തെന്നിന്ത്യൻ താരങ്ങളുടെ പിറന്നാൾ സ്പെഷ്യൽ മാഷപ്സ് കൊണ്ട് സോഷ്യൽ മീഡിയയിലും സിനിമാക്കാർക്കിടയിലും താരമായിത്തീർന്ന ലിന്റോ കുര്യന്റെ പിറന്നാൾ ആണിന്ന്. (ജൂലൈ 25).
പിറന്നാൾ ദിനത്തിൽ തന്റെ വിശേഷങ്ങൾ മമ്മൂട്ടി ടൈംസ് വായനക്കാരുമായി പങ്കുവയ്ക്കുകയാണ് ലിന്റോ.
തയ്യാറാക്കിയത് : ഹാദിഖ് റഹ്‌മാൻ
ലിന്റോ കുര്യൻ -താരങ്ങളുടെ ബർത്ഡേ സ്പെഷ്യൽ മാഷ് അപ്പുകൾ ഒരുക്കി സോഷ്യൽ മീഡയയിൽ താരമായ നാമം.
മമ്മൂട്ടി, മോഹൻലാൽ, ദിലീപ്, സുരേഷ് ഗോപി, പൃഥ്വിരാജ്, ജയസൂര്യ, ദുൽഖർ തുടങ്ങി തമിഴിൽ സൂര്യയും വിജയും അടക്കമുള്ളവരുടെ മാഷ് അപ്പുകൾ ആരാധകർക്കിടയിൽ മാത്രമല്ല, താരങ്ങൾക്കിടയിലും ഇന്ന് തരംഗമാണ്.
മാഷപ്പുകളുടെ സ്വീകാര്യത ലിന്റോ കുര്യനു സിനിമാ രംഗത്തേക്കുള്ള വാതിലും തുറന്നുകൊടുത്തു.
മമ്മൂട്ടിയുടെ കടുത്ത ആരാധകനായ ലിന്റോ കുര്യൻ മമ്മൂട്ടിയോടുള്ള ഇഷ്ടം കൊണ്ടുകൂടിയാണ് ഈ രംഗത്തേക്ക് കടക്കുന്നത്.
“ചെറുപ്പം തൊട്ടേ മമ്മുക്കയുടെ ഒരു വലിയ ഫാൻ ആണ്. എന്റെ ഓർമ്മയിൽ എന്റെ നാലു വയസ്സ് തൊട്ടേ എന്റെ മനസ്സിൽ കയറിക്കൂടിയ ഇഷ്ടമാണത്. എഡിറ്റിങ് രംഗത്തേക്ക് വരാനുള്ള കാരണം തന്നെ മമ്മൂക്കയാണ്. പത്രത്തിലും മാഗസിനുകളിലും ഒക്കെ വരുന്ന മമ്മുക്കയുടെ ഫോട്ടോസ് നോട്ട് ബുക്കിലും ഭിത്തിയിലുമൊക്കെ ഒട്ടിച്ചുവയ്ക്കുമായിരുന്നു.
മെഗാസ്റ്റാർ സ്പെഷ്യൽ മാഷപ്പിൽ തുടക്കം
2015-16 കാലത്തൊക്കെ ഈ ടൈപ്പിലുള്ള മാഷപ് റീമിക്സ് വീഡിയോസ് തമിഴിലും മലയാളത്തിലും ഒക്കെ വരാൻ തുടങ്ങിയ സമയം. ആ സമയത്ത് ഞാൻ അത്തരം വീഡിയോസ് ഒത്തിരി കാണുമായിരുന്നു. എനിക്കിഷ്ടമായിരുന്നു അത്തരം വീഡിയോസ്. ഒരിക്കൽ ലാലേട്ടന്റെ ഒരു മാഷപ് വീഡിയോ ഞാൻ കണ്ടു. എനിക്കത് നന്നായി ഇഷ്ടപ്പെട്ടു. ആ ഒരു ടൈപ്പിലുള്ള ഇംപാക്ട് ഉണ്ടാക്കാൻ കഴിയുന്ന മമ്മൂക്കയുടെ മാഷപ് സോങ്ങ് ഉണ്ടോ എന്ന് യൂട്യൂബിലൊക്കെ സെർച്ച് ചെയ്തു നോക്കി. മമ്മൂക്കയുടെ എടുത്തുപറയത്തക്ക മാഷപ്സ് ഒന്നും ആ സമയത്ത് ഇല്ലായിരുന്നു. അങ്ങനെയാണ് മമ്മൂക്കയുടെ ‘Megastar’ എന്ന പേരിലുള്ള മാഷപ്പ് ചെയ്യുന്നത്. ഇക്കയുടെ സിനിമകളിലെ എനിക്കിഷ്ടപ്പെട്ട സീനുകൾ, ഇഷ്ടപ്പെട്ട ഡയലോഗ്സ് ഒക്കെ ചേർത്താണ് ഞാൻ ആദ്യത്തെ മാഷപ്പ് ചെയ്യുന്നത്. എഡിറ്റിങ് രംഗത്തേക്ക് വരാനുള്ള റീസൺ തന്നെ മമ്മൂക്കയാണ് .
ചെറുപ്പം തൊട്ടേയുള്ള സ്വപ്നമാണ് സിനിമ
മാഷാപ്പുകൾക്ക് വേണ്ടി വീഡിയോസ് ചെയ്ത് ചെയ്താണ് പിന്നീട് എഡിറ്റിംഗിനോട് താൽപര്യം വരുന്നത്.
സിനിമയോട് വലിയ താൽപര്യമായിരുന്നു, പത്താം ക്ലാസ് തോട്ടേ. ഡയറക്ഷൻ, സിനിമാറ്റോഗ്രാഫി, സ്ക്രിപ്റ്റ് റൈറ്റിംഗ്…അങ്ങിനയുള്ള മേഖലകളോടായിരുന്നു കൂടുതൽ താൽപര്യം.
എഡിററിംഗിനോട് വലിയ താല്പര്യമില്ലായിരുന്നു.
ഡിഗ്രി ബി എ ഫിലിം ടെലിവിഷൻ ആയിരുന്നു. അതിൽ എഡിറ്റിംഗ് ഒരു സബ്ജക്ടായിരുന്നു. എന്നാൽ മാഷപ് ചെയ്യാൻ തുടങ്ങിയ സമയം തൊട്ട് യൂട്യൂബിൽ നോക്കിയാണ് എഡിറ്റിംഗ് പഠിച്ചുതുടങ്ങിയത്. പിന്നെ മറ്റുള്ളവരുടെ വീഡിയോസ് ശ്രദ്ധിച്ചും സിനിമകളിലെ എഡിറ്റിംഗുമൊക്കെ ശ്രദ്ധയോടെ വീക്ഷിക്കുമായിരുന്നു. ” ലിന്റോ പറഞ്ഞു.
ബ്രേക്ക് നൽകിയത് ദുൽഖർ സ്‌പെഷൽ മാഷപ് !
2017-ലാണ് സോഷ്യൽ മീഡിയയിൽ ലിന്റോ കുര്യൻ സജീവമാകുന്നത്. സ്വന്തമായി യൂട്യൂബ് ചാനൽ തുടങ്ങിക്കൊണ്ടായിരുന്നു ഈ രംഗത്തേക്ക് കടക്കുന്നത്. അന്നുമുതലേ യൂട്യൂബിൽ വീഡിയോസ് ചെയ്യാറുണ്ടെങ്കിലും അധികം ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. എന്നാൽ 2019-ൽ ദുൽഖർ സൽമാന്റെ ബെർത്ത് ഡേ സ്പെഷ്യൽ മാഷപ് വീഡിയോ ചെയ്തത് വൻ ഹിറ്റായി.
ജയസൂര്യയുടെ പ്രോത്സാഹനം !
ലിന്റോ കുര്യൻ ഒരുക്കുന്ന ബെർത്ത് ഡേ സ്പെഷ്യൽ മാഷപ്പ് വീഡിയോകൾ സോഷ്യൽ മീഡിയയിൽ തരംഗമാകാൻ തുടങ്ങിയതോടെ ആരാധകർക്കിടയിൽ മാത്രമല്ല, താരങ്ങൾക്കിടയിലും ലിന്റോ കുര്യൻ ശ്രദ്ധിക്കപ്പെടാൻ തുടങ്ങി. ജയസൂര്യ, ആസിഫലി, സിദ്ധിഖ്, സുരാജ് വെഞ്ഞാറമൂട്..തുടങ്ങിയവരൊക്കെ ലിന്റോയുടെ വീഡിയോസ് ചെയർ ചെയ്തു. ജയസൂര്യയുടെ ബെർത്ത് ഡേ സ്പെഷ്യൽ മാഷപ് ചെയ്തതോടെയാണ് തന്റെ ജീവിതത്തിൽ വലിയൊരു ചെയ്ഞ്ച് ഉണ്ടായതെന്ന് ലിന്റോ പറയുന്നു.
“ജയേട്ടനു വെണ്ടി (ജയസൂര്യ) ഞാൻ ചെയ്ത ബെർത്ത് ഡേ സ്പെഷ്യൽ മാഷപ് അദ്ധേഹത്തിനു വളരെ ഇഷ്ടമായി. അതു കണ്ട ശേഷം അദ്ധേഹം എന്നെ നേരിട്ട് ഫോണിൽ വിളിച്ചു. അതൊരു മറക്കാനാകാത്ത അനുഭവമായിരുന്നു. ആദ്യമായാണ് ഒരു താരം നേരിട്ട് അഭിനന്ദനങ്ങൾ അറിയിക്കുന്നത്. പിന്നീട് ഞാൻ ജയേട്ടന്റെ ലൊക്കേഷനിൽ പോയി നേരിട്ട് കണ്ടു സംസാരിച്ചു. അന്നു തൊട്ട് ഇന്നുവരെ ജയേട്ടൻ തരുന്ന സപ്പോർട്ട് വളരെ വലുതാണ്. ഇപ്പോഴും നല്ല ബന്ധമാണ് ജയസൂര്യയുമായി. ഈയിടെ ലാലേട്ടന്റെ ബെർത്ത് ഡേ സ്പെഷ്യൽ മാഷപ് ചെയ്തപ്പോൾ അത് ലാലേട്ടനു ഷെയർ ചെയ്തതെല്ലാം ജയസൂര്യയാണ്. പൃഥ്വിരാജിന്റെ ബെർത്ത് ഡേ മാഷപ്പും ജയേട്ടനാണു ഷെയർ ചെയ്തുകൊടുത്തത്. ചില സംവിധായകരും താരങ്ങളും ഒക്കെ ഫേസ് ബുക്ക് വഴി മെസ്സേജുകൾ അയച്ചു പ്രോൽസാഹിപ്പിക്കാറുണ്ട്.
സിനിമയിലേക്കുള്ള വഴി…
ഒരു ആരാധകന്റെ ക്രേസ് മാത്രമല്ല, ലിന്റോയ്ക്ക് മാഷാപ്പുകൾ ചെയ്യാനുള്ള പ്രേരണ. മറിച്ചു, അതിനു പുറകിലെ കഠിനാദ്ധ്വാനവും ഡെഡിക്കേഷനും റിസേർച്ചുമെല്ലാം ആണ് ലിന്റോയുടെ മാഷപ്പുകളെ വ്യത്യസ്തവും ശ്രദ്ധേയവുമാക്കുന്നത്. ആ അർപ്പണം തന്നെയാണ് ലിന്റോയെ സിനിമാ ലോകത്തേക്ക് എത്തിച്ചത്. ദിലീപ് നായകനായ കമ്മാരസംഭവത്തിൽ സ്പോട്ട് എഡിറ്ററുടെ അസിസ്റ്റന്റ് ആയാണ് ലിന്റോയുടെ സിനിമയിലേക്കുള്ള കാൽവയ്പ്. സെക്കൻഡ് ഇയർ ഡിഗ്രിയ്ക്ക് പഠിക്കുമ്പോഴായിരുന്നു അത്. പിന്നീട് മാഷപ്പ് വീഡിയോസ് ചെയ്തു കുറേക്കൂടി ശ്രദ്ധയമായിക്കഴിഞ്ഞിരുന്നു. ആയിടയ്ക്ക് ദിലീപേട്ടന്റെ ഒരു മാഷപ്പ് വീഡിയോ ചെയ്തത് വൻ ഹിറ്റായി. ആ സമയത്താണ് സംവിധായകൻ അജയ് വാസുദേവ് ഷൈലോക്കിന്റെ ടീസർ എഡിറ്റ് ചെയ്യാൻ ക്ഷണിക്കുന്നത്. ഷൈലോക്കിലേക്ക് എന്നെ റെക്കമെന്റ് ചെയ്യുന്നത് അതിന്റെ സ്ക്രിപ്റ്റ് റൈറ്റേഴ്‌സായ അനീഷ് ഹമീദും ബിപിൻ മോഹനും ചേർന്നാണ്. ഷൈലോക്കിൽ വർക് ചെയ്തത് വലിയൊരു അനുഭവമായിരുന്നു. എന്നെപ്പോലെ സിനിമയിൽ തുടക്കക്കാരനായ ഒരാൾക്ക് കിട്ടാവുന്നതിൽ വച്ചേറ്റവും സപ്പോർട്ടും എക്സ്പീരിയൻസും ആ സിനിമയിൽ വർക്ക് ചെയ്തതിലൂടെ ലഭിച്ചു. അതിനെല്ലാമുപരി എന്റെ ഇഷ്ടനടൻ മമ്മൂക്കയുടെ ഒരു പടത്തിൽ ടീസർ ചെയ്യാൻ കിട്ടിയത് തന്നെ വലിയൊരു ഭാഗ്യമായിരുന്നു.
അതിനേക്കാൾ വലിയൊരു ഭാഗ്യം കിട്ടാനില്ല. മറ്റൊന്ന് അജയ് വാസുദേവ് എനിക്ക് ഏറെ ഇഷ്ടപ്പെട്ട ഒരു സംവിധായകൻ കൂടിയായിരുന്നു. മമ്മൂക്കയുടെ മാഷപ്പ് ചെയ്തപ്പോൾ ഞാൻ കൂടുതൽ യൂസ് ചെയ്തത് അജയേട്ടന്റെ രാജാധിരാജ, മാസ്റ്റർ പീസ് എന്നീ ചിത്രങ്ങളിലെ ഷോട്ടുകൾ ആയിരിന്നു. അങ്ങിനെയുള്ള ഒരു ഡയറക്ടറുടെ കീഴിൽ അതും ഒരു മമ്മൂക്ക ചിത്രം വർക്ക് ചെയ്യാൻ ലഭിച്ച അവസരം തന്നെയാണ് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായി ഞാൻ കരുതുന്നത്.
മാഷപ്പ് സ്പെഷ്യൽ യുറ്റ്യൂബ് ചാനൽ ഹിറ്റ് !
2017-ൽ തുടങ്ങിയ യൂട്യൂബ് ചാനലിനു ഇപ്പോൾ ഒരു ലക്ഷത്തിലേറെ സബ്സ്ക്രൈബേഴ്സ് ഉണ്ട്. മൂന്നു വർഷം കൊണ്ട് ഒരു ലക്ഷം സബ്സ്ക്രൈബേഴ്സ് എന്നത് വലിയ സംഭവമല്ലെങ്കിലും ഇത്തരം മാഷപ് വീഡിയോസ് ചെയ്യുന്ന ചാനലിനു മലയാളത്തിൽ ഒരു ലക്ഷം സബ്സ്ക്രൈബേഴ്സ് ആദ്യമായാണ്. തമിഴിൽ ജിബി മീഡിയാസ് എന്നൊരു ചാനലുണ്ട്. വളരെ ഫേമസ് ആണ്.
തിരുവല്ല സ്വദേശി കുര്യന്റെയും ആലീസിന്റെയും രണ്ടാമത്തെ മകനാണ് ലിന്റോ. ജ്യേഷ്ഠൻ ലിബിൻ ചാക്കോ മുബൈയിൽ ജേർണലിസ്റ്റാണ്.