ന്യുഡൽഹി.. മലയാള സിനിമ കണ്ട എക്കാലത്തെയും എവർഗ്രീൻ ക്ളാസിക് ആക്ഷൻ ത്രില്ലർ.. മമ്മൂട്ടി എന്ന സൂപ്പർ താരത്തിന്റെ ഒരു ചെറിയ തിരിച്ചടികൾക്കുശേഷമുള്ള ശക്തമായ ഒരു തിരിച്ചുവരവ്… അത് വെറുമൊരു വരവായിരിന്നില്ല… സർവവിധ രാജകീയ പ്രൗഢികളോടും കൂടി മലയാള സിനിമയുടെ താര സിംഹാസനത്തിൽ മമ്മൂട്ടി എന്ന മെഗാസ്റ്റാർ അവരോധിതാനായ സിനിമയും കഥാപാത്രവും.. അതായിരുന്നു ന്യുഡൽഹിയും അതിലെ ജി കെയും. ഡെന്നീസ് ജോസഫിന്റെ തിരക്കഥയിൽ ജോഷി അണിയിച്ചൊരുക്കിയ ന്യുഡൽഹി റിലീസായിട്ട് ഇന്നേക്ക് 33 വർഷങ്ങൾ പിന്നിടുകയാണ്.
മലയാള സിനിമ അന്നുവരെ കണ്ടിട്ടില്ലാത്ത വൻ ജനപ്രളയമായിരുന്നു ന്യുഡൽഹി പ്രദർശിപ്പിച്ച തിയറ്ററുകൾക്ക് മുന്നിൽ. അതുവരെയുള്ള കളക്ഷൻ റെക്കോർഡുകൾ ഭേദിച്ച ഗംഭീര വിജയമായി ആ ചിത്രം മാറി..
ഇന്നും പ്രേക്ഷകർ ഓർത്തുവെക്കുന്ന ഒരുപാട് സൂപ്പർ ഡയലോഗുകളും ആ സിനിമയുടെ പ്രത്യേകതകളിൽ ഒന്നാണ്.
ജി കെ യുടെ രണ്ട് സൂപ്പർ ഡയലോഗുകൾ:
“ക്രിയേറ്റർ… സ്രഷ്ടാവ്…ദൈവം… സുരേഷ് പറഞ്ഞത് ശരിയാണ്. ഐ ആം ഗോഡ്… മീഡിയ ഗോഡ്…
ഇവിടെ പലരുടെയും തലയിലെഴുതുന്നതും മായ്ക്കുന്നതും ഞാനാണ്. ഏത് ഉന്നതന്റെയും… രാഷ്ട്രത്തലവൻ, പണക്കാരൻ, രാഷ്ട്രീയ നേതാക്കൾ.. ഇവന്റെയൊക്കെ ലൈഫ് ഇന്ന് എന്റെ കൈയിലാണ്. എവിടെ ബോംബ് പൊട്ടണം, എവിടെ ട്രെയിൻ മറിയണം, മരിക്കേണ്ടവനെങ്ങനെ മരിക്കണം.. എല്ലാം തീരുമാനിക്കുന്നത് ഞാനാണ്. പഴയ നവഭാരത് ടൈംസിലെ വെറും ജി കൃഷ്ണമൂർത്തി. ഇന്ന് വിശ്വനാഥൻ… ബൈചാൻസിനു കിട്ടിയതാണെങ്കിലും നല്ല പേര്… വിശ്വനാഥൻ… വിശ്വത്തിന്റെ നാഥൻ… അതായത് ദൈവം.”
“എന്നെ മനസ്സിലാക്കാൻ ആർക്കും കഴിഞ്ഞിട്ടില്ല. നിനക്ക് പോലും. നീ പറഞ്ഞല്ലോ ഞാനൊരു ക്രൂരനാണെന്ന്. ഞാനങ്ങനെ ആയിരുന്നെങ്കിൽ ആദ്യം കൊല്ലേണ്ടത് നിന്നെയും ഇവളെയും ആയിരുന്നു. പിന്നെ ഞാൻ ചെയ്യുന്നത് ആരും അറിയില്ലല്ലോ. എനിക്ക് പരമസുഖം. ഞാനങ്ങനെ ചെയ്യണമായിരുന്നു അല്ലേ? എനിക്ക് മാത്രമായി ഞാൻ ഒന്നും ചെയ്തിട്ടില്ല. സമ്പാദിച്ചതൊക്കെ ഉമയ്ക്കും നിനക്കും വേണ്ടിയാ. പ്രതികാരം നമുക്കുവേണ്ടിയും. ഇത് തുടങ്ങിയപ്പോഴേ എന്റെ ഫേയ്റ്റ് എന്താണെന്ന് എനിക്കറിയാം. അതിനിനി വലിയ താമസം ഇല്ല. ഒരു ജോലി കൂടി എനിക്ക് ചെയ്തു തീർക്കാനുണ്ട്.. ഒരാൾ കൂടി ശേഷിക്കുന്നുണ്ട്. അതുകൂടി തീർത്തിട്ടേ ഞാൻ പോകു. പാതിവഴിയിലിട്ടിട്ടുപോയാൽ എന്റെ പെങ്ങൾക്കും പിന്നെ എന്റെ… നിനക്കും ഇവിടെ ജീവിക്കാൻ വയ്യാണ്ടാകും.
ഇപ്പോഴും നീ എന്റെ ആരെല്ലാമോ ആണ് നിനക്ക് അങ്ങനെ അല്ലെങ്കിലും. ”
