ചന്ദ്രു…പാറമടയ്ക്കു ചുറ്റുമുള്ള ജീവിതാന്തരീക്ഷത്തില്‍ നിന്നും പാറപോലത്തെ മനസ്സുമായി അയാള്‍ ആ ഗ്രാമത്തിലേയ്ക്കു വന്നു. വെറുതെ വരുകയായിരുന്നില്ല. ദുരന്തം സമ്മാനിച്ച ആത്മ സുഹൃത്തിന്റെ ശവശരീരവും ലോറിയിലേറ്റി പാതകള്‍ താണ്ടിയുള്ള ആ വരവ് അയാളുടെ ജീവിതപാതയിലും കയറ്റിറക്കങ്ങള്‍ തീര്‍ക്കുന്നു. നിതാന്തദാരിദ്ര്യത്തിന്റെ പിടിയിലകപ്പെട്ട സുഹൃത്തിന്റെ കുടുംബത്തെ സംരക്ഷിക്കേണ്ട ചുമതല അയാളുടെ ചുമലില്‍ വന്നുപതിക്കുന്നു. മുരടനും മുഷ്‌ക്കനുമെന്ന് ഒറ്റനോട്ടത്തില്‍തന്നെ വിലയിരുത്തപ്പെട്ട അയാളുടെ ഉള്ളിലും സ്‌നേഹത്തിന്റെയും ദയാവായ്പിന്റെയും ഉറവയുണ്ടെന്ന് തെളിയിച്ച അനന്തര സംഭവഗതികള്‍. യാഥാര്‍ത്ഥ്യങ്ങളുമായി പൊരുത്തപ്പെടാനുള്ള യത്‌നത്തില്‍ ചന്ദ്രുവിന് ആ ഗ്രാമം വിട്ടുപോകാന്‍ കഴിയാതെ വരുന്നു. അവിടത്തെ ചായക്കടയിലെ രാജമ്മ എന്ന തെറിച്ച പെണ്ണ്. അങ്ങനെ ഒരു വിശേഷണം അവള്‍ അര്‍ഹിക്കുന്നതല്ലെങ്കിലും മറ്റൊരുവിധത്തില്‍ സാഹചര്യങ്ങള്‍ അവളെ അങ്ങനെ വിളിക്കാന്‍ പ്രേരിപ്പിക്കുകയാണ്. ചന്ദ്രുവിന്റെ മുരടത്വവും അവളുടെ പിടി വാശിയും മുഖാമുഖം വരുമ്പോള്‍ അവര്‍ ആദ്യം ശത്രുക്കളെ പ്പോലെ പോരടിക്കുന്നു. പൗരുഷത്തിന്റെ കരുത്തിലും താന്‍പോരിമയിലും പെണ്ണിന്റെ ശൗര്യവും വീമ്പുപറച്ചിലും സൂര്യകിരണമേറ്റ മഞ്ഞുതുള്ളിപോലെ ബാഷ്പീ കൃതമായിപ്പോ കുമെന്ന് തെളിയിക്കാന്‍ ചന്ദ്രുവിന് വേണ്ടിവന്നത് ഏതാനും നിമി ഷങ്ങള്‍ മാത്രം. ആണൊന്നുവാരിപ്പിടിച്ചാല്‍ തളര്‍ന്നു പോകുന്ന പെണ്ണാടീ നീ എന്ന് രാജമ്മയുടെ മുഖത്തു നോക്കിപ്പറഞ്ഞിട്ട് നടന്നുനീങ്ങിയ ചന്ദ്രുവിന്റെ മുമ്പില്‍ അഭിമാനക്ഷതമേറ്റ വളെപ്പോലെ നില്‍ക്കാനേ രാജമ്മയ്ക്ക് കഴിഞ്ഞുള്ളൂ. അതൊരു ബന്ധത്തിന്റെ ആരംഭമായിരുന്നു. പിഴച്ചവളെന്നു സമൂഹം മുദ്രകുത്തിയ രാജമ്മയ്ക്ക് ഒരു രക്ഷിതാവുപോലെയായി മാറുന്ന ചന്ദ്രു. ശത്രുപക്ഷത്തുനിന്നും വരുന്ന നിരന്തര ഭീഷണികള്‍ കാരണം നാട്ടുപ്രമാണികളുടെ മുമ്പില്‍ വരത്തനായ ചന്ദ്രുവി ന്റെ ഇടപെടലുകളൊക്കെ തികഞ്ഞ താന്തോന്നിത്തമായിരുന്നു. അവരുടെ അധീശ ഭാവങ്ങളൊന്നും ആരെയും കൂസാത്ത ചന്ദ്രുവിന്റെ മുമ്പില്‍ വിലപ്പോയില്ല.
ചന്ദ്രുവിന്റെ ജീവന്‍ അപകടപ്പെടുന്നഘട്ടം വരെയെത്തിച്ചേരുകയാണ് സംഭവവികാസങ്ങള്‍. കൂട്ടുകാരന്റെ കുടുംബ പ്രാരാബ്ധങ്ങള്‍ ഏറ്റെടുക്കേണ്ടി വന്നതിലെ പ്രശ്‌നങ്ങള്‍ ഒരുവശത്ത്. താന്‍ ചൂഷണം ചെയ്യപ്പെടുകയാണോ എന്ന ആകുല ചിന്തകള്‍ മറുവശത്ത്. ജീവനും നിലനില്പിനുമിടയിലുള്ള നൂല്‍പ്പാലത്തി ലൂടെയുള്ള യാത്രപോലെയായിമാറുന്ന തീക്ഷ്ണമായ അനുഭവങ്ങള്‍. നിഴല്‍പോ ലെ ചന്ദ്രുവിനെ പിന്തുടരുന്ന ശത്രുക്കള്‍. കൂട്ടുകാരന്റെ കുടുംബഭാരങ്ങള്‍ ചുമന്നിറക്കി ആ ഗ്രാമം വിട്ടുപോകാന്‍ ഒരുങ്ങുന്ന ചന്ദ്രു. വിധിയുടെ നിയമം അലംഘനീയമെന്ന് ഉല്‍ഘോഷിക്കുന്ന മാതിരി ചന്ദ്രു വീണ്ടും മറ്റൊരു ദുരന്തത്തിന് സാക്ഷിയാകുന്നു. ചന്ദ്രു ആ ഗ്രാമം വിടുമ്പോള്‍ അയാളുടെ ലോറിയില്‍ മറ്റൊരു മൃതദേഹം. അതു രാജമ്മയുടെതായിരുന്നു. ഒരു മൃതദേഹവും വഹിച്ച് ലോറിയോടിച്ചെത്തിയ ചന്ദ്രു മറ്റൊരു മൃതദേഹവുമായി മടങ്ങുന്നു.
ആണ്‍കരുത്തിന്റെ ആകെത്തുക, ആജാനു ബാഹുവും അചഞ്ചലനുമായ ചന്ദ്രു. മോന്തകണ്ടാ ചെന്നായുടെമാതിരി. ഉള്ള് കുട്ടികളുടെയും. ചന്ദ്രുവിനെക്കുറിച്ച് മറ്റൊരു കഥാപാത്രം പറയുന്ന കമന്റ്. അത് അക്ഷരംപ്രതി ശരിവയ്ക്കുന്ന ഭാവചലനങ്ങള്‍. തന്റെ പൗരുഷത്തെ വെല്ലുവിളിച്ച രാജമ്മയെ കീഴടക്കുന്ന ചന്ദ്രു. എപ്പോഴും തമ്മില്‍കണ്ടാല്‍ കീരിയും പാമ്പും പോലെയെന്നു തോന്നിപ്പിക്കുന്ന ചന്ദ്രുവിന്റെയും മുതലാളിയുടെയും ആത്മബന്ധത്തിലെ ഹൃദയത്തില്‍ തൊടുന്ന ആര്‍ദ്രഭാവങ്ങള്‍. മുതലാളിയുടെ മരണമറിയിച്ചുവരുന്ന മകന്റെ കൈയില്‍ നിന്നും വണ്ടിയുടെ ബുക്കും പേപ്പറും കയ്യില്‍ പിടിച്ച് നിയന്ത്രണം വിട്ടുകരയുന്ന ചന്ദ്രു. കൂട്ടുകാരന്റെ മൃതദേഹവുമായെത്തുന്ന ചന്ദ്രുവിന്റെ മുമ്പില്‍ നിന്ന് ആര്‍ത്തലച്ചു കരയുന്ന കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാനാകാതെ വീര്‍പ്പടക്കി നില്ക്കുന്ന ചന്ദ്രുവിന്റെ നിസ്സഹായത. ശത്രുവിന്റെ പരിഹാസ വാക്കുകള്‍ക്ക് ഉരുളയ്ക്കു പ്പേരിപോലെ മറുപടി കൊടുത്തുകൊണ്ട് ആണിന്റെ അടയാളം ചുണ്ടിനും മൂക്കിനുമിടയ്ക്കുള്ള രോമരാജികളല്ലെന്നും അത് എന്തിനേയും നേരിടാന്‍പോന്ന ചങ്കൂറ്റമാണെന്നും അടിവരയിട്ടു പറഞ്ഞ ചന്ദ്രു.