കോവിഡ്-19 തീർത്ത മാസങ്ങളുടെ നിശ്ചലാവസ്ഥയ്ക്കുശേഷം മലയാള ചലച്ചിത്രലോകം വീണ്ടും സജീവമാകുന്നു. മൂന്നു സിനിമകളുടെ ചിത്രീകരണം ഉടൻ ആരംഭിക്കുമെന്ന് ആ ചിത്രങ്ങളുടെ അണിയറ പ്രവർത്തകർ പ്രഖ്യാപിച്ചുകഴിഞ്ഞു. ഇതിൽ രണ്ടു ചിത്രങ്ങൾ നാളെ (തിങ്കൾ) ഷൂട്ടിംഗ് ആരംഭിക്കും. ഫഹദ് ഫാസിലിനെ നായകനാക്കി മഹേഷ നാരായണൻ, മാലിക്കിനു ശേഷം സംവിധാനം ചെയ്യുന്ന ‘സീ യു സൂൺ’,
ഉണ്ട’യ്ക്ക് ശേഷം ഖാലിദ് റഹ്‌മാൻ സംവിധാനം ചെയ്യുന്ന ചിത്രം
എന്നിവയാണ് നാളെ ഷൂട്ടിംഗ് ആരംഭിക്കുന്ന ചിത്രങ്ങൾ.
‘ഉണ്ട’യുടെ തിരക്കഥാകൃത്ത് ഹർഷദ് ആദ്യമായി സംവിധാനം ചെയ്യുന്ന ‘ഹാഗർ’
ജൂലൈ അഞ്ചിനു ചിത്രീകരണം ആരംഭിക്കും. ആഷിഖ് അബുവും റിമ കല്ലിങ്കലും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
അഞ്ചാം പാതിര എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം ആഷിഖ് ഉസ്മാൻ നിർമ്മിക്കുന്ന പത്താമതു ചിത്രമാണ് ഖാലിദ് റഹ്‌മാൻ ചിത്രം. ടോം ഷൈൻ ചാക്കോ, നിമിഷാ വിജയൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
അതേസമയം,കോവിഡ് മൂലമുള്ള ലോക് ഡൗണിനു മുൻപ് ചിത്രീകരണം പൂർത്തിയാക്കാതെ പോയ സിനിമകളുടെ ഷൂട്ടിംഗ് കഴിഞ്ഞ ശേഷം മാത്രമേ പുതിയ സിനിമകൾ തുടങ്ങാവൂ എന്ന് പ്രൊഡ്യുസർ അസോസിയേഷൻ ‘അമ്മ’യ്ക്കും ഫെഫ്കയ്ക്കും നോട്ടീസ് നൽകിയിരുന്നു. പുതിയ ചിത്രങ്ങൾ തുടങ്ങുകയാണെങ്കിൽ അവയുമായി സഹകരിക്കരുത് എന്ന് തിയേറ്റരുകാരോടും പ്രൊഡ്യുസർ സംഘടന ആവശ്യമുന്നയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ പുതിയ സിനിമകൾ തുടങ്ങുന്നത് മലയാള സിനിമയിൽ വീണ്ടും സംഭടനകൾ തമ്മിലുള്ള പ്രശ്നങ്ങൾക്ക് വഴിവെക്കുമോ എന്ന ആശങ്കയുമുണ്ട്.
എന്നാൽ മഹേഷ് നാരായണന്റെ ഫഹദ് ഫാസിൽ ചിത്രം ഒന്നര മണിക്കൂർ മാത്രമുള്ള ഹ്രസ്വ ചിത്രമായാണ് ചിത്രീകരിക്ക്കുന്നത് എന്നും ഇത് തിയേറ്റർ റിലീസ് മുന്നിൽ കണ്ടല്ല എന്നും അണിയറപ്രവർത്തകർ പറയുന്നു. ഫഹദ് തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്. സാധാരണ സിനിമകൾ നിർമ്മിക്കുമ്പോൾ തിയേറ്ററുകാരിൽ നിന്നും ഒരു തുക അഡ്വാൻസായി വാങ്ങാറുണ്ട്. എന്നാൽ ഈ ചിത്രങ്ങൾക്ക് അതുണ്ടാകില്ല. നിലവിൽ തിയേറ്ററുകൾ പ്രവർത്തിക്കാത്ത സാഹചര്യത്തിൽ റിലീസ് കാത്തുകിടക്കുന്ന സിനിമകൾ തിയേറ്ററുകളിൽ പ്രദർശനം തുടങ്ങിയ ശേഷം മാത്രമേ പുതിയ സിനിമകൾക്ക് അഡ്വാൻസ് നൽകുന്ന കാര്യം തിയേറ്റർ ഉടമകൾ തീരുമാനിക്കൂ. സംസ്ഥാനത്ത് കോവിഡ് കേസുകൾ ദിനംപ്രതി കൂടുവരുന്ന സാഹചര്യത്തിൽ തിയേറ്ററുകൾ എന്ന് തുറക്കാൻ കഴിയുമെന്ന് പോലും നിശ്ചയമില്ല. ഇതിനിടയിലാണ് ചിത്രീകരണം പൂർത്തിയായ ചില ചിത്രങ്ങൾ ഓൺലൈൻ പ്ലാറ്റ്ഫോമിൽ പ്രദർശ്ശിപ്പിക്കാനുള്ള ചില നിർമ്മാതാക്കളുടെ തീരുമാനത്തിനെതിരെ തിയേറ്ററുകാർ രംഗത്തെത്തിയത്. ഈ പ്രശ്നം ഒരുവിദം പരിഹരിച്ചു വരുന്നതിനിടയ്‌ലാണ് പ്രൊഡ്യുസർ സംഘടനയുമായുള്ള പുതിയ പ്രശ്നം ഉൽഭവിക്കുന്നത്.
കോവിഡ് പ്രകാരമുള്ള സർക്കാരിന്റെ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരിക്കും സിനിമകൾ ചിത്രീകരിക്കുക. പുതുതായി തുടങ്ങാനിരിക്കുന്ന സിനിമകൾ താരതമ്യേന ലോ ബജറ്റ് സിനിമകൾ ആണെന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം. സൂപ്പർ താരങ്ങളുടെ സിനിമകൾ എന്ന് തുടങ്ങും എന്നതിനെക്കുറിച്ച് തീരുമാനം എടുത്തിട്ടില്ല എന്നാണറിവ്. ഏതായാലും പുതിയ സിനിമകൾ തുടങ്ങുമ്പോൾ അവയുടെ പാത പിന്തുടർന്ന് കൂടുതൽ പേർ സിനിമാ നിർമ്മാണവുമായി രംഗത്തുവരാൻ സാധ്യത കൂടുതലാണ്. ചിലപ്പോൾ ഓൺലൈൻ പ്ലാറ്റ് ഫോമുകളിൽ റിലീസ് ലക്ഷ്യം വച്ച് സിനിമകൾ ഒരുങ്ങിയാലും അൽഭുതപ്പെടാനില്ല.
