മലയാള സിനിമയിൽ ഹാസ്യനടൻ എന്ന നിലയിൽ തിളങ്ങിയ നടനാണ് കൊച്ചുപ്രേമൻ. ചെറുതും വലുതുമായ വേഷങ്ങൾ ചെയ്തു പ്രേക്ഷകരെ ചിരിപ്പിച്ച കൊച്ചുപ്രേമൻ, മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയെ കുറിച്ചുള്ള തന്റെ അനുഭവങ്ങൾ പങ്കുവയ്ക്കുകയാണ്. ഒപ്പം മമ്മൂട്ടിയെന്ന നടനെയും താരത്തെയും കൂടി വിലയിരുത്തുകയാണ് ഇവിടെ.
മലയാളികളുടെ അഭിമാനമായ പത്മശ്രീ ഭരത് മമ്മൂട്ടിയുമായി എനിക്ക് അടുത്ത പരിചയം ഒന്നുമുണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ പലതും കണ്ടിട്ടുണ്ടെങ്കിലും തൊമ്മനും മക്കളും എന്ന സിനിമയിലാണ് ഞങ്ങള്‍ ഒരുമിച്ച് അഭിനയിച്ചത്.
എങ്കിലും വര്‍ഷങ്ങള്‍ക്കു മുമ്പേ അദ്ദേഹം നിര്‍മ്മിച്ച ജ്വാലയായ് എന്ന മെഗാസീരിയലില്‍ ഞാന്‍ അഭിനയിച്ചിരുന്നു. വളരെ അത്ഭുതത്തോടു കൂടിയാണ് അന്ന് ഞാന്‍ അദ്ദേഹത്തെ നോക്കിക്കണ്ടിരുന്നത്. ഒരു പുതിയ താരമെന്ന നിലയില്‍ അദ്ദേഹം എന്നോട് വലിയ മമതയാണ് കാണിച്ചത്. എല്ലാവിധ പ്രോത്സാഹനങ്ങളും അദ്ദേഹത്തില്‍ നിന്നും അന്നെനിക്ക് ലഭിച്ചിരുന്നു.
ഒരു നല്ല നടന്‍ എന്ന സങ്കല്‍പത്തിന് എല്ലാ അര്‍ത്ഥത്തിലും യോജിച്ച ആളാണ് അദ്ദേഹം. നസീറിനെ പോലെ നിത്യഹരിത വിസ്മയമായി നിറഞ്ഞു നില്‍ക്കുമ്പോള്‍ നമുക്കേവര്‍ക്കും അഭിമാനിക്കാം.
ഒരു നടനു വേണ്ട എല്ലാ ഘടകങ്ങളും ഒത്തിണങ്ങിയ ആളാണ് മമ്മൂട്ടി. അദ്ദേഹത്തിന്റെ ശബ്ദം, ആകാരം, സൗന്ദര്യം, പ്രകടനം എല്ലാം എത്ര ഗംഭീരമാണ്. അഭിനയത്തിന്റെ ഒരു തുറന്ന പുസ്തകമാണ് അദ്ദേഹം. എല്ലാത്തിനുമുപരി ഒരു നല്ല മനുഷ്യന്‍.
തൊമ്മനും മക്കളുടേയും സെറ്റില്‍ വെച്ചാണ് ഞാന്‍ അദ്ദേഹവുമായി കൂടുതല്‍ അടുക്കുന്നത്. മുന്നൂറിൽപരം ചിത്രങ്ങളില്‍ അഭിനയിച്ചു കഴിഞ്ഞ, മൂന്നു തവണ ദേശീയപുരസ്‌കാരവും പത്മശ്രീയും നേടിയ മലയാളത്തിന്റെ ഒന്നാംകിട താരമായ അദ്ദേഹത്തിന് പുതുമുഖമായ എന്നെ വേണമെങ്കില്‍ മൈന്റ് ചെയ്യാതിരിക്കാമായിരുന്നു. എന്നാല്‍ അദ്ദേഹം എന്നെ വിളിച്ച് പരിചയപ്പെടുകയും വേണ്ട ഉപദേശങ്ങള്‍ തരികയും, എല്ലാ വിധ പ്രോത്സാഹനങ്ങള്‍ നല്‍കുകയും ചെയ്തു. മമ്മൂട്ടിയെന്ന മഹാനടനെക്കുറിച്ചുള്ള എന്റെ മുൻ ധാരണകൾ പൊളിച്ചെഴുതുകയായിരുന്നു അന്ന്. വലിയ ജാഡയും തലക്കനവുമൊക്കെ കാണിക്കുന്ന ആളാണ് അദ്ദേഹമെന്നു മറ്റുള്ളവര്‍ പറയുമ്പോഴും അവരാരും സത്യം മനസിലാക്കാതെയാണ് അങ്ങനെ പറയുന്നത്.
തൊമ്മനും മക്കളിലും അഭിനയിച്ചു കൊണ്ടിരിക്കുമ്പോള്‍ ഉണ്ടായ ഒരു സംഭവം എനിക്കിപ്പോഴും അത്ഭുതമാണു തോന്നുന്നത്. ഷൂട്ടിംഗിനിടയില്‍ ഉച്ചഭക്ഷണത്തിനായി ബ്രേക്ക് പറഞ്ഞ നേരം. മറ്റുള്ളവരോടൊപ്പം ഞാനും ഊണു കഴിക്കാന്‍ തയ്യാറെടുക്കുകയായിരുന്നു. അപ്പോള്‍ മമ്മൂട്ടി എന്നെ വിളിച്ചിട്ടു പറഞ്ഞു. എന്തിനാ മാറിനിന്നു കളഞ്ഞത്, നിങ്ങള്‍ക്കു കൂടിയല്ലേ ഞാനീ ബിരിയാണിയൊക്കെ വരുത്തിച്ചത്, ഇങ്ങു വാ ഇവിടിരിക്ക്. എനിക്കപ്പോള്‍ സന്തോഷത്തേക്കാള്‍ അത്ഭുതമാണു തോന്നിയത്. മമ്മൂട്ടിയില്‍ നിന്നും ഒരിക്കലും ഞാന്‍ അത് പ്രതീക്ഷിച്ചിരുന്നില്ല. ഫീല്‍ഡില്‍ പുതിയ ആളായ എനിക്കു വേണ്ടി ഭക്ഷണം വരുത്തുവാനും ഒപ്പം കഴിക്കാന്‍ വിളിക്കുകയും ഒക്കെ ചെയ്യുക എന്നു പറയുമ്പോള്‍ ഇപ്പോഴും എനിക്കത്ഭുതമാണു തോന്നുന്നത്.
ആ ചിത്രത്തിലഭിനയിക്കുമ്പോള്‍ ഏറെ രസകരമായ ഒരു സംഭവമുണ്ടായി. ചിത്രത്തില്‍ തൊമ്മന്‍ വിഷം കഴിച്ച് ഹോസ്പിറ്റലില്‍ കിടക്കുന്നതാണ് രംഗം. മക്കളായ ശിവനും സത്യനും ഡോക്ടറായ എന്നെ കാണാന്‍ വരുമ്പോള്‍, ഒരു പ്രത്യേക രീതിയില്‍ ശരീരം ചരിച്ച് ഞാന്‍ നടന്നു വരുന്നു. ഏറെ ആകാംക്ഷയോടും സങ്കടത്തോടും കൂടി വരേണ്ട മമ്മൂട്ടി എന്റെ ആ നടത്തം കണ്ട് ചിരിച്ചു പൊയി. ഏറെ സീരിയസാണെന്നു നമ്മളെല്ലാം കരുതുന്ന മമ്മൂട്ടിയുടെ നിഷ്‌കളങ്കതയും നര്‍മ്മബോധവുമാണ് എനിക്കന്നു ബോധ്യമായത്.
ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ നിന്നും മാറ്റി നിര്‍ത്താനാവാത്ത നടനാണ് മമ്മൂട്ടി. അകലെ നിന്നു നോക്കിക്കാണുമ്പോള്‍ അത്ഭുതവും അടുത്തു നില്‍ക്കുമ്പോള്‍ സ്‌നേഹവും ബഹുമാനവും തോന്നിപോകുന്ന ഒരു പ്രതിഭാസമാണ് മമ്മൂട്ടി. ആബാലവൃദ്ധം ജനങ്ങളേയും തന്നിലേക്കാകര്‍ഷിക്കാനുള്ള പ്രത്യേക കഴിവ് അദ്ദേഹത്തിനുണ്ട്. അതു കൊണ്ടാണല്ലോ അഭിനയ ജീവിതത്തിൽ മൂന്നു പതീറ്റാണ്ടുകൾ പിന്നിട്ടിട്ടും ഇപ്പോഴും നമ്പര്‍ വണ്‍ പദവിയില്‍ നിന്നു വിലസുന്നത്.
മമ്മൂട്ടിയുടെ കഴിവ് അപാരം തന്നെ. അദ്ദേഹത്തിനറിയാന്‍ വയ്യാത്ത കാര്യങ്ങള്‍ ചുരുക്കമാണ്. ഇക്കാര്യം പലരും എന്നോട് പറഞ്ഞിട്ടുണ്ട്. മലയാളത്തിന്റെ ഈ നടന വിസ്മയത്തെ അത്ഭുതത്തോടും ബഹുമാനത്തോടും നോക്കിക്കാണാനാണെനിക്കിഷ്ടം.
അദ്ദേഹത്തോടൊപ്പം കൂടുതല്‍ ചിത്രങ്ങള്‍ അഭിനയിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അതോടൊപ്പം ഇന്‍ഡ്യന്‍ സിനിമയ്ക്ക് ലോകത്തിനു മുമ്പില്‍ അഭിമാനത്തോടെ ഉയര്‍ത്തിക്കാട്ടാന്‍ കഴിയുന്ന ആ മഹാപ്രതിഭയ്ക്ക് എല്ലാവിധ ആയുരാരോഗ്യ സൗഖ്യകളും നേര്‍ന്നു കൊണ്ട് നിങ്ങളുടെ കൊച്ചുപ്രമേന്‍.
