സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ ഉന്നതവിജയം നേടിയ തൊടുപുഴ സ്വദേശി വിനായകിനെ തേടി കഴിഞ്ഞ ദിവസം ഒരു ഫോൺ കോളും പിന്നാലെ ഒരു വിശിഷ്ട സമ്മാനവുമെത്തി. മലയാളി യുവത്വത്തിന്റെ ഹരമായ ദുൽഖർ സൽമാനിൽ നിന്നുമായിരുന്നു അത്.
അപ്രതീക്ഷിതാമായി വന്ന ഫോൺകോളും സമ്മാനത്തെ കുറിച്ചും വിനായക് പറയുന്നു. ‘ഒട്ടും വിചാരിച്ചിരുന്നില്ല, അദ്ദേഹം വിളിക്കുമെന്ന്. ഇന്നലെ രാത്രിയാണ് വിളിച്ചത്. നല്ല മാർക്ക് കിട്ടയതിന് അഭിനന്ദിച്ചു. ഇനിയും നന്നായി പഠിക്കണം എന്നു പറഞ്ഞു. അദ്ദേഹത്തിന്റെ വകയായി ഒരു ഒരു സമ്മാനം ഉടൻ എത്തുെമന്നും പറഞ്ഞാണ് ഫോൺ വച്ചത്. ഇന്ന് ആ സമ്മാനം എത്തി. സാംസങ് ഗ്യാലക്സി A31 ഫോണാണ് അദ്ദേഹം കൊടുത്തുവിട്ടത്. ഒരുപാട് സന്തോഷം.’ വിനായക് പറഞ്ഞു.
സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ കൊമേഴ്സ് ആയിരുന്നു വിനായകിന്റെ വിഷയം. 500ൽ 493 മാർക്കു വാങ്ങിയ വിനായകിനെ പ്രധാനമന്ത്രി നേരിട്ടു വിളിച്ച് അഭിനന്ദിച്ചിരുന്നു. ആ ഫോൺ സംഭാഷണം പ്രധാനമന്ത്രിയുടെ റേഡിയോ പരിപാടിയായ മൻ കീ ബാത്തിൽ പ്രേക്ഷപണം ചെയ്തിരുന്നു. ഡൽഹി യൂണിവേഴ്സിറ്റിയിൽ ബിരുദപഠനത്തിന് ചേരാനുള്ള അപേക്ഷ നൽകി കാത്തിരിക്കുകയാണ് വിനായക്.
