവർത്തനത്തിന്റെ പുതിയ വാതായനങ്ങൾ തുറക്കാനുതകുന്ന പ്രകടനമായിരുന്നു ന്യുഡൽഹിയിലെ ജി കെ യുടേത്.
ഇങ്ങിനെ മൂന്ന് ചിത്രങ്ങളിലായി മൂന്നു വ്യത്യസ്തത റേഞ്ചിലുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ചതിലൂടെ ആ അഭിനയ പ്രതിഭയുടെ പ്രതിഭാവിലാസം എത്ര മഹത്തരമാണെന്ന് തെളിഞ്ഞു.
