കഴിഞ്ഞ വർഷം തീയേറ്ററുകളിൽ എത്തിയ ഉണ്ട എന്ന ചിത്രം നിരൂപകരുടേയും പ്രേക്ഷകരുടേയും പ്രശംസ ഒരുപോലെ നേടിയ ഒന്നാണ്. ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ചിത്രത്തിന് നവാഗതനായ ഹർഷാദാണ് രചന നിർവഹിച്ചത്.ഛത്തീസ്ഗഡിലെ മാവോയിസ്റ് സാന്നിധ്യമുള്ള മേഖലയിലേക്ക് ഇലക്ഷൻ ഡ്യൂട്ടിക്ക് പോകുന്ന കേരളത്തിൽ നിന്നുള്ള പോലീസ് സംഘം കടന്നുപോകുന്ന സാഹചര്യങ്ങളാണ് ഉണ്ട എന്ന സിനിമയുടെ പ്രമേയം. വേറിട്ട രീതിയിൽ അവതരിപ്പിക്കപ്പെട്ട ചിത്രം വർത്തമാനകാല രാഷ്ട്രീയ സാമൂഹ്യ സാഹചര്യങ്ങളിലേക്ക് വെളിച്ചം വീശുന്നത് കൂടിയായിരുന്നു.ഉണ്ടയിലെ എസ് ഐ മണി സാർ എന്ന കഥാപാത്രം മമ്മൂട്ടിയുടെ അടുത്ത കാലത്തിറങ്ങിയ ഏറ്റവും ശ്രദ്ധേയമായ വേഷങ്ങളിൽ ഒന്നായിരുന്നു. തികഞ്ഞ കയ്യടക്കത്തോടെ മലയാളത്തിന്റെ മഹാ നടൻ അനശ്വരമാക്കിയ കഥാപാത്രങ്ങളിൽ ഒന്നാണ് മണി സാർ.മമ്മൂട്ടിക്കൊപ്പം രഞ്ജിത്ത്, ഷൈൻ ടോം ചാക്കോ, അർജുൻ അശോകൻ, ഗ്രിഗറി, ഓംകാർ ദാസ് മണിപ്പൂരി, ഭഗവൻ തിവാരി, കലാഭവൻ ഷാജോൺ, ഗോകുലൻ, അഭിരാം, ദിലീഷ് പോത്തൻ, തുടങ്ങിയ വലിയ താരനിര ഉണ്ടയിൽ അണി നിരന്നിരുന്നു.
ഓൺലൈൻ പ്ലാറ്റ്ഫോമിൽ റിലീസ് ആയപ്പോഴും വലിയ സ്വീകാര്യത നേടിയെടുക്കാൻ ഉണ്ടയ്ക്ക് സാധിച്ചു. അടുത്തിടെ ചിത്രത്തെക്കുറിച്ച് പ്രമുഖ ഉത്തരേന്ത്യൻ മാധ്യമ പ്രവർത്തകനായ ആകർ പട്ടേൽ പങ്കുവെച്ച അഭിപ്രായം ഏറെ ശ്രദ്ധ നേടുകയാണ്.
ഉണ്ട ഒരു ഗംഭീര ചിത്രമാണെന്നും മമ്മൂട്ടിയുടെ പ്രകടനം അതി ഗംഭീരമാണെന്നും അദ്ദേഹം എടുത്തു പറയുന്നു.ഒരു ബോളിവുഡ് താരവും ഏറ്റെടുക്കാൻ സാധ്യതയില്ലാത്ത ഒരു കഥാപാത്രം കൂടിയാണ് ഉണ്ടയിലെ കേന്ദ്ര കഥാപാത്രമായാ മണി സാറിന്റേത് ആകർ പട്ടേൽ സൂചിപ്പിക്കുന്നത്. ഭാഷയുടെയും ദേശത്തിന്റെയും അതിർവരമ്പുകൾ ഭേദിച്ചും മമ്മൂട്ടി എന്ന മഹാ നടൻ അഭിനയ മികവ് കൊണ്ട് വിസ്മയം തീർക്കുന്നതിന് ഉണ്ടയിലെ കഥാപാത്രവും സാക്ഷ്യം വഹിക്കുന്നു .
