Connect with us

Hi, what are you looking for?

Features

മാധവനെത്തേടിയെത്തുന്ന കൊച്ചുണ്ടാപ്രി- ‘കാഴ്ച’യ്ക്ക് ഹൃദ്യമായ ഒരു പുനരാഖ്യാനം

മലയാള സിനിമയ്ക്ക് പുതിയൊരു കാഴ്ചനുഭവം സമ്മാനിച്ച സിനിമയാണ് ‘കാഴ്ച’.

ബ്ലെസി എന്ന പ്രതിഭാധനയായ സംവിധായകനെ മലയാളത്തിനു സമ്മാനിച്ച ചിത്രം കൂടിയായിരുന്നു ‘കാഴ്ച’. ഈ ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിച്ച മാധവൻ അദ്ദേഹത്തിന്റെ നിത്യഹരിതങ്ങളായ കഥാപാത്രങ്ങളിൽ ഒന്ന് തന്നെയാണ്. കാഴ്ച വെള്ളിത്തിരയിലെത്തിയിട്ട് 16 വർഷങ്ങൾ പിന്നിടുമ്പോൾ സിനിമയ്ക്ക് ഹൃദ്യമായ പുനരാഖ്യാനവുമായി എത്തിയിരിക്കുകയാണ് ഡോ.തൻസീം ഇസ്മായിൽ. വർഷങ്ങൾക്ക് ശേഷം മാധവനെത്തേടിയുള്ള കൊച്ചുണ്ടാപ്രിയുടെ യാത്രയാണ്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂക്കേറ്റീവ് ആൻഡ് കൊഗ്നിറ്റീവ് ന്യൂറോസയൻസസിൽ പ്രോജക്റ്റ് സയൻ്റിസ്റ്റ് ആയ ഡോ.തൻസീം ഇസ്മായിൽ വരച്ചു കാട്ടുന്നത്.

കാഴ്ചക്കപ്പുറം
——————–

ആലപ്പുഴയിലെ ഹോട്ടൽ മുറിയിൽ നിന്നും ടാക്സിയിൽ എടത്വായിൽ എത്തുമ്പോൾ ഉച്ചതിരിഞ്ഞിരുന്നു. കാലത്തുള്ള ഫ്‌ളൈറ്റിൽ നെടുമ്പാശ്ശേരിയിൽ ഇറങ്ങി, ഹോട്ടലിൽ ഒരു ലഘു വിശ്രമത്തിനു ശേഷം പുറപ്പെട്ടതായിരുന്നു അയാൾ. ലക്ഷ്യസ്ഥാനമായ എടത്വ പള്ളിവരെ എത്തിച്ചേരാനായില്ല അയാളുടെ വണ്ടിക്ക്. അന്ന് പള്ളിയിലെ പ്രധാന തിരുനാൾ ദിവസമായിരുന്നു. പെരുന്നാൾ പുരുഷാരം പട്ടണവീഥികൾ കയ്യടക്കിയിരുന്നു. പോലീസ് സ്റ്റേഷന് മുന്നിൽ യാത്രികനെ ഇറക്കി ടാക്സിക്കാരൻ മടങ്ങി. വിശുദ്ധന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള തമിഴ്‌നാട്ടിൽ നിന്നുള്ള ഭക്തരുടെ പ്രദക്ഷിണം തെരുവുകളെ പ്രാർത്ഥനാനിർഭരമാക്കി കടന്നു പോകുന്നത് നോക്കി അയാൾ പാതയോരത്ത് ഒതുങ്ങി നിന്നു. വാറ്റ് ചാരായതിന്റെ ഗന്ധം മണത്ത ഏറ്റവും ഒടുവിലെ ആൾക്കൂട്ടത്തിന് പിന്നാലെ ആയാളും നടന്ന് തുടങ്ങി. കാലുറക്കാതെ അവരും ഉറച്ച മനസ്സോടെ ആയാളും ഒരേ ലക്ഷ്യത്തിലേക്ക് നീങ്ങി. എടത്വ സെന്റ് ജോർജ് പള്ളി!

കലങ്ങിമറിഞ്ഞു കുത്തിയൊലിച്ച് കാണെക്കാണെ പെരുകിപ്പെരുകി വരുന്ന മലവെള്ളത്തിന്റെ കുത്തുന്ന തണുപ്പ് അയാളുടെ ശരീരത്തിലും, ഒരു പിഞ്ചുബാലികയുടെ ലോലകരങ്ങളുടെ നനുത്ത സ്പർശം അയാളുടെ പാദങ്ങളിലെ അനുഭപ്പെട്ടുകൊണ്ടേയിരുന്നു. മേടച്ചച്ചൂടിൽ ഉരുകിയൊലിക്കുന്ന ആ ആൾക്കൂട്ടത്തിന് നടുവിൽ നിൽക്കുമ്പോഴും!

******

ഹൈദരാബാദ് ഉസ്മാനിയ യൂണിവേഴ്സിറ്റിയിലെ കമ്യൂണിക്കേഷൻ ആൻഡ് ജേർണലിസം ബിരുദാനന്തര വിദ്യാർത്ഥിയായിരുന്ന പവൻ എന്ന അയാൾക്ക്, കോഴ്സിന്റെ ഭാഗമായി “പ്രളയാതിജീവനത്തിലെ മാനുഷിക മാനങ്ങൾ- ഒരു കേരള പഠനം” എന്നൊരു പ്രബന്ധം തയ്യാറാക്കേണ്ടതുണ്ടായിരുന്നു.ഏതാനും വർഷങ്ങളായി, കൃത്യമായി പറഞ്ഞാൽ രുചിക ചക്രവർത്തിയുമൊത്ത്, അവളുടെ പത്തൊൻപതാം ജന്മനാളിൽ, ഒരു ബാവർച്ചി ബിരിയാണിക്ക് ശേഷം നെക്ക്ലേസ് റോഡ് പ്രസാദ്‌സിൽ “ലയൺ” എന്നൊരു ഓസ്‌ട്രേലിയൻ ഇംഗ്ലീഷ് സിനിമ കണ്ടപ്പോൾ മുതൽ, പ്രളയ ജലത്തിന്റെ കുത്തുന്ന തണുപ്പും പാദങ്ങളിലെ നനുത്ത സ്പർശവും ഇടയ്ക്കിടെ അനുഭവപ്പെട്ടിരുന്ന അയാൾ, കേരളത്തിലേക്കുള്ള ആ യാത്ര ഒരു നിമിത്തമായി കരുതി.

അന്ന് പ്രസാദ്‌സിലെ കപ്പിൾസ് സീറ്റിൽ മുട്ടിയുരുമ്മിയിരുന്ന കൂട്ടുകാരിയുടെ സാന്നിധ്യം പോലും അയാൾ ഒരു വേള മറന്നു. മധ്യപ്രദേശിന്റെ അതിർത്തി ജില്ലകളിൽ എവിടെയോ ഉൾനാട്ടിലെ ഏതോ അവികസിത ഗ്രാമത്തിൽ നിന്നും ആകസ്മികമായൊരു തീവണ്ടിയിൽ കുടുങ്ങി, അതി വിദൂരതയിലെ കൊൽക്കത്ത മഹാനഗരത്തിൽ ഒറ്റപ്പെട്ടുപോയൊരു കുരുന്നു ബാലൻ, അഞ്ചു വയസ്സുകാരൻ, കാലങ്ങൾക്കും കടലുകൾക്കുമപ്പുറം മറ്റൊരു വൻകരയിലിരുന്ന്, തന്റെ സ്വന്തം ഗ്രാമവും ജനയിതാക്കളേയും കണ്ടെത്തുന്ന അമ്പരിപ്പിക്കുന്ന കഥ. തിരശീലയിൽ പകർന്നാടുന്നത്ത് സ്വജീവിതം തന്നെ എന്ന് അയാൾക്ക് തോന്നി. നിലാവുള്ള രാത്രികളിൽ കച്ചിലെ ഉപ്പളങ്ങളിൽ പ്രതിഫലിക്കുന്ന ചാന്ദ്രവെളിച്ചം പോലെ, നരച്ച ഓർമകളുടെ നനുത്ത വെട്ടം അയാളുടെ ഭൂതകാലത്തിലേക്ക് ചിതറിവീണു!

അന്നുവരെ ഇടയ്ക്കു വല്ലപ്പോഴും കൊള്ളിയാൻ പോലെ മിന്നിമറയുന്ന സ്ഫുലിംഗങ്ങളായിരുന്നു അയാൾക്ക് ഓർമ്മയുറക്കാത്ത പ്രായത്തിലെ ആ ഓർമ്മത്തുണ്ടുകൾ എങ്കിൽ, അതിനു ശേഷം ആ പെരുവെള്ളക്കുളിരും പാദസ്പർശവും അയാളെ കൂടെക്കൂടെ അലോസരപ്പെടുത്തിയിരുന്നു. മധ്യകാല യൂറോപ്യൻ നിർമ്മിതികളെ അടയാളപ്പെടുത്തുന്ന എടുപ്പുകളും കെട്ടുകളുമുള്ള, ജലാശയങ്ങളാൽ വലയപ്പെട്ട ഒരു ഗംഭീര ദേവാലയം അയാളുടെ അവ്യക്തമായ ഓർമ്മകളിൽ ഫിലിം ഡിവിഷന്റെ ഏതോ പഴയ ചിത്രം കണക്കേ മങ്ങിയും ഇടറിയും തെളിഞ്ഞു കൊണ്ടിരുന്നു. കുത്തഴിഞ്ഞു കെട്ടുപിണഞ്ഞു അഴിയാക്കുരുക്കായ പഴയൊരു സിനിമാ റീലുകണക്കേ അലങ്കോലമായിപ്പോയ അയാളുടെ ജീവിതത്തെ, അവധാനതയോടെ കുരുക്കഴിച്ച് ഒട്ടിച്ചുചേർത്തിണക്കി അനസ്യൂതമായൊരു കഥ തിരശീലയിൽ മെനഞ്ഞ, കരുണയുടെ ആൾരൂപമായ ഒരു നിസ്സഹായ മുഖവും!

കൊടിയ അപസ്മാര ബാധിതനെപ്പോലെ വിറച്ചുലഞ്ഞ ഭൂമി, റാൻ ഓഫ് കച്ചിനെ തകർത്തെറിഞ്ഞു മാസങ്ങൾക്ക് ശേഷം, ഭുജ്‌ജിൽ നിന്നും അവന്റെ അച്ഛന്റെ മൂത്ത സഹോദരൻ, ഹൈദരാബാദ് കാലാവസ്ഥ ഗവേഷണ കേന്ദ്രത്തിലെ ഒരു ഉദ്യോഗസ്ഥൻ, അവനെ കണ്ടെത്തുമ്പോൾ മണ്ണിൽ നിന്നും അപസ്മാരം അവന്റെ മനസ്സിലും കുടിയേറിയിരുന്നു. അദ്ദേഹത്തിന്റെ കുടുംബത്തോടൊപ്പമാണ് പവനും, പിന്നെയും നാളുകൾക്ക് ശേഷം ഭാവ്നഗറിലെ അഭയാർത്ഥി ക്യാമ്പിൽ നിന്നും വീണ്ടെടുത്ത അവന്റെ അനിയത്തി പായലും വളർന്നത്. “ജുഗുനൂരേ ജുഗുനൂരേ” എന്ന മിന്നാമിനുങ്ങുകളുടെ മധുരഗീതം പാടിയ അവരുടെ അച്ഛനമ്മമാർ പക്ഷേ, അപ്പോഴും കാണാമറയത്ത് ഓർമ്മയിലെ മിന്നാമിനുങ്ങുകളായി തുടർന്നു.സ്‌മൃതിപഥത്തിലെ “അപ്പൂപ്പൻ” എന്നൊരു പദവും, ഉൾനാടൻ ജലാശയങ്ങളും, നിറയെ യാത്രികരുള്ള ഒരു ബോട്ടും അവന്റെ അന്വേഷണങ്ങളെ കേരളത്തിലേക്കും, പിന്നെ കുട്ടനാട്ടിലേക്കും എത്തിച്ചു. സിനിമയിലെ നായകനെപ്പോലെ, ജലാശയങ്ങളാൽ ചുറ്റപ്പെട്ട ക്രിസ്തീയ ദേവാലയങ്ങൾ അയാൾ ഉപഗ്രഹ ചിത്രങ്ങളിൽ തിരഞ്ഞുകൊണ്ടേയിരുന്നു.

രുചികയുടെ ഇരുപതാം പിറന്നാൾ പാർട്ടിയിൽ പങ്കെടുത്ത് റൂമിൽ തിരിച്ചെത്തിയ ആ രാത്രിയിലാണ്, തൊട്ടുമുൻപിലൊഴുകുന്ന നദിക്കു കുറുകേ ഇരു വശങ്ങളിലും പാലങ്ങളുള്ള ഒരു പള്ളി പവന്റെ ശ്രദ്ധയിലുടക്കിയത്. പാലത്തിനിടയിലൂടെ ഒഴുകി നീങ്ങിയ ഒരു യാത്ര ബോട്ടും, പള്ളിയുടെ സമീപത്തായി കാണപ്പെട്ട വിശാലമായൊരു മൈതാനവും അയാളുടെ ഓർമകളുടെ അറകൾ പതിയെ തുറന്നു. തിരഞ്ഞു തിരഞ്ഞു, പമ്പ നദിയുടെ തീരത്തെ ദേവാലയത്തിന്റെ ഫോട്ടോ കണ്ട ആ നിമിഷം, അവനിൽ തിരശീലയിൽ വെള്ളിവെളിച്ചത്തിലെന്ന പോലെ കരുണാർദ്രമായ ആ മുഖം കൂടുതൽ വ്യക്തമായി തെളിഞ്ഞു. മയങ്ങിക്കിടന്ന കോടാനുകോടി ന്യൂറോണുകൾ ഞെട്ടിയുണർന്ന്, “ഓപ്പറേറ്റർ” എന്നൊരു സംജ്ഞയെ അവന്റെ ചിന്താമണ്ഡലത്തിലേക്ക് പായിച്ചു.

****

 

തീർത്ഥാടക സംഘങ്ങൾക്ക് പുറകേ പള്ളി പരിസരത്തേക്ക് എത്തിയ അയാൾക്ക് ലക്ഷ്യസ്ഥാനം തെറ്റിയിട്ടില്ല എന്ന് മനസ്സിലായി. വിശാലമായ മുറ്റത്ത് ടൈലുകൾ വിരിച്ചതൊഴിച്ചാൽ പള്ളിക്കെട്ടിടങ്ങൾക്ക് അത്രയേറെ മാറ്റങ്ങളൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ, പള്ളി പരിസരമൊഴികെ, മറ്റൊന്നും, മറ്റാരും അയാൾക്ക് പരിചിതമായി തോന്നിയില്ല. അപരിചിതർ എമ്പാടും എത്തുന്ന തിരുനാൾ ദിവസം ആരും അയാളെ ശ്രദ്ധിച്ചതേയില്ല!

ഒടുവിൽ, മറ്റ് ഇവിടെയും എന്നപോലെ, ഗ്രാമവിശേഷങ്ങളുടെ കലവറയായ പഴമ തോന്നിക്കുന്ന ഒരു ചായപ്പീടിക അയാൾ കണ്ടെത്തി. തിരക്കൊഴിഞ്ഞ നേരത്ത്, കുടവയറിന്മേൽ കുരിശുമാല കുന്തിച്ച് നിന്ന, ഉടമയെന്ന് തോന്നിച്ചയാളോട് ശുദ്ധഹിന്ദിയിൽ പവൻ ഓപ്പറേറ്ററെ അന്വേഷിച്ചു. കാലങ്ങളായി കവലയിൽ കച്ചവടം നടത്തിയിരുന്ന കുഞ്ഞുവർക്കി ചേട്ടന്, മാധവനെ പെട്ടെന്ന്തന്നെ മനസ്സിലായി. എന്നാൽ, വർഷങ്ങൾക്ക് മുന്നേ തന്നെ വീടും സ്ഥലവുമൊക്കെ ഏതോ റിസോർട് മുതലാളിക്ക് മോഹവിലക്ക് വിറ്റു, മാധവനും കുടുംബവും കിഴക്കൻ മലയോരങ്ങളിൽ എവിടെയോ ചേക്കേറി എന്ന വിവരമാണ് അയാൾക്ക് പറയാനുണ്ടായിരുന്നത്. ശുദ്ധ ഹിന്ദിയിൽ തന്നെ! മാധവൻ ചെയ്തിരുന്ന “ടൂറിങ് ടാക്കിസ് ഓപ്പറേറ്റർ” എന്ന തൊഴിൽ എന്നേ ചരിത്രാതീതമായിരുന്നു!

പുറപ്പാടിന്റെ ആദ്യ വർഷങ്ങളിൽ, തിരുനാൾ ദിവസം തിരിച്ചെത്തിയിരുന്നതൊഴിച്ചാൽ, മാധവൻ ആ നാട്ടിലേക്ക് വന്നിട്ട് കാലമേറെ ആയിരുന്നു. ആർക്കും അയാളെപ്പറ്റി ഒരറിവും ഉണ്ടായിരുന്നില്ല. കാര്യങ്ങൾ വിശദമായി ചോദിച്ചറിഞ്ഞ കുഞ്ഞുവർക്കി ചേട്ടന്, പവനെ എങ്ങനേയും സഹായിക്കണമെന്ന് തോന്നി. അയാൾ വാർഡ് മെമ്പർ ലൂക്കാച്ചനെ വിളിച്ച് വരുത്തി. എന്നാൽ മെമ്പർക്കും മാധവന്റെ വർത്തമാനകാലത്തെക്കുറിച്ച് കൂടുതലൊന്നും അറിവുണ്ടായിരുന്നില്ല. മെമ്പറുമൊത്ത് പള്ളിമേടയും, പഴയ വീടിന്റെ സമീപപ്രദേശങ്ങളും, മലവെള്ളപ്പാച്ചിലിൽ നിന്നും മാധവന്റെ മോളെ കാലുകളിൽ കോർത്ത് അവൻ രക്ഷിച്ച കൈത്തോടുമൊക്കെ നടന്നു കണ്ട അയാൾക്ക് കൂടുതൽ വിവരങ്ങൾ ഒന്നുമേ ലഭിച്ചില്ല.

അടുത്ത രണ്ട് ദിവസം കൂടി പവൻ എടത്വാ പ്രദേശത്ത് ചിലവഴിച്ച്, തന്റെ പഠനാർത്ഥമുള്ള വിവരങ്ങളും സാമഗ്രികളും ശേഖരിച്ചു. മാധവനും കുടുംബവും അപ്പോഴും നാട്ടുകാരുടെ സ്‌മൃതിപഥങ്ങക്കപ്പുറം നിലകൊണ്ടു. ഒടുവിൽ, മടങ്ങാൻ നേരം പവൻ, പള്ളിക്ക് എതിർവശം നദിക്കു അക്കരെ പാർട്ടി ഓഫീസിന്റെ ഒന്നാം നിലയിലുള്ള ലൂക്കാച്ചനറെ ഓഫീസിൽ എത്തി. ഉപകാരങ്ങൾക്ക് നന്ദി രേഖപ്പെടുത്തി, വിടപറയാൻ നേരം, അവന്റെ ഫോൺ നമ്പറും, ഇമെയിലും, വിലാസവും ഒരു നോട് പാടിന്റെ കീറിൽ എഴുതി മെമ്പറെ ഏൽപ്പിച്ചു. എന്നെങ്കിലും ഒരിക്കൽ മടങ്ങിയെത്തിയേക്കാവുന്ന ഓപ്പറേറ്റർക്ക് കൈമാറുവാൻ!

മെമ്പറോട് യാത്ര പറഞ്ഞ്, കെട്ടിടത്തിന്റെ പടിക്കെട്ടുകൾ ഇറങ്ങുമ്പോൾ, ബാഗിൽ ഉണ്ടായിരുന്ന ഒരു ഹൈദരാബാദ് പേൾ മാലയുടെ കിലുക്കം, പണ്ട് തന്റെ കുഞ്ഞിപ്പെങ്ങൾ പായലിന് തിളങ്ങുന്ന മുത്തുമാല സമ്മാനിച്ച ആ പെൺകുട്ടിയോടുള്ള കടം, ഒരു വിലാപം പോലെ പവന് തോന്നിച്ചു. അതേസമയം, പാതി തുറന്ന വാതിലിലൂടെ അരിച്ചെത്തിയ ഒരു ഇളം കാറ്റ്, മെമ്പറുടെ മേശമേലിരുന്ന ലോലമായ ആ കടലാസ് കഷണത്തെ ജനാലയിലൂടെ ഊഞ്ഞാലാട്ടി പാറിപ്പറത്തി, താഴെ പുണ്യനദിയുടെ ജലപ്പരപ്പിൽ പതിപ്പിച്ചു. അൽപനേരം കുഞ്ഞോളങ്ങളിൽ തത്തിക്കളിച്ച ആ സ്നേഹത്തുണ്ട്, പതിയെ നദിയുടെ ആഴങ്ങളിൽ വിലയം പ്രാപിച്ചു.

മടങ്ങുംവഴിയിൽ, കാലവർഷപ്പെരുവെള്ളപ്പാച്ചിലിന്റെ ആ കുത്തലും കാൽപെരുവിരലിലെ ആ പിടച്ചിലും അയാൾ വീണ്ടും അനുഭവിച്ചു. അവന്റെ ഉള്ളിലെവിടെയോ അനാഥത്വം പോലൊന്ന് വീണ്ടും നിറഞ്ഞു!

#ഡോ.തൻസീം ഇസ്മായിൽ

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles