സൂഫിയും സുജാതയിലെ ‘വാതിക്കല് വെള്ളരിപ്രാവ്… ‘ എന്ന ഗാനത്തിലൂടെ സംഗീത പ്രേമികളായ മലയാളികളുടെ നെഞ്ചകം തൊട്ട ഗായിക നിത്യ മാമ്മന്റെ വിശേഷങ്ങൾ.
“വാതിക്കല് വെള്ളരിപ്രാവ്..വാക്ക് കൊണ്ട് മുട്ടണ് കേട്ട്…” മലയാളത്തിലെ ആദ്യത്തെ ഒ.ടി.ടി റിലീസായ സൂഫിയും സുജാതയും എന്ന ചിത്രത്തിലെ മനോഹരമായ ഈ ഗാനം ഇന്ന് സംഗീത പ്രേമികൾ നെഞ്ചേറ്റിക്കഴിഞ്ഞു. ശ്രവണ സുന്ദരമായ ശബ്ദം കൊണ്ട് മലയാളികളുടെ നെഞ്ചകം കീഴടക്കിയ ശ്രേയാ ഘോഷാൽ എന്ന ബംഗാളി പെൺകൊടിയുടെ അതേ മാസ്മരിക ശബ്ദം…
എന്നാൽ ശ്രേയാ ഘോഷാലിന്റെ ശബ്ദത്തോട് വളരെ സാമ്യമുള്ള ഒരു മലയാളി പെൺകുട്ടിയായ നിത്യ മാമ്മനാണ് ഈ ശബദ്ത്തിനുടമ എന്നറിയുമ്പോൾ പലർക്കും അൽഭുതം!
ശ്രേയാ ഘോഷാലിനു പകരക്കാരിയായി…
ടൊവിനോ തോമസ് നായകനായ ‘എടക്കാട് ബറ്റാലിയൻ 06’ എന്ന ചിത്രത്തിലെ “നീ ഹിമമഴയായ്..” എന്ന ഗാനത്തിനു ട്രാക്ക് പാടാനാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ കൈലാസ് മേനോൻ നിത്യയെ ക്ഷണിക്കുന്നത്. ഈ ഗാനത്തിനു സംഗീതമൊരുക്കുമ്പോൾ ഗായികയായി ശ്രേയാ ഘോഷാലായിരുന്നു അദ്ദേഹത്തിന്റെ മനസ്സിൽ. എന്നാൽ ട്രാക്ക് കേട്ടപ്പോൾ അവർ തന്നെ പാടിയാൽ മതി എന്ന് ചിത്രത്തിന്റെ നിർമ്മാതാവ് സാന്ദ്രാ തോമസും കൈലാസും തീരുമാനിക്കുകയായിരുന്നു. അവരുടെ തീരുമാനം തെറ്റിയില്ല. പാട്ട് പുറത്തിറങ്ങിയപ്പോൾ പാടിയത് ശ്രേയാ ഘോഷാൽ ആണോയെന്ന് ആളുകൾ ആദ്യം സംശയിച്ചു. ‘നീ ഹിമമഴയായ്…’ എന്ന ഒറ്റപ്പാട്ടിലൂടെ നിത്യ മാമ്മൻ സംഗീത പ്രേമികളുടെ ഹൃദയത്തിൽ ഇടം പിടിച്ചു.
സൂഫിയുടെ സുജാതയുടെ മനസ്സായി…
ഒരു അവാർഡ് നൈറ്റിൽ ജോൺസൺ മാഷിന്റെ ഓർമ്മയ്ക്കായി അദ്ധേഹത്തിന്റെ ഗാനങ്ങൾ കോർത്തിണക്കിയ ഒരു സംഗീതാർച്ചനയിൽ ‘ഏതോ ജന്മ കൽപനയിൽ..’ എന്ന ഗാനം ആലപിച്ച ആ പെൺകുട്ടിയെ പരിപാടിയിൽ പങ്കെടുത്ത സംഗീത സംവിധായകൻ എം ജയചന്ദ്രൻ പ്രത്യേകം ശ്രദ്ധിച്ചു. അങ്ങിനെയാണ് പ്രണയവും സംഗീതവും ഇഴചേർന്ന സൂഫിയും സുജാതയും എന്ന ചിത്രത്തിലെ ‘വാതുക്കലെ വെള്ളരിപ്രാവ്..’ എന്ന ഗാനത്തിനു ട്രാക്കു പാടാൻ നിത്യയെ ക്ഷണിക്കുന്നത്. “എം ജയചന്ദ്രൻ സാറിന്റെ പൂർണ്ണ ശിക്ഷണത്തിലായിരുന്നു റെക്കോർഡിംഗ് പൂർത്തിയാക്കിയത്. പാട്ടിന്റെ ആദ്യം മുതൽ അവസാനം വരെ എല്ലാം പഠിപ്പിച്ചുതന്നു. ട്രാക്ക് കേട്ട് ഇഷ്ടമായ സാറു തന്നെയാണ് ഈ ഗാനം ഞാൻ തന്നെ പാടിയാൽ മതി എന്നു പറയുന്നത്.” സൂഫിയിലേക്കുള്ള തന്റെ വരവിനെക്കുറിച്ച് നിത്യ പറയുന്നു.
“പാട്ടിനു നല്ല പ്രതികരണമാണു വരുന്നത്. പാട്ടിന്റെ യൂട്യുബ് വീഡിയോക്ക് താഴെ ‘ശ്രേയാ ഘോഷാലിനെപ്പോലെയുണ്ടെന്ന’ കമ്മന്റുകൾ ഒക്കെ കണ്ടു. ‘നീ ഹിമമഴയായ്…’ എന്ന ഗാനം ഇറങ്ങിയപ്പോഴും ഇതേ കമ്മന്റ്സ് കേട്ടിരുന്നു. ഞാനത് വിശ്വസിക്കുന്നേയില്ല. ശ്രേയാ ഘോഷാൽ വലിയ പാട്ടുകാരിയാണ്. അവരെപ്പോലെ പാടാനൊന്നും എനിയ്ക്ക്കഴിയില്ല” വിനയത്തോടെ നിത്യ പറയുന്നു.
ചെറുപ്പകാലം മുതലേയുള്ള ആഗ്രഹം
സിനിമയിൽ പാടുക എന്നത് ചെറുപ്പകാലം മുതലേയുള്ള ആഗ്രഹമായിരുന്നു എന്ന് നിത്യ. സംഗീതവുമായി ബന്ധമുള്ള കുടുംബമൊന്നുമായിരുന്നില്ല നിത്യയുടേത്. അമ്മയും ചേച്ചിയും പാടുമെങ്കിലും സംഗീതം പ്രൊഫഷനായി സ്വീകരിച്ചിട്ടില്ല. പള്ളിയിലെ ക്വയറിലെ ഗായകരായിരുന്നു. സ്കൂൾ-കോളേജ് പഠനകാലത്ത് പാട്ടിൽ സജീവമായിരുന്നു. പിന്നീടാണ് നിത്യ കവർ സോംഗ് ചെയ്യാൻ തുടങ്ങിയത്. പതുക്കെ മ്യുസിക് ഷോകളിലും പാടിത്തുടങ്ങി. ഒരിക്കൽ ഒരു പരിപാടിയിൽ പാടിയതിന്റെ വീഡിയോ കൈലാസ് മേനോന്റെ അമ്മ കാണാനിടയായതാണ് നിത്യയുടെ സിനിമയിലേക്കുള്ള വഴി തുറക്കുന്നത്. അമ്മയുടെ റെക്കമെന്റിലാണ് കൈലാസ് എടക്കാട് ബറ്റാലിയനിലെ നീ ഹിമമഴയായ് എന്ന ഗാനത്തിനു ട്രാക്ക് പാടാൻ നിത്യയെ വിളിക്കുന്നത്. അതിനു മുൻപും ചില സംഗീത സംവിധായകർക്കുവേണ്ടി ട്രാക്ക് പാടിയിട്ടുണ്ട്. ഇതും അങ്ങിനെയേ കരുതിയിരുന്നുള്ളൂ.. എന്നാൽ നീ ഹിമമഴയായ് എന്ന ഗാന്ത്തിന്റെ ട്രാക്ക് കേട്ടപ്പോഴാണ് കൈലാസ് മേനോൻ, താൻ മനസ്സിൽ ആഗ്രഹിച്ച ശ്രേയാ ഘോഷാലിന്റെ ശബ്ദം നിത്യയിലൂടെ കേൾക്കുന്നത്. ഇത്രയും മനോഹരമായി, അതും ശ്രേയയുടെ ശബദ്ത്തോട് സാമ്യമുള്ള ശബദത്തിൽ പാടുന്ന നിത്യ തന്നെ ഈ പാട്ട് പാടത്തെ എന്ന് കൈലാസ് മേനോൻ തീരുമാനിച്ചതും നിർമ്മാതാവ് സാന്ദ്രാ തോമസ് അതിനു പിന്തുണ നൽകിയതുമാണ് നിത്യയുടെ ജീവിതത്തിലെ ടേണിംഗ് പോയിന്റ്.
ആറാം ക്ലാസ്സു മുതൽ സംഗീതം പഠിക്കുന്ന നിത്യ കോളേജിൽ എത്തിയപ്പോഴാണ് വീണ്ടും ഗൗരവമായി സംഗീതപഠനം തുടങ്ങിയത്. സ്കൂൾ പഠനകാലത്ത് തമിഴ്‌നാട്ടുകാരിയായ സീതാകൃഷ്ണൻ ടീച്ചറുടെ കീഴിൽ കർണ്ണാടിക് സംഗീതം പഠിച്ചു. കൊൽക്കൊത്ത സ്വദേശിയായ ബർണ്ണാലി ബിശ്വാസ്, പെരിങ്ങനാട് രാജൻ എന്നിവരും ഗുരുക്കന്മാരാണ്. സംഗീത സംവിധായകരായ ബേണി ഇഗ്നേഷ്യസിന്റെ കീഴിലാണ് ഇപ്പോൾ സംഗീത പഠനം.
ഖത്തറിൽ ജനിച്ചുവളർന്ന നിത്യയുടെ പ്ലസ് ടു വരെയുള്ള പഠനം അവിടെയായിരുന്നു. പിന്നീട് ബാംഗ്ലൂർ ബി എം എസ് എഞ്ചിനീയറിംഗ് കോളേജിൽ നിന്നും ആർക്കിടെക്ചറിൽ ബീ ആർക്ക് ബിരുദം.
പിതാവ് മാമ്മൻ വർഗ്ഗീസ് ഖത്തറിലെ കൺസ്ട്രക്ഷൻ കമ്പനിയിൽ ആയിരുന്നു. അമ്മ അന്നമ്മ അധ്യാപികയും. സഹോദരി നിഷ സയിന്റിസ്റ്റാണ്. കുടുംബസമേതം ഇപ്പോൾ കൊച്ചിയിലാണ് താമസം.
മലയാളം കൂടാതെ മറ്റു ഭാഷകളിലും പാടാൻ ആഗ്രഹമുണ്ട്. മലയാളത്തിലെ എല്ലാ പാട്ടുകാരെയും ഇഷ്ടമാണ്. എന്നാൽ ബോളിവുഡ് ഗായകൻ അരിജിത് സിംഗിന്റെ പാട്ടുകളോട് ഒത്തിരി ഇഷ്ടക്കൂടുതലുണ്ടെന്ന് നിത്യ.
