Connect with us

Hi, what are you looking for?

Star Chats

കാപട്യമില്ലാത്ത മനസ്സ് ; കരുതലുള്ള സ്നേഹം : സിദ്ദിഖ്‌

Siddique (Lal)

മമ്മൂക്കയും ഞാനും തമ്മിലുള്ള ബന്ധം ഞങ്ങള്‍ സിനിമയില്‍ എത്തും മുന്‍പേ തുടങ്ങിയതാണ്. മമ്മൂക്ക ലോ കോളേജില്‍ പഠിക്കുമ്പോള്‍ തന്നെ ഞാന്‍ മിമിക്രിയിലേക്ക് മെല്ലെ പ്രവേശിച്ചിരുന്നു.

ഒരിക്കല്‍ വൈപ്പിനു സമീപമുള്ള പൊന്നാരമംഗലത്ത് മിമിക്രി അവതരിപ്പിക്കാന്‍ ചെന്നപ്പോള്‍ സ്റ്റേജില്‍ രണ്ട് ചെറുപ്പക്കാര്‍ മിമിക്രി അവതരിപ്പിക്കുന്നു! ആരാണ് അവര്‍ എന്ന് അന്വേഷിച്ചപ്പോള്‍ ഭാരവാഹികള്‍ ആ പേര് പറഞ്ഞു- മമ്മൂട്ടി, ഷെറഫ്.

മമ്മൂക്കയുടെ അടുത്ത സുഹൃത്തയ ഷെറഫ്, അന്ന് അറിയപ്പെടുന്ന മിമിക്രി കലാകാരനും ഞങ്ങളുടെ അടുത്ത സുഹൃത്തുമായ അന്‍സാര്‍ കലാഭവന്റെ ജ്യേഷ്ഠനാണ്. മമ്മൂക്ക സിനിമയില്‍ അവസരം തേടി നടക്കുകയാണെന്നും ഷെറഫുക്കയാണ് കൂട്ടുപോന്നതെന്നും ഓരോ ദിവസവും എന്തെല്ലാം സംഭവിക്കുന്നുവെന്നും അന്‍സാര്‍ ഞങ്ങളെ അറിയിച്ചുകൊണ്ടിരുന്നു.

മമ്മൂക്കയുടെ നടനായിത്തീരാനുള്ള അടങ്ങാത്ത ആഗ്രവും അലച്ചിലും നിത്യവും കേട്ട് ഞങ്ങളും പ്രാര്‍ത്ഥിക്കാന്‍തുടങ്ങി, മമ്മൂക്കയുടെ ആഗ്രഹം സാധിച്ചുകൊടുക്കണേ എന്ന്.

അങ്ങിനെയിരിക്കെ ഒരു ഫിലിം മാഗസിനില്‍ മമ്മൂക്കയുടെ ഫോട്ടോ വന്നത് ഞങ്ങള്‍ കണ്ടു- വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍ എന്ന ചിത്രത്തിലേതായിരുന്നു അത്. കള്ളുകുടിച്ചു നടക്കുന്ന തല്ലിപൊളിയായ ഒരു ചെറുപ്പക്കാരനായാണ് മമ്മൂക്ക അതില്‍ അഭിനയിച്ചത്. ചെറിയ റോള്‍ ആയിരുന്നുവെങ്കിലും ജീവിതവുമായി ബന്ധമുള്ള ഒരു കഥാപാത്രം എന്ന നിലയില്‍ പടം കണ്ടവരൊക്കെ ആ നടനെ ശ്രദ്ധിച്ചു.

വര്‍ഷങ്ങള്‍ പിന്നിട്ടു… മമ്മൂക്ക മലയാള സിനിമയില്‍ താരമായി മാറി. നിന്നു തിരിയാന്‍ നേരമില്ലാത്തത്രയും തിരക്ക്. ഒരേ സമയം നാലഞ്ചു പടങ്ങളില്‍ നായകനായി അഭിനയിക്കുന്നു. ഞാനും ലാലും പാച്ചിക്കയുടെ (ഫാസില്‍ ) സഹായികളായി സിനിമയില്‍ പ്രവര്‍ത്തിക്കുന്ന സമയത്താണ് ഫാസില്‍ സാര്‍ മമ്മൂക്കയെ നായകനാക്കി പൂവിനു പുതിയ പൂന്തെന്നല്‍ എന്ന ചിത്രം ഒരുക്കുന്നത്. സ്വര്‍ഗചിത്ര അപ്പച്ചന്റെ ആദ്യ സിനിമയായിരുന്നു അത്. ഷൂട്ടിംഗ് നടക്കുന്നതിന്റെ ഇടയിലാണ് പാച്ചിയക്കയുടെ ബാപ്പ മരിക്കുന്നത്. ഓണത്തിനു റിലീസ് ചെയ്യേണ്ട പടം ആയതിനാലും മമ്മൂക്കയുടെ ഡേറ്റ് ക്ലാഷാകുമെന്നതിനാലും ഷൂട്ടിംഗ് നിര്‍ത്താന്‍ നിര്‍വാഹമില്ല. ഷൂട്ടിംഗിന്റെ കാര്യങ്ങള്‍ പാച്ചിക്ക ഞങ്ങളെ ഏല്പിച്ചു. മരണാനന്തര ചടങ്ങുകളുടെ ആദ്യഘട്ടം മൂന്നം ദിവസമാണ് അവസാനിക്കുക. അത്രയും ദിവസം പാച്ചിക്കയുടെ സ്ഥാനത്ത് അങ്കലാപ്പോടെയെങ്കിലും ഞങ്ങള്‍ക്ക് നില്‍ക്കേണ്ടി വന്നു.

ഞങ്ങള്‍ സീന്‍ വിവരിച്ച് മമ്മൂക്കയെ ക്യാമറക്കു മിന്നില്‍ നിര്‍ത്തി. അപ്പോള്‍ എവിടെയും പ്രകടമാക്കുന്ന തന്റെ സ്വതസിദ്ധമായ ശൈലിയില്‍ മമ്മൂക്ക പറഞ്ഞു, ”അസിസ്റ്റന്റുമാരാണല്ലേ പടമെടുക്കുന്നത്..ങാ..നടക്കട്ടെ”..

അങ്ങിനെ ഞാനും ലാലും ആദ്യമായി ഒരു ആര്‍ട്ടിസ്റ്റിന്റെ മുഖത്ത് ക്യാമറവയ്ക്കുന്നത് മമ്മൂക്കയുടെ മുഖത്തിനു നേര്‍ക്കായിരുന്നു. അതിന് യാദൃച്ഛികം എന്നതിനേക്കാള്‍ ദൈവനിശ്ചയം എന്നുപറയാനാണ് എനിക്കിഷ്ടം. പിന്നീട് ഞങ്ങള്‍ സ്വതന്ത്ര സംവിധായകരായി, അഞ്ചോളം ചിത്രങ്ങള്‍ ചെയ്ത ശേഷമാണ് മമ്മൂക്കയെ നായകനാക്കി ഒരു സിനിമയെടുക്കാന്‍ പദ്ധതി പ്ലാന്‍ ചെയ്യുന്നത്. മോഹന്‍ലാലിനെ നായകനാക്കി വിയറ്റ്‌നാം കോളനി എടുത്തുകഴിഞ്ഞപ്പോള്‍ പലരും ചോദിക്കാന്‍ തുടങ്ങി, ഇനി എപ്പോഴാ ഒരു മമ്മൂട്ടി ചിത്രം എന്ന്. സത്യത്തില്‍ മമ്മൂക്കയ്ക്ക് പറ്റിയ ഒരു കഥ റെഡിയാകാ ത്തതുകൊണ്ടാണ് വൈകിയത്.

അഞ്ചു സഹോദരിമാരെ കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിക്കുന്ന ഒരു ജ്യേഷ്ടന്‍ എന്ന ആശയം പിറന്നപ്പോഴാണ് ഞങ്ങളുടെ മനസ്സില്‍ ആ ജ്യേഷ്ഠ കതാപാത്രമായി മമ്മൂക്കയല്ലാതെ മറ്റാരും ഇല്ല എന്ന് തീരുമാനിക്കുന്നത്. അങ്ങിനെ ഹില്റ്റ്‌ലര്‍ എന്ന ചിത്രത്തിലേക്ക് ഞങ്ങള്‍ കടന്നു.

സ്വര്‍ഗചിത്ര അപ്പച്ചനായിരുന്നു നിര്‍മ്മാതാവായി വന്നത്. എന്നാല്‍ ഹിറ്റ്‌ലറുടെ ചര്‍ച്ച നടക്കുന്നതിനിടയില്‍ ഞാനും ലാലും തമ്മില്‍ സ്‌നേഹപൂര്‍വം തന്നെ വഴിപിരിയേണ്ട ഒരു സാഹചര്യം ഉണ്ടായി. അതോടെ അപ്പച്ചനുമായുള്ള ആ കരാര്‍ ഇല്ലാതായി. പിന്നീടാണ് ലാല്‍ നിര്‍മ്മാതാവായി എത്തുന്നത്.

കഥ പോലും കേള്‍ക്കാതെയാണ് മമ്മൂക്ക ഈ സിനിമയ്ക്ക് ഡേറ്റ് തന്നത് എന്നു പറഞ്ഞാല്‍ അതൊരു അതിശയമാകും. ഹിറ്റ്‌ലറുടെ കഥ പറയാന്‍ ചെന്നപ്പോള്‍ മമ്മൂക്ക എന്നോട് പറഞ്ഞത്, “കഥ എന്തുമായിക്കൊള്ളട്ടെ, സിദ്ധിഖിന്റെ കഥ ഏത് തരത്തിലുള്ളതാണെങ്കിലും കേള്‍ക്കാതെ തന്നെ ഞാന്‍ സ്വീകരിച്ചിരിക്കുന്നു. ക്യാമറക്കു മുന്നില്‍ സിദ്ദിഖ് എന്ത് പറയുന്നുവോ അത് ഞാന്‍ സിദ്ദിഖിന്റെ സംതൃപ്തിക്കൊത്ത് ചെയ്തിരിക്കും. ഞാന്‍ തയ്യാറായി നില്‍ക്കുന്നത് സിദ്ധിഖിന്റെ ഒരു സൂപ്പര്‍ഹിറ്റ് സിനിമയില്‍ അഭിനയിക്കാനാണ്. അതിന്റെ ഉത്തരവാദിത്തം സിദ്ധിഖിനാണ്.”

ഇതുകേട്ടപ്പോള്‍ അതുവരെ ഉണ്ടായിരുന്നതിനേക്കാള്‍ ഇരട്ടി ഉത്തരവാദിത്തമായി എനിക്ക് ആ സിനിമ മാറി. കഥ പോലും കെള്‍ക്കാതെ മമ്മൂക്കയെപ്പോലൊരു നടന്‍ നായകനായി അഭിനയിക്കുന്നു. അപ്പോള്‍ ആ സിനിമ വിജയിപ്പിക്കേണ്ട പൂര്‍ണ്ണം ഉത്തരവാദിത്തം അതിന്റെ സംവിധായകനാണ്.

പൊള്ളാച്ചിയായിരുന്നു ലൊക്കേഷന്‍. ഇതിനിടയില്‍ തമിഴ് സിനിമാരംഗത്തെ സമരം ചിത്രീകരണത്തെ ബാധിച്ചു. നടീനടന്മാരുടെ ഡേറ്റുകള്‍ ക്ലാഷായി. എന്നാല്‍ മമ്മൂക്ക നേരത്തെ ഏറ്റ ഒരു തമിഴ് പടം മാറ്റിവച്ചു രാപ്പകല്‍ ഹിറ്റ്‌ലറുടെ ഷൂട്ടിംഗില്‍ പങ്കെടുത്തു. മമ്മൂക്കയുടെ ആ ശ്രമഫലം കൊണ്ടാണ് ഹിറ്റലെ ഉദ്ദേശിച്ച രീതിയില്‍ തിയേറ്ററില്‍ എത്തിക്കാന്‍ കഴിഞ്ഞത്. ഒരു വിഷുക്കാലത്ത് എത്തിയ ഹിറ്റലര്‍ ചരിത്ര വിജയമായി മാറിയ കഥ ഞാന്‍ പ്രത്യേകം പറയേണ്ടതില്ലല്ലോ. പിന്നീട് മമ്മൂക്കയെ വച്ചെടുത്ത ക്രോണിക് ബാച്ചിലറും ഭാസ്‌കര്‍ ദി റാസ്‌കലും സൂപ്പര്‍ ഹിറ്റുകളായി.

എന്റെ വ്യക്തിപരമായ കാര്യങ്ങളില്‍ മമ്മൂക്കയ്ക്കുള്ള കരുതല്‍ എന്നെ അല്‍ഭുതപ്പെടുത്തിയിട്ടുണ്ട്.എന്റെ വീട് വയ്ക്കുന്ന കാര്യത്തിലും ഇടക്ക് രണ്ടുമൂന്നു ബിസിനസ്സുകളില്‍ ഏര്‍പ്പെട്ട് നഷ്ടം സംഭവിച്ചപ്പോള്‍ ശരിയായ ഉപദേശം തന്ന് എന്നെ സിനിമയില്‍ മാത്രം പിടിച്ചുനിര്‍ത്തിയതിലും ഒക്കെ മമ്മൂക്കയുടെ കരുതല്‍ വളരെ വലുതാണ്. കാപട്യമില്ലാത്ത മനസ്സും കരുതലുള്ള ആ സ്‌നേഹവും അനുഭവിപ്പിച്ച മമ്മൂക്കയ്ക്ക് ഇന്നും എന്റെ മനസ്സില്‍ ഒരു ജ്യേഷ്ഠ സഹോദരന്റെ സ്ഥാനമാണ്.

 

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles