സഹനടനായും വില്ലനായും തിളങ്ങി നായക നിരയിൽ എത്തിയ നടനാണ് ബിജു മേനോൻ. തുടക്കത്തിൽ അധികവും ആക്ഷൻ കഥാപാത്രങ്ങളാണ് ബിജുവിനെ തേടിയെത്തിയതെങ്കിലും നായക നിരയിൽ എത്തിയതോടെ കോമഡി ടച്ചുള്ള കഥാപാത്രങ്ങളും തനിക്ക് വഴങ്ങുമെന്ന് ബിജു മേനോൻ തെളിയിച്ചു. മമ്മൂട്ടി, മോഹൻലാൽ, സുരേഷ്ഗോപി, ദിലീപ് തുടങ്ങിയവർക്കൊപ്പം സഹനടനായി ഏറെ കൈയടി വാങ്ങിയ താരം കൂടിയാണ് ബിജു.
ഒരു കാലത്ത് മലയാളത്തിലെ ഹിറ്റ് കോമ്പോയായിരുന്നു മമ്മൂട്ടി ബിജു മേനോൻ . അഴകിയ രാവണനിലെ ഇവരുടെ കഥാപാത്രങ്ങൾ ഇന്നും പ്രേക്ഷകരുടെ മുന്നിൽ ചർച്ചാ വിഷയമാണ്. അതുപോലെ നിരവധി ചിത്രങ്ങളിലും നായകനായും പ്രതിനായകനായും മമ്മൂട്ടിയ്ക്കൊപ്പം ബിജു അഭിനയിച്ചിട്ടുണ്ട്. ക്രോണിക് ബാച്ചിലർ, ഒരു മറവത്തൂർ കനവ്, ഡാഡി കൂൾ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളൊക്കെയും ഈ കോമ്പൊയിൽ ഉണ്ടായിട്ടുണ്ട്. കൂടാതെ അടുത്ത സുഹൃത്തുക്കൾ കൂടിയാണിവർ.
ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് താരത്തിന്റെ പഴയ വീഡിയോയാണ്, തനിയ്ക്ക് നടൻ മമ്മൂട്ടി ചാർത്തി നൽകിയ പട്ടത്തെ കുറിച്ചാണ് താരം പറയുന്നത്. റേഡിയോ മാംഗോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറയുന്നത്.
മമ്മൂക്ക സ്ഥിരം നൽകാറുള്ള ഉപദേശത്തെ കുറിച്ച് അവതാരകൻ ചോദിച്ചപ്പോഴാണ്, തനിയ്ക്ക് ചാർത്തി നൽകിയ കിരീടത്തെ കുറിച്ച് താരം പറഞ്ഞത്. പണ്ട് അദ്ദേഹം എനിയ്ക്ക് ചാർത്തി നൽകിയ ഒരു കിരീടമാണ് മടിയൻ എന്നുള്ളത്. ഷൂട്ടിങ് നടക്കുമ്പോൾ കിട്ടുന്ന സമയത്തൊക്കെ ഞാൻ കിടന്ന് ഉറങ്ങും. അതുപോലെ പണ്ടൊന്നും കൂടുതൽ ഒന്നും ചിന്തിക്കില്ലായിരുന്നു. തനിയ്ക്ക് കിട്ടുന്ന എല്ലാ കഥാപാത്രങ്ങൾ ചെയ്യുക എന്നല്ലാതെ അതിനെ കുറിച്ചൊന്നും അധികം ചിന്തിക്കില്ലായിരുന്നു. എന്നാൽ ഇന്ന് അതൊക്കെ മാറിയെന്നും താരം അഭിമുഖത്തിൽ പറയുന്നു.