1921-ലെ മലബാർ കലാപത്തിലൂടെ ബ്രിട്ടീഷിക്കാർക്കെതിരെ പൊരുതിമരിച്ച ധീരദേശാഭിമാനി വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം അഭ്രപാളിയിലേക്ക്. ആഷിഖ് അബു സംവിധാനം ചെയ്യുന്ന ‘വാരിയം കുന്നൻ’ എന്ന ചിത്രത്തിൽ പൃഥ്വിരാജ് ആണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയായി വേഷമിടുന്നത്. പൃഥ്വിരാജ് തന്നെയാണ് തന്റെ ഫേസ്‌ബുക്കിലൂടെ ചിത്രത്തെക്കുറിച്ചുള്ള വാർത്തയും ടൈറ്റിലും പുറത്തുവിട്ടത്.
ലോകത്തിന്റെ നാലിലൊന്ന് ഭാഗവും അടക്കി ഭരിച്ചിരുന്ന ബ്രിട്ടീഷ് സ്വാമ്രാജ്യത്തിനെതിരെ യുദ്ധം ചെയ്ത് ‘മലയാളരാജ്യം’ എന്ന സ്വതന്ത്ര രാഷ്ട്രം സ്ഥാപിച്ച വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രം ഞങ്ങൾ സിനിമയാക്കുന്നു. ആസൂത്രിതമായി മറവിയിലേക്ക് തള്ളപ്പെട്ട മലബാർ വിപ്ലവ ചരിത്രത്തിന്റെ നൂറാം വാർഷികത്തിൽ (2021) ചിത്രീകരണം ആരംഭിക്കുന്നു.
പൃഥ്വി തന്റെ ഫേസ്‌ബുക്ക് പേജിൽ കുറിച്ചു.
ആഷിക് അബു ഒരുക്കുന്ന ചിത്രം നിർമ്മിക്കുന്നത് സിക്കന്ദർ, മൊയ്തീൻ എന്നിവർ ചേർന്നാണ്. ‘ഉണ്ട’യുടെ തിരക്കഥാകൃത്ത് ഹർഷദും റമീസും ചേർന്നാണ് തിരക്കഥ ഒരുക്കുന്നത്. ഛായാഗ്രഹണം ഷൈജു ഖാലിദ്. മുഹ്സിൻ പരാരി കൊ ഡയറക്റായി പ്രവർത്തിക്കുന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളർ ബെന്നി കട്ടപ്പനായാണ്.
ഇത് രണ്ടാം തവണയാണ് വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി അഭ്രപാളിയിൽ എത്തുന്നത്. ഐ വി ശശി മമ്മൂട്ടി ടീമിന്റെ 1921 എന്ന ചരിത്ര സിനിമയിൽ വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയായി വേഷമിട്ടത് ടി ജി രവിയാണ്. വാരിയം കുന്നനായി വേഷമിട്ട ടി ജി രവിയുടെ കഥാപാത്രം ഏറെ കൈയടി നേടിയിരുന്നു.
എന്നാൽ വാരിയം കുന്നന്റെ ജീവിതം മുഖ്യ പ്രമേയമായുള്ള സിനിമ ആദ്യമായാണ് ഒരുങ്ങുന്നത്.
#1921 #MalabarRevolution #1921Revolution #CompassMovies #OPMcinemas Vaariyamkunnan