ക്യാമറക്കണ്ണിലൂടെ മമ്മൂട്ടി : പോൾ ബത്തേരി (സ്റ്റിൽ ഫോട്ടോഗ്രാഫർ)
ടി. കെ രാജീവ് കുമാര്‍ സാറിന്റെ മഹാനഗരത്തിന്റെ സെറ്റില്‍വച്ചാണ് എന്റെ ക്യാമറയില്‍ ആദ്യമായി മമ്മൂക്കയുടെ മുഖം പതിയുന്നത്. അന്ന് ജയന്‍ ചെമ്പഴന്തിയുടെ സഹായിയായിരുന്നു. തുടര്‍ന്ന് അഭിഭാഷകന്റെ കേസ് ഡയറി, പൊന്തന്‍മാട, കളിയൂഞ്ഞാല്‍, തുടങ്ങിയവയുടെ ക്ലാഷ് വര്‍ക്ക് ചെയ്തു. ആയിടയ്ക്കാണ് മമ്മൂക്കയുമായി സൗഹൃദത്തിലാകുന്നത്.
ക്യാമറയെക്കുറിച്ചും സിനിമയിലെ പോര്‍ട്ട് ഫോളിയോ രീതിയെക്കുറിച്ചും വിശദമായി മനസ്സിലാക്കിതരാന്‍ മിക്ക ലൊക്കേഷനിലും മമ്മൂക്ക സമയം കണ്ടെത്താറുണ്ട്. മമ്മൂക്കയുടെ കരിയറിലെ ഏറ്റവും നല്ല സമയത്ത് അദ്ദേഹത്തിന്റേതായി ഏറ്റവും കൂടുതല്‍ ചിത്രങ്ങളില്‍ സ്റ്റില്‍സ് നിര്‍വ്വഹിക്കാന്‍ സാധിച്ചു. സേതുരാമയ്യര്‍, കാഴ്ച, നേരറിയാന്‍ സി.ബി.ഐ., വേഷം, ബസ് കണ്ടക്ടര്‍, ബല്‍റാം വേഴ്‌സസ് താരാദാസ് എന്നിങ്ങനെ തുടര്‍ച്ചയായ ചിത്രങ്ങളെല്ലാം ഹിറ്റുമായി. എന്റെ ഇന്‍ഡിപ്പെന്റന്റ് വര്‍ക്ക് നേരറിയാന്‍ സി.ബി.ഐയായിരുന്നു. അന്ന് അദ്ദേഹം ഉപയോഗിച്ച നിക്കോണ്‍ ക്യാമറ പിന്നീട് ഞാനദ്ദേഹത്തില്‍ നിന്നും സ്വന്തമാക്കി. ഓരോ ഫോട്ടോയെടുത്ത് ലാപ്പ്‌ടോപ്പിലേക്ക് മാറ്റി കഴിയുമ്പോള്‍ അതിലെ പോരായ്മകള്‍ ചൂണ്ടിക്കാട്ടും. ഇങ്ങനെയൊരു സമീപനം ഒരു ആര്‍ട്ടിസ്റ്റില്‍നിന്നും ഉണ്ടായിട്ടില്ല. ബസ് കണ്ടക്ടര്‍ ഷൂട്ടിങ്ങ് സമയത്ത് ഗള്‍ഫ് പ്രോഗ്രാമിലേക്ക് വേണ്ടി സ്റ്റില്‍സ് എടുത്തിരുന്നു. സിനിമയ്ക്കല്ലാതെ എടുത്ത ആ ഫോട്ടോസ് നന്നായി ഇഷ്ടപ്പെട്ടതായി അദ്ദേഹം പറയുകയും ചെയ്തു. കാഴ്ചയുടെ ഷൂട്ടിങ്ങിനായി ഗുജറാത്തില്‍ മമ്മൂക്കയൊടൊത്ത് ചെലവഴിച്ചതും നല്ല അനുഭവങ്ങളായിരുന്നു.
മമ്മൂക്കയുടെ ഫാനാണ് ഞാന്‍. അദ്ദേഹത്തെ നേരില്‍ കാണാനാകുമെന്ന് പ്രതീക്ഷിക്കാത്ത എനിക്ക് അദ്ദേഹത്തിന്റെ ചിത്രങ്ങളില്‍ സഹകരിക്കാനായത് ദൈവാനുഗ്രഹമാണ്. ബിജു വര്‍ക്കിയുടെ ഫാന്റം പൈലി യില്‍ അവസരം വന്നെങ്കിലും അവസാന നിമിഷം മാറിപ്പോയത് വല്ലാതെ വേദനിപ്പിച്ചു. പിന്നീട് ഒരുപാട് കാത്തിരിപ്പിനു ശേഷം അരോമ മോഹന്‍ ചേട്ടനാണ് മമ്മൂക്കചിത്രത്തിനായി എന്നെ വിളിക്കുന്നത്.
മമ്മൂക്കയുടെ ക്ലോസപ്പ് ഫോട്ടോ എടുക്കുന്നതിനോടാണ് എനിക്കിഷ്ടം തലയൊന്നു താഴ്ത്തി ചെറിയൊരു പുഞ്ചിരി തന്നാല്‍ ഒരാവേശത്തോടെയാണ് ഞാനാമുഖം ക്യാമറയിലാക്കുക. ചിലര്‍ ഫോട്ടോ കണ്ടാല്‍ ഒന്നോടിച്ച് നോക്കും. മമ്മൂക്ക നോക്കുന്നതില്‍ ഒരു പ്രത്യേകത ഉണ്ടാകാറുണ്ട്. . എന്തും തുറന്നു പറയുന്ന പ്രകൃതമാണ് മമ്മൂക്കയില്‍ എന്നെ സ്വാധീനിച്ച ഘടകം. അകലെ നിന്ന് മമ്മൂക്കയെ കണ്ടുപഠിക്കാനാണ് എനിക്കേറെ താല്പര്യം.