മലയാള സിനിമ ഗൾഫ് നാടുകളിൽ റെക്കോർഡുകൾ സൃഷ്ടിക്കുന്നത് ഇന്ന് പുതുമയുള്ള ഒരു കാര്യമല്ല. പുലിമുരുകനും ദൃശ്യവും ഗ്രേറ്റ് ഫാദറും ലൂസിഫറും മധുരരാജയുമൊക്കെ കളക്ഷനിൽ തീർത്ത റെക്കോർഡുകൾ ഇന്ന് സോഷ്യൽ മീഡിയകളിൽ തരംഗം തന്നെയാണ്. എന്നാൽ സോഷ്യൽ മീഡിയയുടെ വരവിനും മുൻപ് തന്നെ മലയാള സിനിമ ഗൾഫ് നാടുകളിൽ തരംഗം സൃഷ്ടിച്ചത് ഒരു നടനിലൂടെയായിരുന്നു… അതായിരുന്നു സാക്ഷാൽ മെഗാസ്റ്റാർ മമ്മൂട്ടി.
80-കളിലും 90-കളിലും ജി സി സി രാജ്യങ്ങളിൽ തരംഗം സൃഷ്ടിച്ച ഏക മലയാള നടനാണ് മമ്മൂട്ടി. സിനിമകളുടെ വിജയത്തിൽ മാത്രമല്ല, ജനപ്രീതിയുടെ കാര്യത്തിലും ബോളിവുഡ് നടന്മാർക്കുപോലും എത്തിപ്പിടിക്കാൻ കഴിയാത്തത്രയും ഉയരത്തിലായിരുന്നു മമ്മൂട്ടി സൃഷ്ടിച്ച തരംഗം !
ഗൾഫിലെ മമ്മൂട്ടി തരംഗം തിയേറ്ററുകളിൽ മാത്രമല്ല, അന്ന് വ്യാപകമായി പ്രചാരത്തിലുണ്ടായിരുന്ന വീഡിയോ രംഗത്തും മമ്മൂട്ടി സൃഷ്ടിച്ച തരംഗം മറ്റൊരു താരത്തിനും അവകാശപ്പെടാനായിട്ടില്ല. ദുബൈയിലെ പ്രമുഖ വീഡിയോ കാസറ്റ് നിർമ്മാതാക്കളായ റഫ, തോംസൺ എന്നീ കമ്പനികൾ മൽസരിച്ചായിരൂന്നു മമ്മൂട്ടി സിനിമകളുടെ പകർപ്പാവകാശം സ്വന്തമാക്കിയിരുന്നത്. എൺപതുകളിലും തൊണ്ണൂറുകളുടെ തുടക്കത്തിലും ഗൾഫിൽ നിന്നും വരുന്ന ഓരോ ഗൾഫ് മലയാളിയുടെ കൈയിലുമുണ്ടാകും ഒന്നോ രണ്ടു മമ്മൂട്ടി സിനിമകളുടെ വീഡിയോ കാസറ്റ്! കേരളത്തിലെ പ്രവാസി വീടുകളിൽ അവ അമ്പതും അറുപതും ദിവസമൊക്കെ ‘ഹൗസ് ഫുൾ’ ആയി ഓടിയിരുന്ന ഒരു കാലവും ഉണ്ടായിരുന്നു. ചാനലുകൾ ഒന്നും സജീവമല്ലാത്ത ആ കാലത്ത് കണ്ട സിനിമ തന്നെ വീണ്ടും വീണ്ടും കാണുന്നത് പതിവ് കാഴ്ചയായിരുന്നു. മമ്മൂട്ടിയുടെ സന്ദർഭം, പിൻനിലാവ്, കാണാമറയത്ത് പോലുള്ള സിനിമകൾ ഇങ്ങിനെ എത്രയോ തവണ ‘ഹോം തിയേറ്ററിൽ’ നിന്നും കണ്ടിരിക്കുന്നു.
ഹിറ്റ്ലർ സിനിമയിലെ മമ്മൂട്ടിയുടെ ഷർട്ടുകൾ കേരളത്തിൽ തീർത്ത തരംഗം നമുക്കൊക്കെ ഓർമ്മയുണ്ടാകും. എന്നാൽ അതിനും വർഷങ്ങൾക്കു മുൻപേ ‘മമ്മൂട്ടി ജൂബ’കൾ ഗൾഫിലെ ടെക്സ്റ്റെയിൽസുകളിൽ വൻ തോതിൽ വിറ്റഴിച്ചിരുന്ന കഥകളൊക്കെ ഇന്ന് കേൾക്കുമ്പോൾ കൗതുകം തോന്നും !
മമ്മൂട്ടിയുടെ മുഖച്ചിത്രവും മാറ്ററുകളും പ്രിന്റ് ചെയ്തു ഗൾഫിൽ വിറ്റഴിച്ചിരുന്ന പ്രസിദ്ധീകരണങ്ങൾക്കും ഗൾഫിൽ വൻ ഡിമാന്റ് ഉണ്ടായിരുന്നു.
മമ്മൂട്ടിയുടെ ഗൾഫ് സന്ദർശനങ്ങൾ വൻ ജനക്കൂട്ടങ്ങളെ ആകർഷിച്ചിരുന്നു. ബോളിവുഡ് താരങ്ങൾക്കുപോലും ലഭിക്കാത്ത സ്വീകരണമാണ് മമ്മൂട്ടിയ്ക്ക് ലഭിച്ചിരുന്നത്. ഒരിക്കൽ മമ്മൂട്ടിയുടെ ഗൾഫ് സന്ദർശനം സൃഷ്ടിച്ച വൻ ജനക്കൂട്ടം അവിടുത്തെ റോഡുകൾ മണിക്കൂറുകളോളം ബ്ലോക്ക് ആക്കിയതും ഇത് അറബികളെപ്പോലും അമ്പരിപ്പിച്ച കഥകളൊക്കെ മലയാളി അഭിമാനത്തോടെയാണ് ഇന്നും ഓർക്കുന്നത്. 2005-ൽ നടന്ന ‘മമ്മൂട്ടി ഹിറ്റ് പരേഡ്’ എന്ന റോഡ് ഷോ ഒരു മഹാ സംഭവമായി മാറിയത് ചരിത്രം !
https://www.facebook.com/Mfwai.in/videos/1307546539442541/
ദുബായിലെ പ്രമുഖ പത്രങ്ങളായ ഖലീജ് ടൈംസ് , ഗൾഫ് ന്യൂസ് എന്നിവയൊക്കെ വൻ പ്രാധാന്യത്തൊടെയാണ് മമ്മൂട്ടിയുടെ സന്ദർശനങ്ങൾ കവർ ചെയ്തിരുന്നത്.
ഇങ്ങനെ ഒരു ഗൾഫ് സന്ദർശനമാണ് മമ്മൂട്ടിയ്ക്ക് ‘മെഗാസ്റ്റാർ’ എന്ന വിശേഷണം പത്രക്കാർ ചാർത്തിക്കൊടുക്കുന്നത്.
ഗൾഫിൽ മമ്മൂട്ടി സൃഷ്ടിക്കുന്ന തരംഗങ്ങളെ കുറിച്ച് മലയാളത്തിലെ ഒരു പ്രമുഖ ചലച്ചിത്ര പ്രസിദ്ധീകരണം പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ കോപ്പി ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ‘മന്നാടിയാർ ബ്രദേഴ്സ്’ എന്ന ഒരു ഫേസ് ബുക്ക് ഗ്രൂപ്പാണ് അതിന്റെ കോപ്പി പുറത്തുവിട്ടത്.
ആ ലേഖനം ഞങ്ങൾ ഇവിടെ പുന:പ്രസിദ്ധീകരിക്കുകയാണ്.
ഗൾഫിലെങ്ങും മമ്മൂട്ടി തരംഗം…
ഗൾഫിലെങ്ങും മമ്മൂട്ടി ചിത്രങ്ങൾക്ക് ഹൃദ്യമയ വരവേൽപാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. എവിടെയുണ്ടോ മമ്മൂട്ടി ചിത്രങ്ങൾ അവിടെയുണ്ട് ജനക്കൂട്ടം…ഇതാണ് കുറേ നാളായി ഗൾഫിലെ മലയാളസിനിമയുടെ സ്ഥിതി.
ഗൾഫ് മലയാളികളെ ഇത്രയധികം സ്വാധീനിച്ച ഒരു ചലച്ചിത്രനടൻ ഇതിനുമുൻപ് ഉണ്ടായതായി അറിയില്ല. കഷ്ടപ്പെടുന്നതിനിടയിൽ വീണുകിട്ടുന്ന ദൈർഗ്ഘ്യം കുറഞ്ഞ വിശ്രമസമയങ്ങളിൽ തിയേറ്ററിൽ പോയിരുന്ന് സിനിമ കാണുക എന്നതാണ് ഗൾഫ് മലയാളികളുടെ മുഖ്യവിനോദം.
നാടാകെ വീഡിയോജ്വരം പടർന്നുപിടിച്ചപ്പോൾ ഗൾഫ് നാടുകളിലെ തിയേറ്ററുകളിൽ നിന്നും സിനിമാബിസിനസ്സ് ഏറെക്കുറെ ഔട്ടായ മട്ടിലായിരുന്നു. എങ്കിൽപോലും മമ്മൂട്ടി അഭിനയിച്ച ചിത്രങ്ങൾ പ്രദർശ്ശിപ്പിക്കുന്ന തിയേറ്ററുകൾക്ക് മുമ്പിൽ നീണ്ട ക്യു കാണാം. ഇതുകണ്ടപ്പോൾ ഇവുടത്തെ വിതരണക്കാരുടെ പൊലിഞ്ഞുപോയ ആശകൾ വീണ്ടും പ്രകാശിക്കാൻ തുടങ്ങി. ഇതോടെ മമ്മൂട്ടി അഭിനയിച്ച ഏറ്റവും പുതിയ ചിത്രങ്ങൾ എത്രയും വേഗത്തിൽ ഇവിടങ്ങളിൽ പ്രദർശനത്തിനു എത്തിക്കുവാനും തുടങ്ങിയിട്ടുണ്ട്. ഇപ്പോളവർക്ക് ചാകരയാണ്. വീഡിയോ കമ്പനിക്കാരും മൽസരിച്ചാണ് മമ്മൂട്ടി ചിത്രങ്ങൾ വീഡിയോ കാസറ്റിൽ റിലീസ് ചെയ്തുകൊണ്ടിരിക്കുന്നത്. ഇക്കഴിഞ്ഞ ഓണം, ബക്രീദ് വിശേഷനാളുകളിൽ ‘റഫ’ എന്ന വീഡിയോകാസറ്റ് കമ്പനി ഒരു നോക്കു കാണാൻ, അടിയൊഴുക്കുകൾ, അനുബന്ധം എന്നീ ചിത്രങ്ങൾ റിലീസാക്കിയപ്പോൾ ‘തോംസൺ’ എന്ന കമ്പനി മകൻ എന്റെ മകൻ, ഉപഹാരം, വിളിച്ചു വിളികേട്ടു തുടങ്ങിയ മമ്മൂട്ടി ചിത്രങ്ങൾ വീഡിയോശാലകളിൽ എത്തിച്ചു. മാത്രമല്ല ഇനിയും വീഡിയോയിൽ റിലീസാകാത്ത പുതിയ മമ്മൂട്ടി ചിത്രങ്ങളിൽ നിന്ന് മമ്മൂട്ടി പാറ്റി അഭിനയിച്ചിട്ടുള്ള ഭാഗങ്ങൾ സെലെക്ട് ചെയ്തെടുത്ത് ‘The Great Mammootty’ എന്ന നാമകരണത്തോടെ വിറ്റഴിക്കുന്നു! നാട്ടിലേക്ക് അവധിക്കു പോകുന്നവരും മമ്മൂട്ടി വേഷം കെട്ടിയ കുടുംബകഥകളുടെ കാസറ്റുകൾ സ്വന്തമാക്കാൻ മറക്കുന്നില്ല. സന്ദർഭം, കാണാമറയത്ത്, മകൻ എന്റെ മകൻ തുടങ്ങിയ മമ്മൂട്ടി ചിത്രങ്ങളാണ് മലയാള സിനിമാ കാസറ്റ് വിറ്റ കൂട്ടത്തിൽ മുൻപന്തിയിൽ നിൽക്കുന്നതെന്ന് ഒരു വീഡിയോ ജീവനക്കാരൻ പറഞ്ഞു.
ടെക്സ്റ്റെയിൽ വ്യാപാരികൾക്കും റെഡിമെയ്ഡ് കച്ചവടക്കാർക്കും മമ്മൂട്ടിയെക്കൊണ്ടുള്ള നേട്ടങ്ങൾ ഉണ്ട്! ഗോഡൗണുകളിൽ കെട്ടിക്കിടന്ന ഒരുതരം സിൽക്ക് തുണികൾ “മമ്മൂട്ടി ജൂബ’ എന്ന ഓമനപ്പേരിൽ വിറ്റഴിക്കുന്നു. ‘മമ്മൂട്ടി സെലെക്ഷൻസ്’ എന്ന പേരിൽ ജപ്പാനിൽ നിന്നു ഇറക്കുമതി ചെയ്യുന്ന പോളിസ്റ്റർ തുണിത്തരങ്ങളും വിറ്റഴിക്കുന്നുണ്ട്. ‘മമ്മൂട്ടി ഷർട്ട്’ എന്ന ലേബലിൽ താണതരം ബനിയനുകൾ മുന്തിയ വിലയ്ക്ക് കച്ചവടമാക്കുകയാണ് റെഡിമെയ്ഡ് വസ്ത്രവ്യാപാരികൾ. ഈ അടുത്ത കാലത്ത് രഞ്ജിനി എന്ന റിക്കാർഡിംഗ് സ്റ്റുഡിയോക്കാർ ‘മമ്മൂട്ടി ആദ്യമായി പാടുന്നു’ എന്ന പരസ്യത്തോടെ വിപണിയിലെത്തിച്ച Mammootty sings for you എന്ന കാസറ്റും ചൂടപ്പം പോലെ വിറ്റഴിഞ്ഞു.
പത്രക്കാർക്കുമുണ്ട് മമ്മൂട്ടിയെക്കൊണ്ടുള്ള നേട്ടങ്ങൾ. മമ്മൂട്ടിയുടെ മുഖച്ചിത്രവും മമ്മൂട്ടിയെ സംബന്ധിച്ചുള്ള മാറ്ററുകളും അച്ചടിച്ചിറങ്ങുന്ന പ്രസിദ്ധീകരണങ്ങൾ ക്ഷണത്തിൽ വിറ്റഴിയുമത്രെ. ഈ കച്ചവടത്തിന്റെ മർമ്മം കണ്ട പത്രപ്രസിദ്ധീകരണങ്ങൾ മമ്മൂട്ടിയെ വാർത്താ നായകനാക്കി… ഫാസിൽ മമ്മൂട്ടിയെ കണ്ടപ്പോൾ, പാട്ടുകാരനായ മമ്മൂട്ടി, മമ്മൂട്ടി എത്തിപ്പിടിച്ച അസൂയാർഹമായ ഭാവിയെക്കുറിച്ച്, മമ്മൂട്ടി മദ്രാസിൽ വന്നപ്പോൾ, മമ്മൂട്ടി പുതിയ തരംഗങ്ങൾ സൃഷ്ടിക്കുന്നു, ഗിരിനഗറിൽ ഒരു മമ്മൂട്ടിപ്പാലം, മമ്മൂട്ടി ട്രാക്ക് മാറുന്നു, മമ്മൂട്ടിയിൽ ഉദാത്ത ഭാവമുഹൂർത്തങ്ങൾ തേടി, ഓണത്തിനു അഞ്ചു ചിത്രങ്ങളുമായി മമ്മൂട്ടി, സത്യന്റെ സിംഹാസനത്തിൽ മമ്മൂട്ടി…തുടങ്ങിയ തലക്കെട്ടുകളോടെയാണ് പ്രസിദ്ധീകരണങ്ങൾ ഇറക്കുന്നത്.
(അപൂർണ്ണം)
