മമ്മൂട്ടി അഭിനയ ജീവിതം തുടങ്ങിയിട്ട് ഏകദേശം നാലു പതീറ്റാണ്ടുകൾ ആകുന്നു. 80കളുടെ തുടക്കത്തിൽ തന്നെ മമ്മൂട്ടി തിരക്കുള്ള താരമായി മാറിയിരുന്നു. ഒരുവർഷം 30ഉം 35ഉം മമ്മൂട്ടി പടങ്ങൾ വരെ റിലീസ് ചെയ്ത വർഷങ്ങളുണ്ട്. ഒരു സെറ്റിൽ നിന്നും മറ്റൊരു സെറ്റിലേക്ക് പറന്ന് നടന്നു അഭിനയിച്ചിരുന്ന കാലം.. പിന്നീട് വർഷങ്ങൾ പിന്നിട്ടപ്പോൾ പൊതുവെ സിനിമകളുടെ എണ്ണം താരങ്ങൾ കുറച്ചെങ്കിലും മമ്മൂട്ടിയെ സംബന്ധിച്ച് അപ്പോഴും തിരക്കിൻറെ ദിനങ്ങൾ തന്നെയായിരുന്നു. വർഷം ഏഴും എട്ടും സിനിമകൾ.. പിന്നെ സിനിമകളുടെ പ്രൊമോഷൻ പ്രോഗ്രാമുകൾ.. ഡബ്ബിംഗ്.. സിനിമാ ചടങുകൾ… അങ്ങനെ മമ്മൂട്ടിയുടെ ഒരു വർഷത്തെ ദിനങ്ങൾ ഏറെയും സിനിമാ ലോകവുമായി ചുറ്റിപ്പറ്റി തന്നെ നിൽക്കും. ഒരു സിനിമ പൂർത്തിയായി ഏറിയാൽ ഒരാഴ്ചയായിരിക്കും വിശ്രമം.. അതും വിശ്രമം എന്ന് പറയാൻ കഴിയില്ല. പുതിയ സിനിമകളുടെ കഥ കേൾക്കൽ… ഓഡിയോ ലോഞ്ച്… അവാർഡ് ഫങ്ക്ഷനുകൾ… അങ്ങനെ ആ ദിനങ്ങളും തിരക്കിന്റേതാകും..
ഇടയ്ക്ക് ഗൾഫ് സന്ദർശനങ്ങൾ… കുടുംബസമേതമുളള വിദേശ യാത്രകൾ.. അങ്ങനെ തിരക്കിന്റെ ലോകത്ത് കഴിഞ്ഞു കൂടിയ മമ്മൂട്ടി, ഈ ലോക് ഡൌൺ കാലത്ത് 150 ഓളം ദിവസങ്ങളാണ് അദ്ദേഹം വീട്ടിൽ തന്നെ കഴിച്ചുകൂട്ടിയത് എന്ന് ദുൽഖർ സൽമാൻ വെളിപ്പെടുത്തുന്നു !
മലയാള മനോരമയും മനോരമ ഓൺലൈനും ഹീറോ എക്സട്രീം 160R ഉം ചേർന്നൊരുക്കിയ ചിറ്റ് ചാറ്റ് വിത്ത് ഡിക്യു എന്ന പരിപാടിയിൽ കുട്ടികളോട് സംസാരിക്കുമ്പോഴാണ് മമ്മൂട്ടിയുടെ ലോക്ഡൗൺ ദിനങ്ങളെക്കുറിച്ചുള്ള രസകരമായ വിശേഷങ്ങൾ ദുൽഖർ സൽമാൻ പങ്കുവച്ചത്.
“ഞാൻ പിന്നെയും വീട്ടിൽ കാണും. എന്നെക്കാളും നോൺസ്റ്റോപ് ഷൂട്ടിങ് ഉള്ളത് വാപ്പച്ചിക്കാണ്. പക്ഷേ, ഇപ്പോൾ ഒരു പേഴ്സണൽ റെക്കോർഡ് അടിക്കാൻ നോക്കിക്കൊണ്ടിരിക്കുകയാണ്. ‘ഞാൻ 150 ദിവസം വീട്ടിൽ നിന്ന് ഇറങ്ങിയിട്ടില്ല. ഗേറ്റിനു പോലും പുറത്തു പോയിട്ടില്ല’, എന്നാണ് വാപ്പച്ചി പറയുക. ഇങ്ങനെ പേഴ്സണലി എന്തെങ്കിലുമൊരു ചലഞ്ച് ചെയ്യാൻ ഒത്തിരി ഇഷ്ടമാണ്. ഇപ്പോഴത്തെ ചലഞ്ച് ഇതാണ്. എത്ര ദിവസം വരെ ഇങ്ങനെ പിടിച്ചു നിൽക്കാൻ പറ്റുമെന്ന് നോക്കട്ടെ എന്ന്. ഞാൻ പറഞ്ഞു, വെറുതെയൊരു ഡ്രൈവിനോ എന്തെങ്കിലുമൊന്നിനു പുറത്തു പോയ്ക്കൂടെ എന്ന്. അദ്ദേഹം വീട്ടിൽ നിന്ന് പുറത്തിറങ്ങില്ലെന്ന കടുത്ത നിലപാടിലാണ്. ‘ഇത്ര ദിവസം ആയില്ലേ… ഇനി എത്ര ദിവസം വരെ പുഷ് ചെയ്യാൻ പറ്റുമെന്ന് നോക്കട്ടെ,’ എന്നാണ് വാപ്പച്ചിയുടെ മറുപടി. അങ്ങനെയൊരു വാശിയിലാണ് അദ്ദേഹം. ‘ആര് അറിയാനാണ് വാപ്പച്ചി ഇതൊക്കെ,’ എന്ന് ഞാൻ ചോദിക്കും. ഇതിന് വേൾഡ് റെക്കോർഡ് ഒന്നുമില്ലല്ലോ. പക്ഷേ, ഇങ്ങനെ പേഴ്സണൽ ചലഞ്ചസും പേഴ്സണൽ പ്ലാൻസും ഒക്കെ ഉണ്ടാക്കാൻ അദ്ദേഹത്തിന് വലിയ ഇഷ്ടമാണ്. ഇപ്പോഴത്തെ ലക്ഷ്യം, എത്ര ദിവസം ഇങ്ങനെ വീട്ടിലിരിക്കാൻ പറ്റുമെന്നാണ്. അതിന്റെ ഒരു മത്സരം നടന്നു കൊണ്ടിരിക്കുകയാണ്. പക്ഷേ, ഇതൊന്നും എന്നെക്കൊണ്ട് പറ്റില്ല. ഞാൻ കിട്ടുന്ന ചാൻസിന് പുറത്തിറങ്ങാൻ ഇഷ്ടപ്പെടുന്ന ആളാണ്.”