Connect with us

Hi, what are you looking for?

Times Special

ബാലുവിന്റെ നൊമ്പരങ്ങൾ ;പ്രേക്ഷകന്റെയും

Best Of Mammootty

സ്‌കൂള്‍ വിട്ടിറങ്ങി നാലുപാടും നടന്നുപോകുന്ന കുട്ടികള്‍.  അവരെ കൂട്ടിയിട്ടുപോകുന്ന മാതാപിതാക്കള്‍.  സ്‌കൂള്‍ മുറ്റത്തെ പടിക്കെട്ടില്‍ ബാഗും നിലത്തുവച്ച് ഏകനായിരിക്കുന്ന അപ്പു.  അവനെ കൊണ്ടുപോകാന്‍ വന്ന ജോലിക്കാരനോടൊപ്പം പോകാന്‍ കൂട്ടാക്കാതെ ശാഠ്യം പിടിച്ചിരിക്കുന്ന അവനെ ആശ്വസിപ്പിച്ചു വല്ലവിധേനെയും ജോലിക്കാരനോടൊപ്പം അയയ്ക്കുന്ന ടീച്ചര്‍.  കാറിന്റെ ഡോര്‍ വലിച്ചു തുറക്കുമ്പോള്‍ അവനെ അതിശയിപ്പിച്ചുകൊണ്ട് ഡ്രൈവിംഗ് സീറ്റില്‍ അവന്റെ പ്രിയപ്പെട്ട പപ്പ……   അപ്പൂ……… പപ്പയുടെ സ്‌നേഹംകലര്‍ന്ന വിളിയ്ക്ക് അവന്‍ അഹ്ലാദപൂര്‍വ്വം മറുപടി നല്‍കി. പപ്പാ……………. അവധിക്കാലത്ത് അവനെ എങ്ങാണ്ടൊക്കെയോ കൂട്ടിയിട്ടുപോകാമെന്നു പറഞ്ഞ കാര്യം പപ്പയെ ഓര്‍മ്മിപ്പിക്കുന്ന അപ്പു.  അന്നു വൈകുന്നേരം ഒരു സിനിമ. അതായിരുന്നു അദ്യത്തെപ്ലാന്‍.  സന്ധ്യയ്ക്ക് കൂട്ടുകാരുമൊത്തു പാര്‍ട്ടി ആരംഭിക്കുന്ന ബാലു മകനോട് ഏറ്റകാര്യം മറന്നുപോകുന്നു.  പാര്‍ട്ടി പൊടിപൊടിക്കുമ്പോള്‍ ട്രേയും ഗ്ലാസും നിലത്തെറിഞ്ഞ് പൊട്ടിച്ച് പ്രതിഷേധം രേഖപ്പെടുത്തുന്ന അപ്പുവിനെ വഴക്കുപറയുന്ന ബാലു.  ഏകാന്തതയിലിരുന്നു മരിച്ചുപോയ അമ്മയെ ഓര്‍ത്ത് കരയുന്ന അപ്പു.  അവന്റെ അമ്മയുടെ ചിത്രത്തിനുമുമ്പില്‍ തന്റെ മറവിയെ ഓര്‍ത്തു പശ്ചാത്തപിച്ചു നില്‍ക്കുന്ന ബാലുവിന്റെ മനസ്സിലൂടെ അവരുടെ ജീവതത്തിലെ സുഖമുള്ള ഓര്‍മ്മകള്‍ മിന്നിമറയുന്നു. മകനെ വേദനിപ്പിച്ചതില്‍ ബാലുവിന്റെ മനസ്സിലെ നൊമ്പരങ്ങള്‍. വാത്സല്യനിധിയായ ഒരച്ഛന്റെ  മുഖഭാവങ്ങളുമായി പിതൃപുത്ര ബന്ധത്തിന്റെ തീവ്രത വെളിപ്പെടുത്തുന്ന സീനിലൂടെ മമ്മൂട്ടി എന്ന മഹാപ്രതിഭ ബാലുവായി നമ്മുടെ മുമ്പില്‍ നില്ക്കുന്നു.
അപ്പുവിന്റെ വികൃതികള്‍ക്ക് കയ്യും കണക്കുമില്ല.  ആശ്രിതനായ പണിക്കരെ കുരങ്ങുകളിപ്പിക്കുന്ന അപ്പു.  കുസൃതിയ്ക്ക് കടിഞ്ഞാണിടാന്‍ പോകുമ്പോള്‍  പോടാ എന്നു വിളിച്ച് പണിക്കരെ വിരട്ടുന്ന അപ്പു.  പ്രതിവിധിയെന്നവണ്ണം ബാലുവിന്റെ സ്‌നേഹിതന്‍ ഡോ.ഗോപനുമായി ആലോചിച്ച് ട്യൂഷന്‍ ടീച്ചറായി മീനാക്ഷി എന്ന പെണ്ണിനെ ഏര്‍പ്പാടാക്കുന്നു. അപ്പുവും ടീച്ചറും കൂടി ഒന്നുചേര്‍ന്ന് പിന്നീട് കാട്ടികൂട്ടുന്ന കുസൃതിയുടെ എപ്പിസോഡുകള്‍. അപ്പുവിലൂടെ ബാലുവിന്റെ ഹൃദയത്തിലേയ്ക്ക് കയറിപ്പറ്റാന്‍ റോഡുവെട്ടുന്ന മീനാക്ഷി. അപ്പുവിന്റെ  വികൃതികള്‍ക്ക്  വിരുന്നൊരുക്കുന്ന മീനാക്ഷിയുമായി ഉടക്കുന്ന കാര്യസ്ഥന്‍.  ഈ പണിക്കരുചേട്ടനെപ്പോലുള്ള ചെന്നായ്ക്കളില്‍ നിന്നും കുഞ്ഞാടായ അപ്പുവിനെ കാത്തുകൊള്ളേണമേ എന്നു പ്രാര്‍ത്ഥിക്കുന്ന മീനാക്ഷിയോടൊപ്പം ആമ്മേന്‍ എന്ന് ഏറ്റുചൊല്ലുന്ന അപ്പു.  ബാലുവിന്റെ കമ്പനിയില്‍ നിന്നും പിരിച്ചുവിടപ്പെട്ട രുദ്രന്‍ തിരിച്ചെടുക്കണമെന്ന ആവശ്യവുമായി വരുമ്പോള്‍ അതു നിര്‍ദ്ദയം നിഷേധിക്കുന്ന ബാലുവിനെതിരെ ഭീഷണികള്‍.  മനസ്സിന്റെ ടെന്‍ഷന്‍ ഒഴിവാക്കാന്‍ ബാറിലിരുന്ന് രാവേറെ ചെല്ലുവോളം  മദ്യപിക്കുന്ന ബാലു. കാലുകള്‍ നിലത്തുറയ്ക്കാതെ വീട്ടിലെത്തുന്ന ബാലുവിന് ഇഷ്ടപെട്ട ഭക്ഷണവുമായി കാത്തിരിക്കുന്ന മീനാക്ഷി  ബാലുവിന്റെ എല്ലാ ഇഷ്ടങ്ങളും മനസ്സിലാക്കി വച്ചിരിക്കുന്നുവെന്നറിയുമ്പോള്‍ പൊട്ടിത്തെറിച്ചുകൊണ്ട് അവളുടെ കരണത്തടിക്കുന്ന ബാലു.  ”ഒക്കെ അറിഞ്ഞു.. പക്ഷെ ഒന്നറിഞ്ഞില്ല എന്നെ..എന്നെ അറിഞ്ഞില്ല നീ…. എന്റെ പൊന്നുമോന്റെയടുത്ത് ഒരു അഞ്ചുമിനിറ്റുപോലും ഞാന്‍ ഇരിക്കാത്തെന്താണെന്നറിയാമോ നിനക്ക്. അവന്റെ അമ്മയുടെ ഓര്‍മ്മകള്‍ എനിക്കു വരാതിരിക്കാനാ. രാത്രിയും പകലും ആവശ്യത്തിലേറെ തിരക്കുവരുത്തി ഞാന്‍ ഓടിനടക്കുന്നത് എന്റെ ഭാര്യയുടെ ഓര്‍മ്മകള്‍ ഒരല്പം പോലും വരാതിരിക്കാനാണ്. താങ്ങില്ല അതു താങ്ങാനുള്ള കരുത്തില്ല ഈ മനസ്സിന്. ലോകത്തില്‍ ഒരുത്തിക്കും എന്റെ ഭാമയ്ക്ക് പകരമാകാനാവില്ല.  ആവാന്‍ ഞാന്‍ സമ്മതിക്കില്ല. നീ ഇവിടെ നിന്നും പൊയ്‌ക്കോളാന്‍ ഒരിക്കലും ഞാന്‍ പറയില്ല. പക്ഷെ ഒരല്പമെങ്കിലും നന്മ നിന്നില്‍ അവശേഷിക്കുന്നുണ്ടെങ്കില്‍ എത്രയും പെട്ടെന്ന് നീയായിട്ടുതന്നെ പോകുന്നതാണ് നല്ലത്’. മനസ്സിന്റെ വിങ്ങല്‍ പുറത്തുകാട്ടാതെ പുറമേ പുഞ്ചിരിച്ചും ഉല്ലസിച്ചും നടന്ന കഥാപാത്രത്തിന്റെ ഉള്‍ത്തുടിപ്പുകള്‍ പുറത്തേയ്ക്കുവരുമ്പോള്‍ ഭാവസാന്ദ്രമായൊരു മുഹൂര്‍ത്തം സൃഷ്ടിക്കാന്‍ കൃതഹസ്തനായൊരു നടന്‍ എങ്ങനെ തന്റെ നാട്യ വൈഭവത്തെ പ്രയോജനപ്പെടുത്തുമെന്നതിന് തെളിവുനല്‍കുകയാണിവിടെ.
മീനാക്ഷിയും അപ്പുവുമായി ഷോപ്പിംഗ് കഴിഞ്ഞുമടങ്ങുമ്പോള്‍ മീനാക്ഷിയെ പിന്തുടര്‍ന്നു പിടിക്കാനെത്തുന്ന രുദ്രന്‍.  ബാലുവിന്റെ വീടിനുള്ളില്‍ കടന്ന് അവളെ ബലാല്‍ക്കാരമായി കൊണ്ടുപോകുന്നു. ബാലു വരുമ്പോള്‍ ജലപാനം കഴിക്കാതെ വിഷാദനായിരിക്കുന്ന അപ്പുവിനെ കണ്ട് അവനെയും കൂട്ടി മീനാക്ഷിയെ തിരഞ്ഞുപോകുന്ന അവര്‍ ചെന്നെത്തുന്നത് രുദ്രന്റെ വീട്ടിലേയ്ക്കാണ്. വാക്കുതര്‍ക്കം സംഘട്ടനത്തില്‍ കലാശിക്കുകയും ബാലുവിന് ഭീകര മര്‍ദ്ദനമേല്‍ക്കുകയും അത് തടയുന്ന അപ്പു വലിച്ചെറിയപ്പെട്ട് ചുവരില്‍ തലയടിച്ചു വീഴുകയും ചെയ്യുന്നു.  അപ്പുവുമായി മടങ്ങുന്ന ബാലു. എനിക്കെന്റെ പപ്പയെമതിയെന്ന് പറഞ്ഞു ബാലുവിനെ കെട്ടിപ്പിടിച്ചു കരയുന്ന അപ്പു.  പപ്പയും അപ്പുവുമായി സ്വസ്ഥമായൊരിടത്ത് മാറി നില്‍ക്കാനായി പോകുന്നു.  അവിടേയ്ക്ക് അഭ്യര്‍ത്ഥനയുമായി വരുന്ന മീനാക്ഷിയുടെ അമ്മ.  നടന്ന കാര്യങ്ങള്‍ക്ക് മീനാക്ഷിയ്ക്കുവേണ്ടി മാപ്പപേക്ഷിച്ചവര്‍ മടങ്ങിപ്പോകാന്‍ നേരത്ത് മദ്ധ്യ വയസ്‌കനായ കൃഷ്ണപിള്ളയ്ക്ക് മീനാക്ഷിയെ കല്യാണം കഴിച്ചുകൊടുക്കാന്‍ പോകുന്നതിന്റെ സാഹചര്യവും വെളിപ്പെടുത്തുന്നു.  വീടിന് പുറത്തൊരിടത്ത് വെറുതെ യിരിക്കുന്ന അപ്പുവിന്റെ  മൂക്കില്‍ നിന്നും ചോരവരുന്നത് കണ്ട് സംശയ നിവര്‍ത്തി വരുത്താന്‍ അപ്പുവിനെയും കൂട്ടി ഗോപന്റെ ആശുപത്രിയിലേയ്ക്ക് യാത്രയാകുന്ന ബാലു.  അപ്പുവിനെ ഹോസ്പിറ്റലില്‍ ഇരുത്തി ഉടനെ മടങ്ങിവരുമെന്നു പറഞ്ഞ് പുറത്തേയ്ക്ക് പോകുന്ന ബാലു.  അപ്പുവിനെ ടെസ്റ്റുകള്‍ക്ക് വിധേയമാക്കുമ്പോള്‍ തലയോട്ടിയിലേറ്റ ആഘാതത്തില്‍ നിന്ന രക്തം കട്ടപിടിച്ചതാണ് രോഗമെന്ന് കണ്ടത്തുന്നു.

കയ്യില്‍ ഫ്രൂട്ട്‌സിന്റെ പൊതിക്കെട്ടുമായി   അശുപത്രയിലേയ്ക്ക് കയറിവരുന്ന ബാലുവിനോട് മെല്ലെ മെല്ലെ അപ്പുവിന്റെ അസുഖം വിശദീകരിക്കുന്ന ഡോക്ടര്‍ ഗോപന്‍. അമ്പരന്നു പോകുന്ന ബാലുവിന്റെ കൈയില്‍ നിന്നും താഴെ വീഴുന്ന പൊതിക്കെട്ട്. പതര്‍ച്ചയോടെ നിലത്തുകുനിഞ്ഞിരുന്ന് ചിതറിവീണ ഓറഞ്ചുകള്‍  പെറുക്കിക്കൂട്ടുന്ന ബാലു. അപ്രതീക്ഷിതമായൊരു സംഭവത്തിന്റെ ആഘാതത്തില്‍ മനസ്സു പതറിപ്പോകുന്ന അവസ്ഥയില്‍ അതിന്റെ അനുരണനങ്ങള്‍ വിരല്‍ത്തുമ്പുവരെയും ചെന്നെത്തുമെന്നു തോന്നിപ്പിക്കും വിധം കഥാപാത്രത്തിന്റെ മനോവ്യാപാരത്തെ വ്യഞ്ജിപ്പിക്കുന്ന അപാരമായ അഭിനയ മുഹുര്‍ത്തം.
അപ്പുവിന്റെ കിടക്കയ്ക്കരികില്‍ ചിന്താമൂകനായിരിക്കുന്ന ബാലു. ദുഃഖം മറച്ചുപിടിക്കാനാവുന്നത്ര ശ്രമിക്കുന്നു. പനിമാറിയിട്ട് അപ്പുവുമായി ചുറ്റാന്‍പോകണമെന്ന് പറഞ്ഞ് അവനെ ആശ്വസിപ്പിക്കുന്ന ബാലുവിനോട് അമ്മയെ സ്വപ്നം കണ്ട കാര്യവും വരുന്നില്ലേയെന്ന് ചോദിച്ച വിവരവും പറയുന്ന അപ്പു.  പുറത്ത് ചുറ്റാന്‍ സ്പീഡ് ബോട്ടില്‍ പോകുമ്പോള്‍ മീനാക്ഷിയേയും കൂടെകൂട്ടണമെന്ന് വാശിപിടിയ്ക്കുന്ന അപ്പു. പുറത്ത് വന്നുനിന്ന് കരച്ചിലടക്കാന്‍ പാടുപെടുന്ന ബാലുവിനോട് വേണ്ടപ്പെട്ടവരെയൊക്കെ അറിയിക്കേണ്ടെയെന്ന് ചോദിക്കുന്ന ഡോക്ടര്‍ ഗോപന്‍.  എന്റെ ഏറ്റവും വേണ്ടപ്പെട്ടവനല്ലേ ആ ബഡ്ഡില്‍ കിടക്കുന്നതെന്ന് പറഞ്ഞ് എങ്ങിക്കരയുന്ന ബാലു. അപ്പുവിന്റെ രോഗവുമായി ബദ്ധപ്പെട്ടു ഡോക്ടര്‍ ഗോപന്‍ ചോദിക്കുന്ന ചോദ്യത്തിന് ഉത്തരം പറയുമ്പോള്‍ രുദ്രനുമായുണ്ടായ സംഘട്ടനം ഓര്‍ക്കുന്ന ബാലു തന്റെ മകന്റെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണക്കാരന്‍ രുദ്രനാണെന്ന് തിരിച്ചറിയുമ്പോള്‍ സമനിലതെറ്റിയവനെപ്പോലെ അലറിക്കൊണ്ട് പ്രതികാരദാഹവുമായി പായുന്ന ബാലുവിനെ  തടഞ്ഞുവയ്ക്കുന്ന ഡോക്ടറും സംഘവും.  ബാലു ശാന്തനാകുമ്പോള്‍ നീ എത്രനേരം മകനോടൊപ്പം ചെലവഴിച്ച് അവനു സ്‌നേഹം പകര്‍ന്നുവെന്ന് ഡോക്ടര്‍ ചോദിക്കുമ്പോള്‍ നീയെങ്കിലും അതു പറയരുത്. ഞാന്‍ എന്റെ മകനെ സ്‌നേഹച്ചിട്ടില്ലെന്ന വിതുമ്പലോടെ ഡോക്ടര്‍ ഗോപന്റെ തോളിലേയ്ക്ക് ചായുന്ന ബാലു.  സ്‌നേഹത്തിന്റെ താപവും ആഴവും വെളിപ്പെടുത്തുന്ന മുഖഭാങ്ങളോടെ മമ്മൂട്ടി കഥാപാത്രവുമായി താദാത്മ്യം പ്രാപിക്കുന്നു വീണ്ടും.
അപ്പുവിന്റെ അടുത്തുനിന്ന് മാറാതെ അവനെ ശുശ്രൂഷിക്കുന്ന ബാലു. മകന്റെ ആഗ്രഹ പൂര്‍ത്തീകരണത്തിനായി രോഗക്കിടക്കയില്‍  നിന്നും അവനെയും എടുത്ത് മീനാക്ഷിയെതേടി ഇറങ്ങുന്ന ബാലു. അപ്പുവിനെ കാറില്‍ ഇരുത്തി മീനാക്ഷിയുടെ വീട്ടില്‍ എത്തുമ്പോള്‍ അവിടെ കല്യാണത്തിന്റെ ഒരുക്കത്തിരക്കുകള്‍. പ്രതിശ്രുതവരനോട് അഭ്യര്‍ത്ഥിച്ച് കുറച്ച് സമയത്തേയക്ക് മീനാക്ഷിയെ അപ്പുവിന്റെ അടുത്തെത്തിയ്ക്കാന്‍ അനുമതി വാങ്ങിയ ബാലുവിനെ എതിര്‍ക്കുന്ന രുദ്രനുമായി സംഘട്ടനത്തിലേര്‍പ്പെടുന്ന ബാലു ടൈ കൊണ്ട് കഴുത്തില്‍ വരിഞ്ഞുമുറുക്കി അവനെ കൊല്ലാന്‍ ശ്രമിക്കുമ്പോള്‍ കാറില്‍ ഇരുന്ന് ഹോണടിക്കുന്ന അപ്പു.  രുദ്രനെ ഉപേക്ഷിച്ച് മീനാക്ഷിയെ കൂട്ടി കാറില്‍ മടങ്ങുന്ന ബാലു.  അവര്‍ മൂന്നുപേരുംകൂടി അപ്പുവിന്റെ ആഗ്രഹപ്രകാരമുള്ള ഒരു ബോട്ടുയാത്ര.

അപ്പുവിന്റെ ദൃഷ്ടിയില്‍ സ്‌നേഹമയിയായ അവന്റെ അമ്മ ഭാമയുടെ രൂപം.  അടുത്തടുത്തുവരുന്ന അമ്മയെ കണ്ട അപ്പുവിന്റെ മുഖത്ത് കൗതുക ഭാവം.  അവന്റെ മുഖത്ത് തഴുകുന്ന അമ്മയുടെ സ്‌നേഹവാത്സല്യങ്ങളില്‍ നിര്‍വൃതി പൂണ്ടിരിക്കുന്ന അപ്പു.   പിന്നീട് അവനെവിട്ട് ദൂരേയക്ക് അകന്നുപോകുന്ന അവന്റെ അമ്മയോടൊപ്പം അദൃശ്യകരങ്ങളുടെ  ശക്തിചൈതന്യം പോലെ അപ്പുവിന്റെ രോഗവും അവനെ വിട്ടകലുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles