“എന്തായാലും ഒരു കാര്യം ഉറപ്പാ… ഇനി എന്നെ ആര് കാണണമെന്ന് ഞാൻ തീരുമാനിക്കും. അത് കാക്കിയാണേലും ശരി ഖദറാണേലും ശരി.”
ദുൽഖറിന്റെ മാസ് ഡയലോഗും കിടിലൻ ലുക്കുമായി കുറിപ്പിലെ സ്നീക് പീക് ഇന്ന് റിലീസ് ചെയ്തു.
ദുൽഖറിന്റെ പിറന്നാൾ ദിനത്തോടനുബന്ധിച്ചാണ് ഏതാനും സെക്കൻഡുകൾ മാത്രം ദൈർഘ്യമുള്ള സ്നീക് പീക് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്.
കടലിന്റെ പശ്ചാതലത്തിൽ കടലിനഭിമുഖമായി നിന്നു ചുണ്ടിലുള്ള സിഗരറ്റ് കടലിലേക്ക് വലിച്ചെറിഞ്ഞു ഒരു പ്രത്യേക സ്റ്റൈലിൽ പുറകിലേക്ക് തിരിഞ്ഞു മാസ് ഡയലോഗും പറഞ്ഞു ലെഫ്റ്റ് ഹാൻഡ് ഡ്രൈവുള്ള പഴയൊരു ആഡംബര കാറിലേക്ക് കുറുപ്പ് കയറുന്നിടത്താണ് 40 സെക്കൻഡിൽ താഴെ ദൈർഘ്യമുള്ള സ്നീക് പീക് അവസാനിക്കുന്നത്.
ടക്കിൻ ചെയ്ത മുട്ടിനു താഴേക്ക് മടക്കിവച്ച ഷർട്ടും പാന്റ്സുമാണ് ദുൽഖറിന്റെ വേഷം. വലതു കൈയിൽ ഒരു കണ്ണടയുമുണ്ട്.
ദുൽഖറിന്റെ മാസ് ഡയലോഗും സുഷിൻ ശ്യാമിന്റെ ക്ലാസ് ബിജിഎമ്മും കൂടി ചേരുമ്പോൾ ബോക്സോഫീസ് ഇളക്കിമറിക്കാൻ പോകുന്ന ഒരു ഐറ്റം തന്നെയാണ് എത്തുന്നത് എന്നുറപ്പിക്കുന്നതാണ് ഈ രംഗം. ദുൽഖർ സൽമാന്റെ യുട്യൂബ് ചാനൽ വഴി പുറത്തുവിട്ട കുറുപ്പിന്റെ സ്നീക് പീക് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. റിലീസ് ചെയ്തു മണിക്കൂറുകൾക്കകം തന്നെ ഹിന്ദിയിലും തമിഴിലുമടക്കം സ്നീക് പീക്കിന്റെ റിയാക്ഷനും എത്തി.
തങ്ങളുടെ ആദ്യ ചിത്രമായ സെക്കൻഡ് ഷോയ്ക്ക് ശേഷം ശ്രീനാഥ് രാജേന്ദ്രനും ദുൽഖറും വീണ്ടും ഒന്നിക്കുന്ന കുറുപ്പ്, കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ കഥയാണ് പറയുന്നത്.
ദുൽഖറിന്റെ വേ ഫെയറർ ഫിലിംസും എം സ്റ്റാർ എന്റെർറ്റൈന്മെന്റും ചേർന്നാണ് നിർമ്മിക്കുന്നത്.
ജിതിൻ കെ ജോസിന്റെ കഥയ്ക്ക് ഡാനിയൽ സായൂജ് നായർ, കെ എസ് അരവിന്ദ് എന്നിവർ ചേർന്ന് തിരക്കഥ ഒരുക്കുന്നു.
ക്രിയേറ്റീവ് ഡയരക്ടർ : വിനി വിശ്വലാൽ.
ഡി ഒ പി : നിമിഷ് രവി. എഡിററിംഗ് : വിവേക് ഹർഷൻ. വിതരണം :പ്ലേ ഹൗസ്
