സ്ക്രീനിലെ അച്ഛൻ കഥാപാത്രങ്ങളെക്കുറിച്ച് സംവിധായകന്‍ എം എ നിഷാദിന്റെ ശ്രദ്ധേയമായ കുറിപ്പിൽ അമരത്തിലെ അച്ചൂട്ടി ഇടംപിടിക്കുമ്പോൾ…
അമരത്തിലെ മമ്മൂട്ടിയുടെ അച്ഛൻ കഥാപാത്രം മെത്തേഡ് ആക്റ്റിംഗിന്റെ ഏറ്റവും വലിയ ഉദാഹരണമായി അഭിനയ മോഹമുള്ളവർക്കും വിദ്യാർത്ഥികൾക്കും കാണാമെന്നു സംവിധായകൻ എം എ നിഷാദ്.
ഫാദേഴ്‌സ് ഡേ ദിനത്തോടനുബന്ധിച്ചു നിഷാദ് തന്റെ ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്ത വ്യത്യസ്തമായ ഒരു കുറിപ്പിലാണ് ഈ പരാമർശം. സിനിമയിലെ മികച്ച അച്ഛൻ വേഷങ്ങളെക്കുറിച്ചു പ്രതിപാദിച്ചുകൊണ്ടാണ് എം എ നിഷാദ് ഫാദേഴ്‌സ് ദിനത്തിൽ കുറിച്ചത്. അതിൽ ഒന്നാമതായി അദ്ദേഹം പറയുന്ന അച്ഛൻ അമരത്തിലെ അച്ചൂട്ടിയാണ്.
മമ്മൂട്ടിയെ ഒരു സീനില്‍ പോലും കാണാന്‍ കഴിയില്ല! അച്ചൂട്ടി എന്ന കഥാപാത്രമായി മമ്മൂട്ടി ജീവിക്കുകയായിരുന്നു എന്നാണു നിഷാദ് പറയുന്നത്.
മലയാളസിനിമയിലെ പല പ്രമുഖരും അവരുടെ അച്ചന്മാർക്കുള്ള ആശംസാകുറിപ്പുകളുമായി എത്തിയിരുന്നു. ഇതിനിടയിലാണ് വ്യത്യസ്തമായ കുറിപ്പുമായി സംവിധായകന്‍ എംഎ നിഷാദ് എത്തിയത്.
എം എ നിഷാദിന്റെ കുറിപ്പിലെ പ്രസക്ത ഭാഗങ്ങൾ :
മാതാപിതാക്കളേ ഓര്‍മ്മിക്കാൻ വേണ്ടി ഒരു ദിനത്തിന്റ്റെ ആവശ്യമുണ്ടോ ? എല്ലാ ദിനവും അവർക്കുളളതല്ലേ ?.ഈ പിതൃദിനത്തിൽ,(അങ്ങനെ പറഞ്ഞ് വെച്ചിരിക്കുന്ന) വെളളിത്തിരയിൽ ,എന്റ്റെ മനസ്സിനെ സ്പർശിച്ച അച്ഛൻ കഥാപാത്രങ്ങളെ ഒന്നോർത്തെടുക്കാൻ ആഗ്രഹം. സിനിമ പലപ്പോഴും സമൂഹത്തിന്റ്റെ പ്രതിഫലനം തന്നെയാണ്…കഥയും കഥാപാത്രങ്ങളും സൃഷ്ടിക്കപ്പെടുന്നത് ജീവിതത്തിൽ നിന്ന് തന്നെയാണ്. ഏതൊരു കഥാകാരന്റ്റെ മനസ്സിലും ഒരു കഥാപാത്രം രൂപപ്പെടുമ്പോൾ തന്നെ അയാൾ കണ്ടതോ കേട്ടതോ അല്ലെങ്കിൽ അയാൾക്ക് പരിചിതമായ ഏതെങ്കിലും സംഭവങ്ങളോ അയാൾ അറിയാതെ ഇടം പിടിച്ചിരിക്കും.
ഞാനേറെ ഇഷ്ടപ്പെടുന്ന വെളളിത്തിരയിലെ അച്ഛൻ കഥാപാത്രങ്ങൾ, ഓടയിൽ നിന്നിലെ പപ്പു മുതൽ ഇങ്ങോട്ട് ഒരുപാട് പേരുണ്ടെങ്കിലും,അമരത്തിലെ അച്ചൂവും, ഡംഗലിലെ മഹാവീർ സിംഗും, കിരീടത്തിലെ ഹെഡ് കോൺസ്റ്റബിൾ അച്ചുതൻ നായരും ഞാൻ സംവിധാനം ചെയ്ത വൈരത്തിലെ ശിവരാജനും ഇന്നും എന്റ്റെ ഹൃദയത്തിൽ ഒരു നോവായി അവശേഷിക്കുന്നു…ഒരു പിതാവിന്റ്റെ മാനസ്സിക വിചാര ,വികാരങ്ങളിലൂടെ കടന്ന് പോകുന്ന കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ അഭിനേതാക്കൾ ഓരോ പ്രേക്ഷകന്റ്റേയും മനസ്സിൽ ഇന്നും ജീവിക്കുന്നു.
ഒരു സീനിൽ പോലും മമ്മൂട്ടിയെ കാണാന്‍ കഴിയില്ല
ലോഹിതദാസിന്റെ തിരക്കഥയിൽ, ഭരതൻ സംവിധാനം ചെയ്ത അമരം എന്ന ചിത്രത്തിൽ അച്ചു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് മലയാളത്തിലെ മഹാനടൻ മമ്മൂട്ടിയാണെങ്കിലും ഒരു സീനിൽ പോലും നമ്മുക്ക് മമ്മൂട്ടിയേ കാണാൻ കഴിയില്ല.. കാരണം അദ്ദേഹം അച്ചൂട്ടി എന്ന കഥാപാത്രമായി ജീവിക്കുകയായിരുന്നു.. മെതേഡ് ആക്റ്റിംഗിന്റെ ഏറ്റവും വലിയ ഉദാഹരണമായി കാണാം, അഭിനയ മോഹമുളളവർക്കും സിനിമാ വിദ്യാർത്ഥികൾക്കും .
ഒരച്ഛന് മകളോടുളള അതിയായ സ്നേഹവും കരുതലും നാം കണ്ടു…മത്സ്യതൊഴിലാളിയായ അച്ചുവിനൊപ്പം നാം സഞ്ചരിച്ചു,മകളെ ഒരു ഡോക്ടറായി കാണാനുളള അയാളുടെ ആഗ്രഹം നമ്മുടേതും കൂടിയായി…ഒടുവിൽ അയാളുടെ മകൾ മറ്റൊരാളുടെ കൂടെ പോയപ്പോൾ പ്രതീക്ഷ നഷ്ടപ്പെട്ട ആ പാവം അച്ഛന്റ്റെ ദുഖം നമ്മളുടേതും കൂടിയായി…അയാൾ കരഞ്ഞപ്പോൾ നമ്മുടെ കണ്ണുകളും ഈറനണിഞ്ഞു…ഓരോ പിതാവിന്റ്റേയും,മക്കളേ പറ്റിയുളള പ്രതീക്ഷകൾ വലുതാണ്…ഈ പിതൃദിനത്തിലും അച്ചു എന്ന അച്ഛനെ ഞാനൊരുപാട് ഇഷ്ടപ്പെടുന്നു.
