ദുൽഖർ നിർമ്മിക്കുന്ന മണിയറയിലെ അശോകൻ എന്ന ചിത്രത്തിലാണ് ദുൽഖർ വീണ്ടും പാടുന്നത്.
മലയാളത്തിന്റെ പ്രിയ യുവതാരം ദുൽഖർ സൽമാൻ വീണ്ടും ഗായകനായെത്തുന്നു. ദുൽഖർ സൽമാൻ തന്നെ നിർമ്മിച്ച് നവാഗതനായ ഷംസു സൈബ സംവിധാനം ചെയ്യുന്ന ‘മണിയറയിലെ അശോകൻ’ എന്ന ചിത്രത്തിലാണ് ദുൽഖർ ഒരിക്കൽ കൂടി പിന്നണി ഗായകനായി എത്തുന്നത്. ചിത്രത്തിലെ ‘ഉണ്ണിമായ… ‘ എന്നു തുടങ്ങുന്ന ഗാനം താരത്തിന്റെ പിറന്നാൾ ദിനത്തിലാണ് എത്തുന്നത് എന്നുള്ള പ്രത്യേകത കൂടിയുണ്ട്.
നേരത്തെ എ ബി സി ഡി, മംഗ്ളീഷ്, ചാർളി തുടങ്ങി പല ചിത്രങ്ങൾക്കു വേണ്ടിയും പിന്നണി പാടിയ ദുൽഖർ താൻ മികച്ചൊരു ഗായകനും കൂടിയാണെന്ന് ഇതിനകം തെളിയിച്ചുകഴിഞ്ഞു. ഇന്ന് വൈകുന്നേരം അഞ്ചു മണിയ്ക്ക് ഗാനം സോഷ്യൽ മീഡിയയിലൂടെ റിലീസ് ചെയ്യും.
ദുൽഖറിനൊപ്പം നടൻ ഗ്രിഗറിയും ചേർന്നാണ് ഈ ഗാനം ആലപിക്കുന്നത്.
ശ്രീഹരി കെ നായരുടേതാണ് സംഗീതം.
ദുൽഖർ നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണ് മണിയറയിലെ അശോകൻ. ഗ്രിഗറിയാണ് ചിത്രത്തിലെ നായകൻ. ഒപ്പം ദുൽഖർ ശ്രദ്ധേയമായ ഒരു റോളിൽ എത്തുന്നു.
ദുൽഖർ ആദ്യമായി നിർമ്മിച്ച വരനെ ആവശ്യമുണ്ട് ഈ വർഷം ആദ്യം തിയേറ്ററുകളിൽ എത്തി മികച്ച വിജയം നേടിയിരുന്നു. സത്യൻ അന്തിക്കാടിന്റെ മകനും നവാഗതനുമായ അനൂപ് സത്യൻ ആണ് ചിത്രം സംവിധാനം ചെയ്തത്.
ദുൽഖറിന്റെ മറ്റൊരു നിർമ്മാണ സംരംഭമായ കുറുപ്പ് പ്രദർശനത്തിന് തയ്യാറെടുക്കുകയാണ്. മെയ് മാസത്തിൽ തിയേറ്ററുകളിൽ എത്തിക്കാൻ പ്ലാൻ ചെയ്ത ചിത്രം കോവിഡ് മൂലം റിലീസ് മാറ്റുകയായിരുന്നു. ദുൽഖറിന്റെ ആദ്യ ചിത്രമായ സെക്കൻഡ് ഷോ ഒരുക്കിയ ശ്രീനാഥ് രാജേന്ദ്രനും ടീമുമാണ് കുറുപ്പ് ഒരുക്കുന്നത്. കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാര കുറുപ്പ് ആയി ദുൽഖർ എത്തുന്ന ഈ ചിത്രം വൻ ബജറ്റിലാണ് ഒരുക്കിയിട്ടുള്ളത്.
ദുൽഖറിന്റെ ഉടമസ്ഥതയിലുള്ള വേ ഫെയർ ഫിലിം കമ്പനി പുതുമുഖങ്ങൾക്ക് ഏറെ അവസരങ്ങൾ നൽകുന്നു എന്ന പ്രത്യേകതയുമുണ്ട്. റോഷൻ ആൻഡ്രുസ്, ജോയ് മാത്യു എന്നിവരാണ് ദുൽഖറിന്റെ അടുത്ത ചിത്രങ്ങൾ ഒരുക്കുന്നത്.