പി.ജി. വിശ്വംഭരന്‍ സംവിധാനം ചെയ്ത സ്‌ഫോടനം’എന്ന സിനിമയുടെ ചിത്രീകരണം ആലപ്പുഴ ഗസ്റ്റ്ഹൗസില്‍ നടക്കുന്ന സമയം. ഷൂട്ടിങിന്റെ ഇടവേളയില്‍, ലുങ്കിയും ബനിയനും ധരിച്ച സുമുഖനായ ഒരു യുവാവ് എന്റെ അടുക്കല്‍ വന്ന് ചോദിച്ചു, ജഗതി ശ്രീകുമാറല്ലേ? ‘അതേ’എന്ന് ഞാന്‍. യുവാവ് തുടര്‍ന്നു. എനിക്ക് ഇഷ്ടമുള്ള ആര്‍ട്ടിസ്റ്റാണ് താങ്കള്‍. അത് കേട്ടതും എനിക്ക് വളരെ സന്തോഷം തോന്നി. ഞാന്‍ ആ യുവാവിനെ പരിചയപ്പെട്ടു. ‘ഞാന്‍ മുഹമ്മദ് കുട്ടി. ഈ സിനിമയില്‍ ഒരു വേഷം ചെയ്യുന്നുണ്ട്. എന്നാല്‍ ആ പരിചയപ്പെടലില്‍ ഞാന്‍ ഒരിക്കലും വിചാരിച്ചില്ല, പില്‍ക്കാലത്ത് ആ യുവാവ് മലയള സിനിമയുടെ ഏറ്റവും വലിയ ശക്തിയായിത്തീരുമെന്ന്. ആ യുവാവാണ് കഠിനമായ അദ്ധ്വാനം കൊണ്ട്, ഓരോ കഥാപാത്രത്തേയും മനസ്സിരുത്തി അഭിനയിച്ച് പ്രേക്ഷക മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ ഇന്ത്യന്‍ സിനിമയിലെ മികച്ച നടന്‍മാരിലൊരാളായ പത്മശ്രീ ഭരത് മമ്മൂട്ടി.
പിന്നീടുള്ള സിനിമാ ജീവിതത്തില്‍ നിരവധി സിനിമകളില്‍ ഞങ്ങള്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ജ്യേഷ്ഠാനുജന്‍മാരായും, അളിയനായും, സഹപ്രവര്‍ത്തകനായും, സുഹൃത്തായുമൊക്കെ ഒരുപാടൊരുപാട് ചിത്രങ്ങള്‍. യവനിക, സിബിഐ ചിത്രങ്ങള്‍, അടിക്കുറിപ്പ്,അഭിഭാഷകന്റെ കേസ് ഡയറി തുടങ്ങിയ ശ്രദ്ധേയമായ ധാരാളം സിനിമകള്‍. ഒരു നടനെന്ന നിലയില്‍ അദ്ദേഹത്തോടൊപ്പമുള്ള അഭിനയം ഹൃദ്യമായ ഒരനുഭവംതന്നെയാണ്. അഭിനയത്തെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുള്ള നടനാണ് മമ്മൂട്ടി. ഒരു സിനിമ ഏറ്റെടുത്താല്‍, ആ സിനിമയെക്കുറിച്ച് സൂക്ഷ്മമായി പഠിച്ച്, അതിന്റെ മൊത്തത്തിലുള്ള വിജയത്തില്‍ സജീവപങ്കുവഹിക്കുന്ന അപൂര്‍വ്വം നടന്‍മാരില്‍ ഒരാളാണ് അദ്ദേഹം.
സംഘടനാപരമായ കാര്യങ്ങളില്‍ വളരെ ആത്മാര്‍ത്ഥതയുള്ള, സംഘടന അംഗം എന്ന നിലയ്ക്ക് ഔദ്യോഗിക പദവികള്‍ ആധികാരികമായും നയപരമായും വഹിച്ചുകൊണ്ടുപോകാന്‍ കഴിവുള്ള മമ്മൂട്ടി സംഘടനയുടെ അഭിവാജ്യ ഘടകം തന്നെയാണ്.
സിനിമാ താരങ്ങള്‍ക്കിടയില്‍ മുടങ്ങാതെ പ്രാര്‍ത്ഥിക്കുന്ന ചുരുക്കം ചില നടന്മാരേയുള്ളു. അതിലൊരാള്‍ മമ്മൂട്ടിയാണ്. ആരോഗ്യം കാത്തുസൂക്ഷിക്കുന്നതില്‍ ഇത്രയും ശ്രദ്ധാലുവായ മറ്റൊരു നടന്‍ ഇല്ലെന്നുതന്നെ പറയാം.നിര്‍മ്മാതാവ് കൊടുക്കുന്ന ഭക്ഷണമെല്ലാം വലിച്ചുവാരി തിന്ന് നിര്‍മ്മാതാവിനെ പെരുവഴിയിലാക്കണമെന്ന് ഒട്ടും തന്നെ ആഗ്രഹമില്ലാത്ത നടന്‍കൂടിയാണ് അദ്ദേഹം.
മമ്മൂട്ടി അഭിനയിച്ച കുറേയേറെ സിനിമകള്‍ കാണുവാനുള്ള സന്ദര്‍ഭമോ സാഹചര്യമോ എനിക്ക് ഉണ്ടായില്ല. വിധേയന്‍, പൊന്തന്‍മാട തുടങ്ങിയ ചിത്രങ്ങളിലെ അഭിനയം മികച്ചതാണെന്ന് ധാരാളം പേര്‍ പറഞ്ഞു കേട്ടിട്ടുണ്ട്. അതിലെ അഭിനയത്തിന് നാഷണല്‍ അവാര്‍ഡ് ലഭിക്കുകയും ചെയ്തു. എന്നാല്‍ ഞാന്‍ കണ്ടിട്ടുള്ള മമ്മൂട്ടി ചിത്രങ്ങളില്‍ എനിക്ക് ഏറെ ഇഷ്ടപ്പെട്ടത് ന്യൂഡെല്‍ഹിയാണ്. ന്യൂഡെല്‍ഹിയിലെ ജി. കൃഷ്ണമൂര്‍ത്തിയെ അവതരിപ്പിക്കാന്‍ മമ്മൂട്ടി അല്ലാതെ മറ്റൊരു നടനില്ല. അതുപോലെതന്നെ സി.ബി.ഐ സീരിസിലെ സേതുരാമയ്യര്‍ എന്ന ബുദ്ധിമാനായ കുറ്റാന്വേഷണ ഓഫീസര്‍. ഷെര്‍ലക് ഹോംസ് എന്ന കഥാപാത്രം വായനക്കാരന്റെ മനസില്‍ സ്ഥിരപ്രതിഷ്ഠ നേടിയതുപോലെ, സേതുരാമയ്യര്‍ പ്രേക്ഷകമനസുകളില്‍ ലബ്ധപ്രതിഷ്ഠനായത് മമ്മൂട്ടി എന്ന നടന്റെ അഭിനയ മികവ് ഒന്നുകൊണ്ടു മാത്രമാണ്.
സിനിമയിലെത്തി, നീണ്ട വര്‍ഷക്കാലമായിട്ടും, സ്വന്തം പ്രവര്‍ത്തനമേഖലയിലോ, വ്യക്തി ജീവിതത്തിലോ യാതൊരുവിധ ചീത്തപ്പേരും കേള്‍പ്പിക്കാത്തത് മമ്മൂട്ടിയുടെ സവിശേഷ സ്വഭാവഗുണമാണ്. കുടുംബത്തില്‍ നല്ലൊരു ഗൃഹനാഥനായും, സഹപ്രവര്‍ത്തകരുടെ നല്ല സഹപ്രവര്‍ത്തകനായും, സുഹൃത്തുക്കളുടെ നല്ലൊരു സുഹൃത്തായും പെരുമാറാനറിയാവുന്ന ഈ നടന്‍ മലയാള സിനിമയുടെ അഭിമാനമാണ്, സമ്പത്താണ്.
ചില പ്രത്യേക സാഹചര്യങ്ങളില്‍ ഞാന്‍ അദ്ദേഹത്തെ അതിനിശിതമായിതന്നെ വിമര്‍ശിച്ചിട്ടുണ്ട്. എന്നാല്‍ ആ വിമര്‍ശനങ്ങളൊക്കെയും വിശാല മനസ്ഥിതിയോടുകൂടി കാണുവാനും അതിനനുസരിച്ച് പെരുമാറാനുമുള്ള സംസ്‌കാരം അദ്ദേഹം കാണിച്ചു. തീര്‍ത്തും അപൂര്‍വ്വം ചില വ്യക്തികള്‍ക്ക് മാത്രമുള്ള ഈ ഗുണം മമ്മൂട്ടിയുടെ സവിശേഷവ്യക്തിത്വത്തെ തുറന്നു കാണിക്കുന്നു.
(ഏതാനും വർഷങ്ങൾക്ക് മുൻപ് എഴുതിയ ലേഖനത്തിൽ നിന്നും )