വിവാഹം കഴിക്കാൻ ആഗ്രഹിച്ച പെണ്ണിനെ മറ്റൊരാൾ കല്യാണം കഴിച്ചു മുന്നിലൂടെ കൊണ്ടുപോകുന്നതു കാണുമ്പോഴുള്ള മാനസികാവസ്ഥ. കടപ്പുറത്തിന്റെ പശ്ചാതലത്തിൽ അച്ചൂട്ടിയെന്ന സാധാരണക്കാരനായ മുക്കുവന്റെ മാനസിക നില മൂവി ക്യാമറക്കുള്ളിലൂടെ കണ്ടപ്പോൾ എന്റെ മനസ്സും തകർന്നു. സംവിധായകൻ ഭരതൻ കട്ട് പറയുമ്പോഴാണ് തന്റെ മുന്നിൽ ക്യാമറയ്ക്ക് മുന്നിൽ നിൽക്കുന്നത് മമ്മൂട്ടിയെന്ന അതുല്യ പ്രതിഭയാണെന്ന തിരിച്ചറിവ് ഉണ്ടാകുന്നത്. അച്ചൂട്ടിയുടെ മനോവ്യാപാരം ചലനങ്ങളിലും ഭാവങ്ങളിലും പ്രതിഫലിപ്പിച്ചുകൊണ്ട് എന്റെ മനസ്സിനെ പിടിച്ചുലച്ച മമ്മൂട്ടി പിന്നീട് തിയേറ്ററിൽ എത്തിയ പ്രേക്ഷകരെയും എനിയ്ക്ക് സമമാക്കി മാറ്റി.
അമരം എന്ന സൂപ്പർ ഹിറ്റ് സിനിമയുടെ ചിത്രീകരണത്തിനിടെയുള്ള ഇത്തരത്തിലുള്ള വികാരനിർഭരമായ പല രംഗങ്ങളും ക്യാമറക്കണ്ണിലൂടെ നോക്കുമ്പോൾ മനസ്സിനെ പിടിച്ചു കുലുക്കുന്നതായിരുന്നു.
അമരം കഴിഞ്ഞു പാഥേയം, പിന്നീട് ഒരു തെലുങ്ക് ചിത്രം, ശേഷം കുഞ്ഞനന്തന്റെ കട, പത്തേമാരി.. ഇങ്ങിനെ അഞ്ചു ചിത്രങ്ങളാണ് ഞാൻ മമ്മൂട്ടിക്കൊപ്പം വർക്ക് ചെയ്തത്.
പരസ്പരം മനസ്സിലാക്കിയും സഹകരിച്ചുമുള്ള മമ്മൂട്ടിയുടെ പെരുമാറ്റം ആരെയും അല്ഭുതപ്പെടുത്തുന്നതാണ്. കഥാപാത്രത്തിനും ചിത്രത്തിന്റെ സാങ്കേതിക മികവിനും വേണ്ടി എന്ത് കോംപ്രമൈസും ചെയ്യാൻ അദ്ധേഹം തയ്യാറാണ്. അതാണ് ഒരു ടെക്നീഷ്യൻ, ഒരു കലാകാരനിൽ നിന്നും പ്രതീക്ഷിക്കുന്നതും.
മമ്മൂട്ടിയിൽ ഞാൻ കാണുന്ന മറ്റൊരു പ്രത്യേകത,മാനസിക സന്ന്ദ്ധതയ്ക്കു പുറമെ സാങ്കേതിക വിദ്യകളെക്കുറിച്ചുള്ള പരിജ്ഞാനമാണ്. മലയാളത്തിനു പുറമെ വിവിധ ഭാഷകളിൽ പ്രവർത്തിക്കാൻ കഴിഞ്ഞിട്ടുള്ള വ്യക്തി എന്ന നിലയിൽ എനിയ്ക്ക് വിവിധ ഇൻഡസ്ട്രികകളിലെ താരങ്ങളുമായി അടുത്തിടപഴകാൻ കഴിഞ്ഞിട്ടുണ്ട്. പലർക്കും സാങ്കേതിക വശങ്ങളെക്കുറിച്ച് വലിയ ധാരണയൊന്നും ഇല്ല എന്നതാണ് വസ്തുത. സംവിധായകനും ക്യാമറാമാനും പറയുന്നതുപോലെ ചെയ്യുകയെന്നല്ലാതെ അതിന്റെ ഗുണവശങ്ങളെക്കുറിച്ച് പഠിക്കാനോ ചിന്തിക്കാനോ ശ്രമിക്കാറില്ല. അതുകൊണ്ടുതന്നെ അങ്ങിനെയുള്ളവരോട് പുതിയ ടെക്നോളജിയെക്കുറിച്ച് വിശദീകരിക്കേണ്ട കാര്യവുമില്ല. എന്നാൽ മമ്മൂട്ടി ലോകസിനിമയിലുണ്ടാകുന്ന സാങ്കേതിക മാറ്റങ്ങളെക്കുറിച്ച് അപ്റ്റുഡേറ്റായി പഠിക്കുന്ന ആളാണ്. അതുകൊണ്ടുതന്നെ മമ്മൂട്ടിയുട് ഒരു കാര്യം പറയാൻ എളുപ്പമാണ്. കൂടുതൽ വിശദീകരണത്തിന്റെ ആവശ്യമില്ല.
വ്യക്തിപരമായി അടുക്കുന്നതിനേക്കാൾ പ്രൊഫഷണലായി അടുക്കാനാണ് ഞങ്ങൾ ശ്രമിച്ചിട്ടുള്ളത്. ഒരു കലാകാരൻ എന്നതിനേക്കാൾ വ്യക്തിപരമായി അടുത്തറിയുന്ന മമ്മൂക്ക ഒരു ശുദ്ധനാണെന്നതാണ്. ചെറിയ കാര്യങ്ങളിൽ ദേഷ്യപ്പെടുകയും അത് അപ്പോൾ തന്നെ പ്രകടിപ്പിക്കുകയും ചെയ്യും. അതുപോലെ തൊട്ടടുത്ത സമയം തന്നെ ചെറിയ കാര്യങ്ങളിൽ സന്തോഷം കണ്ടെത്തുകയും ചെയ്യും. റിയൽ ലൈഫിൽ ആക്ടിംഗില്ലാത്ത ഒരു നടനായിട്ടാണ് എനിക്കദ്ധേഹത്തെ കാണാൻ കഴിഞ്ഞിട്ടുള്ളത്. ഒന്നും മനസ്സിൽ ഒളിച്ചുവയ്ക്കില്ല. മനസ്സിൽ തോന്നുന്ന നീരസം അത് തുറന്നു പ്രകടിപ്പിക്കും. അത്തരത്തിലുള്ള പല സന്ദർഭങ്ങളും ലൊക്കേഷനിൽ ഉണ്ടാകാറുണ്ട്. അത് ആർക്കും ഒരു വെറുപ്പായി തോന്നാറില്ല. പ്രൊഫഷണൽ താല്പര്യമായിട്ടേ തൈന്റെ കാണാൻ കഴിയുകയുള്ളൂ. വ്യക്തിപരമയ കാര്യത്തിനല്ല അദ്ധേഹം ദേഷ്യപ്പെടുന്നത്. പലപ്പോഴും സിനിമയുടെ പൊതുവായ കാര്യത്തിനു കൂടിയായിരിക്കും. അതാണ് റിയൽ മമ്മൂട്ടിയിൽ ഒരു തരി കളങ്കവുമില്ല, അഭിനയവുമില്ല എന്ന് ഞാൻ പറഞ്ഞത്. അതുകൊണ്ടാണ് മലയാള സിനിമയുടെ നന്മയായി അദ്ധേഹം മാറുന്നത്.
