Connect with us

Hi, what are you looking for?

Features

ക്യാമറക്കണ്ണിലൂടെ മമ്മൂട്ടി : ജമേഷ് കോട്ടക്കൽ

ക്യാമറയോട് വലിയ കമ്പക്കാരനാണ് മമ്മൂട്ടി. കുട്ടിക്കാലത്ത് വാപ്പയുടെ അനുജന്റെ ക്യാമറയില്‍നിന്നും ഫോട്ടോയെടുത്ത് പഠിച്ചാണ് ക്യാമറയോടുള്ള താല്പര്യത്തിന് തുടക്കം. ഇപ്പോള്‍ വിദേശത്തുപോയാല്‍ ഏറ്റവും പുതിയ ക്യാമറ സ്വന്തമാക്കുക എന്നത് മമ്മൂട്ടി, ജീവിതത്തിന്റെ ഭാഗമാക്കിയിട്ടുണ്ട്.

ക്യാമറയോടുള്ള താല്പര്യം പോലെ തന്നെയാണ് ഫോട്ടോഗ്രാഫേഴ്‌സിനോടും പ്രകടമാക്കുന്നത്. തന്റെ കൈവശമുള്ള ക്യാമറയെ പരിചയപ്പെടുത്താനും അതിന്റെ ടെക്‌നോളജി അവര്‍ക്ക് പറഞ്ഞു കൊടുത്തും തന്റെ ക്യാമറ ഉപയോഗിച്ച് ഫോട്ടോ എടുപ്പിച്ചുമൊക്കെ ആ സ്‌നേഹം അദ്ദേഹം പ്രകടിപ്പിക്കും.

ഒരു പക്ഷേ ഷൂട്ടിംഗ് നടക്കുന്ന വേളയില്‍ സിനിമയുമായി ബന്ധപ്പെട്ടവരൊഴികെ കൂടുതലായി ഇടപഴകുന്നത് ഫോട്ടോഗ്രാഫേഴ്‌സിനോടായിരിക്കും.

മമ്മൂട്ടിയിലൂടെ ക്യാമറയുടെ പുതിയ സാങ്കേതികത്വം പഠിക്കാനും മമ്മൂട്ടി എന്ന മഹാനടന്റെ മുഖം ക്യാമറയിലൊപ്പിയെടുക്കാനും ആ സൗഹൃദം ഊട്ടിയുറപ്പിക്കുവാനും കഴിഞ്ഞ ഫോട്ടോഗ്രാഫേഴ്‌സ് മമ്മൂട്ടി എന്ന വ്യക്തിയിലൂടെയും താരത്തിലൂടെയും ക്ലിക് ചെയ്ത മാനസ ചിത്രങ്ങള്‍ അവര്‍ പങ്കുവയ്ക്കുന്നു.

സുകൃതത്തിന്റെ ലൊക്കേഷന്‍. ചിത്രത്തിന്റെ അസ്സോസിയേറ്റ് ഡയറക്ടര്‍ ഉണ്ണിനാരായണന്‍ ഫോട്ടോഗ്രാഫറാണെന്നു പറഞ്ഞ് എന്നെ മമ്മൂക്കയ്ക്ക് പരിചയപ്പെടുത്തി. ‘എന്താ പേര്’ മമ്മൂക്ക ചോദിച്ചു. ‘മുഹമ്മദ് ജമേഷ്’ ഞാന്‍ മറുപടി നല്‍കി. ‘അതെന്ത് പേരാടോ എന്നായി. പിന്നെ മുഹമ്മദ് രാമന്‍ എന്നിടാമായിരുന്നില്ലേ’ മമ്മൂക്കയുടെ കുസൃതി ചോദ്യം എന്നെ കൗതുകപ്പെടുത്തി. ‘ഉപ്പ പേരിട്ടതാ’ ഞാന്‍ പറഞ്ഞു. ഇത്തവണ മമ്മൂട്ടിയുടെ മറുപടി ചിരിയായിരുന്നു. ഫോട്ടോ എടുത്തൂടെ. കൈയിലിരുന്ന പെന്‍ടെക്‌സ് 1000 ടഘഞ ക്യാമറ കാണിച്ചുകൊണ്ട് ഞാന്‍ വീണ്ടും ചോദിച്ചു. ഈ ക്യാമറകൊണ്ട് ഫോട്ടോ എടുക്കേണ്ട. ഫ്‌ളാഷ് സംഘടിപ്പിക്ക.് എന്റെ ക്യാമറകൊണ്ട് ഫോട്ടോയെടുക്കാം. മമ്മൂക്ക എഫ് 801 നിക്കോണ്‍ ക്യാമറ എന്റെ കൈയില്‍ ഏല്പിച്ചു.

ക്ലീന്‍ ഷേവ് മുഖം. ആ ഫോട്ടോ അടുത്ത ആഴ്ച ചിത്രഭൂമിയില്‍ പ്രസിദ്ധീകരിച്ചു. മമ്മൂക്കയുമായുള്ള ബന്ധം ഇവിടെ തുടങ്ങുന്നു. പിന്നീട് എത്രയോ ലൊക്കേഷനുകളില്‍വച്ച് ആ ബന്ധം ദൃഢമായി. മമ്മൂക്കയുടെ ലൊക്കേഷനില്‍ പോയി ഇന്നുവരെ നിരാശനാകേണ്ടിവന്നിട്ടില്ല. ഓരോ തവണ കാണുമ്പോഴും മമ്മൂക്ക എന്നോട് കാണിച്ച സ്‌നേഹം അദ്ദേഹത്തോട് എന്നെ കൂടുതല്‍ അടുപ്പിച്ചു.

മമ്മൂക്കയെ ഫോട്ടോ എടുക്കാന്‍ തുടങ്ങിയകാലത്താണ് ക്യാമറ ലൈറ്റിംഗിനെക്കുറിച്ച് കൂടുതലായി പഠിക്കാന്‍ പ്രചോദനമുണ്ടായത്. പിന്നീടാണ് ബാംഗ്ലൂരില്‍ പോയി ഫോട്ടോഗ്രാഫി പഠിച്ചത്. ഫോട്ടോഗ്രാഫറായ എന്നില്‍ മറ്റൊരു സമാനതാല്പര്യമാണ് അഭിനയം. ഇക്കാര്യം മമ്മൂക്കയോട് പറഞ്ഞു. അദ്ദേഹം ഫാസില്‍ സാറിനോട് ഇന്‍ട്രൊഡ്യൂസ്‌ചെയ്ത് കയ്യെത്തും ദൂരത്തില്‍ അഭിനയിച്ചു.

മമ്മൂക്കയുടെ മിക്കചിത്രങ്ങളും കാണാറുണ്ട്. ഏറ്റവുമധികം സ്വാധീനിച്ച ചിത്രം വടക്കന്‍ വീരഗാഥയിലെ ചന്തുവാണ്. മമ്മൂക്ക കഥാപാത്രങ്ങളിലേക്ക് ഇറങ്ങിവരുന്ന പുട്ടുറുമീസും വാറുണ്ണിയും ഞാനേറെ ആരാധിക്കുന്ന കഥാപാത്രങ്ങളാണ്.

ഒരിക്കല്‍ മമ്മൂക്ക ചോദിച്ചു. ‘എന്താ അഭിനയം നിറുത്തിയോ’ ‘എന്നിലെ നടനെ ആരും തിരിച്ചറിയുന്നില്ല മമ്മൂക്ക’ എന്ന് ഞാന്‍ മറുപടി പറഞ്ഞു. മമ്മൂക്ക എന്നെ അത്ഭുതത്തോടെ ഒന്നു നോക്കി.

ഫോട്ടോ എടുക്കുമ്പോള്‍ പ്രത്യേകിച്ച് പോസൊന്നും പറയേണ്ടി വരാറില്ല. എത്ര സ്‌ട്രെയിന്‍ ചെയ്തും മമ്മൂക്ക സഹകരിക്കും. പോര്‍ട്രയിറ്റ് സ്റ്റില്‍സാണ് ഏറ്റവുമധികം എടുത്തിട്ടുള്ളത്.

ഞാനെടുത്ത മമ്മൂക്കയുടെ ചിത്രങ്ങള്‍ വിവിധ പ്രസിദ്ധീകരണങ്ങളില്‍ അച്ചടിച്ചുവന്നത് കൊളാഷ് രൂപത്തിലാക്കി പ്രത്യേക തരം ബാക്ഗ്രൗണ്ട് തയ്യാറാക്കി സ്റ്റുഡിയോയില്‍ വച്ചിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles